ADVERTISEMENT

സാഹചര്യങ്ങൾ പ്രതികൂലമായതോടെ വാഹന വിൽപന കുറഞ്ഞെങ്കിലും വിപണി വിഹിതത്തിൽ കാര്യമായ ഇടിവു തട്ടാതെ മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ്(എം എസ് ഐ എൽ). 2019 – 20ലെ വിൽപന കണക്കെടുപ്പിൽ ദക്ഷിണ കൊറിയൻ നിർമാതാക്കളായ ഹ്യുണ്ടേയ് മോട്ടോർ ഇന്ത്യ ലിമിറ്റഡ്(എച്ച്എംഐഎൽ) തന്നെയാണു മാരുതി സുസുക്കിക്കു പിന്നിൽ രണ്ടാം സ്ഥാനത്ത്. മുൻ സാമ്പത്തിക വർഷം  ടാറ്റ മോട്ടോഴ്സിന്റെ യാത്രാവാഹന വിൽപന ഗണ്യമായി കുറഞ്ഞതോടെ മഹീന്ദ്ര ആൻഡ് മഹീന്ദ്ര(എം ആൻഡ് എം)യ്ക്കാണു മൂന്നാം സ്ഥാനം. 

സാമ്പത്തിക മേഖലയിലെ തിരിച്ചടികൾ വാഹന വിപണിയിക്കും വെല്ലുവിളി സൃഷ്ടിച്ചതോടെ 2019 – 20ലെ വിൽപനയിൽ മാരുതി സുസുക്കിക്ക് മുൻവർഷത്തെ അപേക്ഷിച്ച് 17% ഇടിവു നേരിട്ടു. അതേസമയം ടാറ്റ മോട്ടോഴ്സിന്റെ വിൽപനയിൽ രേഖപ്പെടുത്തിയത് 43% ഇടിവാണ്. കഴിഞ്ഞ സാമ്പത്തിക വർഷം 14,36,124 വാഹനങ്ങളാണു മാരുതി സുസുക്കി വിറ്റത്, 2018 – 19ൽ 17,29,826 യൂണിറ്റ് വിറ്റ സ്ഥാനത്താണിത്. സ്പോർട് യൂട്ടിലിറ്റി വാഹനമായ വിറ്റാര ബ്രേസയും പ്രീമിയം ഹാച്ച്ബാക്കായ ബലേനൊയും മികവു കാട്ടിയെങ്കിലും സെഡാനായ സിയാസിന്റെയും എൻട്രി ലവൽ മോഡലായ ഓൾട്ടോയുടെയും പ്രകടനം മങ്ങിയതു മാരുതി സുസുക്കിക്കു തിരിച്ചടിയായി. 

രണ്ടാം സ്ഥാനത്തുള്ള ഹ്യുണ്ടേയ് മോട്ടോറിന്റെ വിൽപനയാവട്ടെ 4,85,309 യൂണിറ്റാണ്. എസ്‌യുവി വിഭാഗത്തിലെ മികവാണു കമ്പനിക്കു നേട്ടം സമ്മാനിച്ചത്. യൂട്ടിലിറ്റി വാഹന നിർമാതാക്കളായ മഹീന്ദ്ര ആൻഡ് മഹീന്ദ്ര 2019 – 20ൽ 1,86,978 യൂണിറ്റ് വിൽപ്പനയോടെയാണു മൂന്നാം സ്ഥാനത്തെത്തിയത്. 1,31,197 യൂണിറ്റ് വിൽപ്പന രേഖപ്പെടുത്തിയ ടാറ്റ മോട്ടോഴ്സിനു നാലാം സ്ഥാനം കൊണ്ടു തൃപ്തിപ്പെടേണ്ടി വന്നു. പുത്തൻ അവതരണങ്ങളായ മരാസൊയും ഓൾട്ടുറാസുമൊന്നും പ്രതീക്ഷിച്ച പ്രകടനം കാഴ്ചവച്ചില്ലെങ്കിലും പഴയ പടക്കുതിരകളായ ബൊലേറൊ, സ്കോർപിയൊ, എക്്സ്‌യുവി 500 തുടങ്ങിയവ മികവ് നിലനിർത്തിയതാണു മഹീന്ദ്രയ്ക്കു തുണയായത്. 

ഇന്ത്യൻ യാത്രാവാഹന വിപണിയിൽ 51% വിഹിതം നിലനിർത്താൻ സാധിച്ചതായി മാരുതി സുസുക്കി ഇന്ത്യ എക്സിക്യൂട്ടീവ് ഡയറക്ടർ (മാർക്കറ്റിങ്) ശശാങ്ക് ശ്രീവാസ്തവ അവകാശപ്പെട്ടു. കഴിഞ്ഞ ജനുവരി – മാർച്ച് കാലത്തെ വിൽപനയിലാവട്ടെ വിപണി വിഹിതം 52% പിന്നിട്ടതായും അദ്ദേഹം വെളിപ്പെടുത്തി. കാറുകളുടെയും വാനുകളുടെയും വിൽപനയിൽ നേട്ടം കൊയ്യാൻ മാരുതിക്കു സാധിച്ചെന്നും അദ്ദേഹം വിശദീകരിച്ചു.  വിപണിയുടെ ചലനങ്ങൾ മുൻകൂട്ടി തിരിച്ചറിയുന്നതിലും പെട്രോൾ എൻജിനുകളിലേക്കു ശ്രദ്ധ പരിമിതപ്പെടുത്തുന്നതിലും കാട്ടിയ മികവാണു മാരുതി സുസുക്കിക്കു തുണയായതെന്നാണു വിദഗ്ധരുടെ വിലയിരുത്തൽ. ഒപ്പം വിൽപന, വിൽപ്പനാന്തര സേവന ശൃംഖല വിപുലീകരിച്ചതും കമ്പനിക്കു ഗുണം ചെയ്തു. 

അതേസമയം കൊറിയൻ ഉപസ്ഥാപനമായ സാങ്‌യോങ്ങിന്റെ ശ്രേണിയിലെ ടിവൊലി പ്ലാറ്റ്ഫോം അടിത്തറയാക്കി സാക്ഷാത്കരിച്ച കോംപാക്ട് എസ്‌യുവിയായ എക്സ്‌യുവി 300 ഇന്ത്യയിൽ മികച്ച സ്വീകാര്യത കൈവരിച്ചതും മഹീന്ദ്രയ്ക്കു നേട്ടമായി. അടുത്ത നാലു വർഷത്തിനിടെ ഡസനിലേറെ പുതിയ മോഡലുകൾ അവതരിപ്പിക്കാൻ തയാറെടുക്കുന്ന ടാറ്റ മോട്ടോഴ്സിനു പക്ഷേ വിപണിയുടെ മനം കവരാൻ പ്രാപ്തിയുള്ള വാഹനങ്ങളുടെ അസാന്നിധ്യമാണു തിരിച്ചടിയായത്. അതേസമയം നവാഗതരായ എം ജി ഹെക്ടറും കിയ ‘സെൽറ്റോസു’മൊക്കെ ഇന്ത്യയിൽ സാന്നിധ്യം ഉറപ്പിക്കുകയും ചെയ്തു. 

English Summary: Maruti maintains pole position in PV sales in FY20

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com