ADVERTISEMENT

അരങ്ങേറ്റത്തിനൊരുങ്ങുന്ന പുത്തൻ സിറ്റിയുടെ നിർമാണത്തിന് തുടക്കമായതായി ഹോണ്ട കാഴ്സ് ഇന്ത്യ ലിമിറ്റഡ്(എച്ച്സിഐഎൽ). ഉത്തർ പ്രദേശിലെ ഗ്രേറ്റർ നോയ്ഡയിലെ ശാലയിൽ നിന്നാവും സിറ്റിയുടെ അഞ്ചാം തലമുറ നിരത്തിലെത്തുക.  ഹോണ്ടയെ സംബന്ധിച്ചിടത്തോളം ഇന്ത്യയിലെ മോഡൽ ശ്രേണിയിൽ ഏറ്റവും വിജയം കൊയ്ത മോഡലുകളിലൊന്നാണു സിറ്റി. 1998 ജനുവരിയിലാണു സിറ്റി ഇന്ത്യയിൽ വിൽപനയ്ക്കെത്തുന്നത്. 2003 നവംബറിൽ രണ്ടാം തലമുറ സിറ്റി ഇന്ത്യയിലെത്തി. 

new-honda-city-production-begins-in-India
Honda City

അഞ്ചു വർഷത്തിനു ശേഷം 2008 സെപ്റ്റംബറിലായിരുന്നു മൂന്നാം തലമുറ സിറ്റിയുടെ വരവ്. 2014 ജനുവരിയിൽ അരങ്ങേറിയ നാലാം തലമുറ സിറ്റിയാണു നിലവിൽ ഇന്ത്യയിൽ വിൽപനയ്ക്കുള്ളത്. ഇതുവരെ എട്ടു ലക്ഷത്തോളം സിറ്റി കാറുകൾ ഇന്ത്യയിൽ വിറ്റിട്ടുണ്ടെന്നാണു ഹോണ്ടയുടെ അവകാശവാദം. ഈ വിഭാഗത്തിലെ ഏറ്റവും നീളമേറിയതും വീതിയേറിയതുമായ സെഡാൻ എന്നാണ് അഞ്ചാം തലമുറ സിറ്റിയെ ഹോണ്ട പരിചയപ്പെടുത്തുന്നത്. 1.5 ലീറ്റർ ഐവി ടെക് ഡിഒഎച്ച്സി പെട്രോൾ, 1.5 ലീറ്റർ, ഐഡിടെക് ഡീസൽ എൻജിനുകളോടെയാവും പുതിയ സിറ്റിയുടെ വരവ്. ഇന്ത്യയിൽ അലെക്സ റിമോട്ട് കേപ്പബിലിറ്റി സഹിതമെത്തുന്ന ആദ്യ കണക്റ്റഡ് കാറുമാവും സിറ്റിയെന്നു ഹോണ്ട പ്രഖ്യാപിക്കുന്നു. ടെലിമാറ്റിക്സ് കൺട്രോൾ യൂണിറ്റ് സഹിതമുള്ള അടുത്ത തലമുറ ഹോണ്ട കണക്റ്റും കാറിലുണ്ട്. 

പൂർണമായും എൽ ഇ ഡി ഹെഡ്‌ലാംപ്, സെഡ് ആകൃതിയിലുള്ള റാപ് എറൗണ്ട് എൽ ഇ ഡി ടെയിൽ ലാംപ്, 17.7 സെ. മീ. ഹൈ ഡഫനിഷൻ ഫുൾ കളർ ടി എഫ് ടി മീറ്റർ, ലെയ്ൻ വാച്ച് കാമറ, വെഹിക്കിൾ സ്റ്റെബിലിറ്റി അസിസ്റ്റ്(വിഎസ്എ), അജൈൽ ഹാൻഡ്‌ലിങ് അസിസ്റ്റ്(എഎച്ച്എ) തുടങ്ങിയവയും പുതിയ കാറിൽ കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്.‌

അടുത്ത മാസം അവതരണത്തിനൊരുങ്ങുന്ന അഞ്ചാം തലമുറ സിറ്റിയുടെ നിർമാണത്തിനാണു ഗ്രേറ്റർ നോയ്ഡ ശാലയിൽ തുടക്കമായതെന്നു ഹോണ്ട കാഴ്സ് സീനിയർ വൈസ് പ്രസിഡന്റും ഡയറക്ടറുമായ രാജേഷ് ഗോയൽ വെളിപ്പെടുത്തി. നാലു തലമുറകളിലായി 22 വർഷം നീണ്ട പ്രൗഢ പാരമ്പര്യത്തിന്റെ പകിട്ടോടെയാവും പുത്തൻ സിറ്റിയുടെ വരവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 

English Summary: New Honda City Production Begins Ahead of July Launch

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com