sections
MORE

ഇതുവരെ കണ്ടത് ട്രെയിലർ; അടുത്ത 4 വർഷത്തിൽ 8 വാഹനങ്ങൾ പുറത്തിറക്കാന്‍ നിസ്സാൻ

nissan-compact-suv
Nissan Compact SUV
SHARE

വരുന്ന നാലു വർഷത്തിനിടെ പശ്ചിമേഷ്യയും ആഫ്രിക്കയും ഇന്ത്യയുമടക്കമുള്ള വിപണികളിൽ എട്ടു പുതിയ മോഡലുകൾ അവതരിപ്പിക്കാൻ ജാപ്പനീസ് നിർമാതാക്കളായ നിസ്സാൻ ഒരുങ്ങുന്നു. ഇന്ത്യയിൽ ഫ്രഞ്ച് പങ്കാളിയായ റെനോയുമായി സഹകരിച്ചാണു നിസ്സാൻ പുത്തൻ കോംപാക്ട് എസ്‌യുവികളും സെഡാനുകളും അവതരിപ്പിക്കുക.അടുത്ത വർഷം ആദ്യത്തോടെ നിസ്സാന്റെ പുത്തൻ കോംപാക്ട് എസ് യു വിയായ മാഗ്‌നൈറ്റ് വിൽപനയ്ക്കെത്തുമെന്നാണു പ്രതീക്ഷ. 

ഇക്കൊല്ലം വിപണിയിലെത്തേണ്ട കാറിന്റെ അരങ്ങേറ്റം കൊറോണ വൈറസ് ബാധ സൃഷ്ടിച്ച വെല്ലുവിളി പരിഗണിച്ച് 2021 ജനുവരിയിലേക്കു നീട്ടുകയായിരുന്നു. അതേസമയം, മാഗ്‌നൈറ്റുമായി പ്ലാറ്റ്ഫോം പങ്കിടുന്ന റെനോ കിഗെർ ഇക്കൊല്ലത്തെ ഉത്സവകാലത്തു തന്നെ ഇന്ത്യയിൽ വിൽപ്പനയ്ക്കെത്തും. പ്ലാറ്റ്ഫോം സമാനമെങ്കിലും കിഗെറിന്റെയും മാഗ്‌നൈറ്റിന്റെയും രൂപകൽപ്പനാ ശൈലി തീർത്തും വ്യത്യസ്തമാവും. ഭാവിയിൽ അവതരിപ്പിക്കുന്ന സെഡാനുകളുടെയും പ്ലാറ്റ്ഫോം ഒന്നാവുമെങ്കിലും വ്യത്യസ്ത രൂപത്തിലാവും റെനോയും നിസ്സാനും വിൽപ്പനയ്ക്കെത്തിക്കുക.

ആഗോള വാഹന വിൽപ്പനയുടെ 10 ശതമാനത്തോളമാണ് ആഫ്രിക്കയും മധ്യ പൂർവ മേഖലയിലെ രാജ്യങ്ങളും ഇന്ത്യയും ചേരുന്ന എഎംഐ സംഭാവന ചെയ്യുന്നത്. ഏകീകരണത്തിനും മുൻഗണന നിർണയത്തിനുമൊപ്പം തന്ത്രപ്രധാന മോഡലുകളിലും സാങ്കേതികവിദ്യകളിലും ശ്രദ്ധയൂന്നാനുമാണു ആഗോളതലത്തിൽ നിസ്സാൻ തയാറാക്കിയിരിക്കുന്ന ബിസിനസ് പദ്ധതി. എ എം ഐയിലും സമാന തന്ത്രം പയറ്റാനാണു നിസ്സാന്റെ നീക്കം.ആഫ്രിക്ക–മിഡിൽ ഈസ്റ്റ്–ഇന്ത്യ മേഖലയിൽ എസ് യു വികൾ പോലെ നിലവിൽ കമ്പനിക്കു ശക്തമായ സാന്നിധ്യമുള്ള വിഭാഗങ്ങളിൽ കൂടുതൽ നിക്ഷേപത്തിനാണു നീക്കമെന്ന് നിസ്സാൻ ചീഫ് ഓപ്പറേറ്റിങ് ഓപിസർ അശ്വനി ഗുപ്ത വെളിപ്പെടുത്തി. 

നാലു വർഷത്തിനിടെ എട്ടു പുതിയ മോഡലുകൾ പുറത്തിറക്കാനാണു പദ്ധതി. റെനോയുമായുള്ള സഖ്യത്തിന്റെ കാര്യക്ഷമത പ്രയോജനപ്പെടുത്തിയും മറ്റും ഗൾഫ്, ദക്ഷിണ ആഫ്രിക്ക, ഈജിപ്ത് വിപണികൾകൂടി ഉൾപ്പെട്ട മേഖലയിലെ ലാഭക്ഷമത ഉയർത്താനാണു ശ്രമമെന്നും അദ്ദേഹം വിശദീകരിച്ചു. ഈ മേഖലയിൽ ഇന്ത്യയ്ക്കൊപ്പം ദക്ഷിണ ആഫ്രിക്ക, ഈജിപ്ത്, നൈജീരിയ എന്നീ വിപണികളിൽ ശ്രദ്ധയൂന്നാനാണു നിസ്സാന്റെ തീരുമാനം. ഉൽപ്പാദനം, സാങ്കേതികവിദ്യ, പ്ലാറ്റ്ഫോം പങ്കിടൽ തുടങ്ങിയ മേഖലകളിൽ പങ്കാളികളായ റെനോയുടെയും മിറ്റ്സുബിഷിയുടെയും പിന്തുണയോടെ പ്രവർത്തന ചെലവ് നിയന്ത്രിക്കാനും ലാഭം ഉയർത്താനുമാവുമെന്നു നിസ്സാൻ കണക്കുകൂട്ടുന്നു. 

മധ്യ പൂർവ ദേശങ്ങളിലും ദക്ഷിണ ആഫ്രിക്കയിലും ഈജിപ്തിലും നിസ്സാനാവും സഖ്യത്തിന്റെ നേതൃപദം; തുർക്കിയിലും ഈജിപ്ത് ഒഴികെ ഉത്തര ആഫ്രിക്കയിലും റെനോയാവും സഖ്യത്തെ നയിക്കുക. അതേസമയം ഇന്ത്യയിൽ ഇരുപങ്കാളികൾക്കും തുല്യ പദവിയാവും പ്ലാറ്റ്ഫോമുകളും പവർട്രെയ്നുകളും പങ്കിട്ട് റെനോയും നിസ്സാനും സ്വന്തം ഉൽപന്ന ശ്രേണി അവതരിപ്പിക്കും. 

English Summary: Nissan Planing To Launch 8 New Models In India

വാഹന സംബന്ധമായ സേവനങ്ങളെക്കുറിച്ച് അറിയാൻ, തിരയാംwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN AUTO NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA