ADVERTISEMENT

ജന്മനാടായ ജപ്പാനിൽ സിവിക് സെഡാൻ വിൽപന അവസാനിപ്പിക്കുയാണെന്നു ഹോണ്ട കാഴ്സ്. ജപ്പാനിൽ കാറിന് ആവശ്യക്കാരില്ലാതെ വന്നതോടെയാണു ഹോണ്ട സിവിക്കിനെ കൈവിടുന്നത്. കഴിഞ്ഞ സാമ്പത്തിക വർഷം വെറും 1,619 യൂണിറ്റായിരുന്നു സിവിക് ജപ്പാനിൽ കൈവരിച്ച വിൽപന, ഇതോടെ ആഭ്യന്തര വിപണിയിൽ നിന്നു കാർ പിൻവലിക്കാൻ ഹോണ്ട തീരുമാനിക്കുകയായിരുന്നു. സെഡാൻ രൂപത്തിൽ സിവിക് ലഭ്യമാവില്ലെങ്കിലും അഞ്ചു വാതിലുള്ള, ഹാച്ച്ബാക്ക് രൂപത്തിൽ കാർ ജാപ്പനീസ് വിപണിയിൽ തുടരുമെന്നു ഹോണ്ട വ്യക്തമാക്കുന്നു. പ്രകടനക്ഷമതയേറിയ സിവിക് ടൈപ് ആറും വിൽപനയിലുണ്ടാവും. നിലവിലുള്ള മോഡലുകളുടെ കാലപരിധി പൂർത്തിയാവും വരെ സിവിക് ഹാച്ച്ബാക്കും ടൈപ് ആറും ജപ്പാനിൽ വിൽപനയിൽ തുടരുമെന്നാണു ഹോണ്ട നൽകുന്ന സൂചന.

നിലവിൽ വിപണിയിലുള്ള 10–ാം തലമുറ സിവിക് സെഡാൻ 2016ലാണു നിരത്തിലെത്തിയത്. തുടർന്നു രണ്ടു വർഷത്തിനു ശേഷം കാറിൽ ചില ഇടക്കാല പരിഷ്കാരവും ഹോണ്ട നടപ്പാക്കിയിരുന്നു. 1972ൽ അരങ്ങേറ്റം കുറിച്ച സിവിക്കിനു ജപ്പാനിൽ മാത്രമല്ല ഒട്ടേറെ വിദേശ വിപണികളിലും മികച്ച സ്വീകാര്യതയും പിന്തുണയുമാണു ലഭിച്ചത്. ഇന്ത്യൻ വിപണിയിൽ നിന്ന് 2013ൽ സിവിക്കിനെ ഹോണ്ട പിൻവലിച്ചിരുന്നു, കാറിന്റെ എട്ടാം തലമുറ മോഡലായിരുന്നു അന്നു വിൽപനയിലുണ്ടായിരുന്നത്. മാത്രമല്ല ഒൻപതാം തലമുറ സിവിക് ഇന്ത്യയിൽ വിൽപനയ്ക്കെത്തിയതേയില്ല. കഴിഞ്ഞ വർഷമാണ് ഹോണ്ട സിവിക്കിന്റെ 10—ാം തലമുറ മോഡൽ ഇന്ത്യയിൽ വീണ്ടും അവതരിപ്പിച്ചത്.

പോരെങ്കിൽ ഈ മോഡലിനൊപ്പം ഹോണ്ട, ഡീസൽ എൻജിനുള്ള സിവിക്കും ഇന്ത്യയിൽ ലഭ്യമാക്കി, 120 ബി എച്ച് പിയോളം കരുത്തു സൃഷ്ടിക്കുന്ന 1.6 ലീറ്റർ ഡീസൽ എൻജിനായിരുന്നു കാറിലുണ്ടായിരുന്നത്. എന്നാൽ മലിനീകരണ നിയന്ത്രണത്തിൽ ഭാരത് സ്റ്റേജ് ആറ്(ബി എസ് ആറ്) നിലവാരം പ്രാബല്യത്തിലെത്തിയതോടെ കഴിഞ്ഞ ഏപ്രിൽ മുതൽ ഈ എൻജിൻ പിൻവലിക്കാൻ ഹോണ്ട നിർബന്ധിതരുമായി. 

അടുത്ത മാസം മുതൽ ബി എസ് ആറ് നിലവാരമുള്ള ഡീസൽ എൻജിനോടെ സിവിക് ഇന്ത്യയിൽ തിരിച്ചെത്തുമെന്നാണു ഹോണ്ടയുടെ പ്രഖ്യാപനം. കാറിനുള്ള ബുക്കിങ്ങും സ്വീകരിച്ചു തുടങ്ങിയിട്ടുണ്ട്. സിവിക്കിലെ പെട്രോൾ എൻജിനാവട്ടെ 2019ലെ അവതരണ വേള മുതൽ തന്നെ ബി എസ് ആറ് നിലവാരത്തിലാണ്. ഇന്ത്യയിൽ സെഡാൻ രൂപത്തിൽ മാത്രമാണു സിവിക് വിൽപ്പനയ്ക്കുള്ളത്; ഹ്യുണ്ടേയ് എലാൻട്ര പോലുള്ള എക്സിക്യൂട്ടീവ് സെഡാനുകളോടാണു സിവിക്കിന്റെ പോരാട്ടം.

English Summary: Honda Civic Sedan Discontinued In Japan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com