ADVERTISEMENT

ഓൺലൈൻ രീതിയിൽ മോഡൽ ത്രീ വാങ്ങാൻ ശ്രമിച്ച ജർമനിക്കാരന് യു എസ് നിർമാതാക്കളായ ടെസ്‌ല വിറ്റത് 28 കാറുകൾ. കമ്പനി വെബ്സൈറ്റിലെ തകരാർ മൂലം 14 ലക്ഷം യൂറോ(ഏകദേശം 11.88 കോടി രൂപ) അടയ്ക്കാനായിരുന്നു കാർ വാങ്ങാനെത്തിയ ജർമൻ കുടുംബത്തിനു ലഭിച്ച നിർദേശം. ഓൺലൈൻ ചർച്ചാവേദിയായ റെഡ്ഡിറ്റിലാണു ബാലൻ – മാൻ എന്ന പേരു സ്വീകരിച്ച കാർ പ്രേമി  ടെസ്‌ലയിൽ നിന്നു നേരിട്ട ദുരനുഭവം പങ്കുവച്ചത്. താനും അച്ഛനും ചേർന്നാണ് ടെസ്‌ലയുടെ മോഡൽ ത്രീ ഓൺലൈൻ വ്യവസ്ഥയിൽ വാങ്ങാൻ ശ്രമിച്ചത്. എന്നാൽ ഒന്നിനു പകരം 27 കാറുകൾക്കുള്ള ഓർഡറാണു കമ്പനി സ്വീകരിച്ചതത്രെ.

ഓട്ടോപൈലറ്റ് സംവിധാനമുള്ള പുത്തൻ മോഡൽ ത്രീ വാങ്ങുകയായിരുന്നു കുടുംബത്തിന്റെ ലക്ഷ്യം. എന്നാൽ വെബ്സൈറ്റിലെ സാങ്കേതിക തകരാർ മൂലം കാര്യങ്ങളാകെ കുഴഞ്ഞു മറിഞ്ഞു.മറ്റു വിവരങ്ങളെല്ലാം രേഖപ്പെടുത്തിയ ശേഷം ഓർഡർ നൽകുന്ന ഘട്ടമെത്തുമ്പോഴാണു പ്രശ്നങ്ങൾ ആരംഭിച്ചത്. പണം അടയ്ക്കാനുള്ള വിശദാംശങ്ങൾ നൽകിയതിലെ പിഴവ് മൂലം ഓർഡർ സ്വീകരിക്കാനാവുന്നില്ലെന്നായിരുന്നു സൈറ്റിന്റെ നിലപാട്. എന്നാൽ പണം അടയ്ക്കാൻ കൃത്യമായ വിവരമാണു നൽകിയെന്ന് ബാലൻ – മാൻ അവകാശപ്പെടുന്നു.

ഓർഡർ നൽകാൻ യുവാവിന്റെ പിതാവ് ശ്രമിച്ചപ്പോഴെല്ലാം സൈറ്റിൽ നിന്നു ലഭിച്ചത് ഒരേ മറുപടിയായിരുന്നു. സൈറ്റിലെ തകരാറവാട്ടെ രണ്ടു മണിക്കൂറോളം നീളുകയും ചെയ്തു. ഒടുവിൽ അതുവരെ നൽകിയ 28 ഓർഡറുകളും സ്വീകരിച്ചതായി വെബ്സൈറ്റ് പ്രഖ്യാപിച്ചതോടെയാണ് ഉപയോക്താവ് വെള്ളത്തിലായത്. കാർ വിലയായി 14 ലക്ഷം യൂറോ അടയ്ക്കുന്നതിനു പുറമെ ഓരോ കാറിനും കൈകാര്യ ചെലവായി 100 യൂറോ(ഏകദേശം 8,482 രൂപ) നൽകാനും ടെസ്‌ല നിർദേശിച്ചു. 

കൈകാര്യ ചെലവ് മടക്കി നൽകില്ലെന്നാണു കമ്പനി വ്യവസ്ഥയെന്നതിനാൽ ഓർഡർ റദ്ദാക്കിയാൽ പോലും ഇടപാടിൽ 2,800 യൂറോ(ഏകദേശം 2.37 ലക്ഷം രൂപ) നഷ്ടം വരുമെന്ന സ്ഥിതിയായി. എന്തായാലും ടെസ്‌ല കോൾ സെന്ററിൽ വിളിച്ചു പ്രശ്നം വിശദീകരിച്ചതോടെ കമ്പനി വെബ്സൈറ്റ് തകരാർ അംഗീകരിക്കാൻ തയാറായി. അതുവരെയുള്ള ഓർഡർ പൂർണമായി റദ്ദാക്കാനും കൈകാര്യ ചെലവ് ഉപേക്ഷിക്കാനും ടെസ്‌ല സന്നദ്ധരാവുകയും പുതിയ ഓർഡർ സമർപ്പിക്കാൻ നിർദേശിക്കുകയും ചെയ്തതോടെയാണ് ബാലൻ – മാൻ പ്രശ്നത്തിൽ നിന്നു തലയൂരിയത്.

English Summary: Man Accidentally buys 28 Tesla cars for 1.4 million Euros

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com