ADVERTISEMENT

തിരുവനന്തപുരം∙ ഏതു വർഷം റജിസ്റ്റർ ചെയ്യുന്നുവോ അതിന്റെ അടിസ്ഥാനത്തിലാകും ഇനി വാഹനങ്ങളുടെ നമ്പർ. ആർടി ഓഫിസുകളുടെ നമ്പർ അടിസ്ഥാനപ്പെടുത്തിയുള്ള രീതി മാറ്റും. മോട്ടർ വാഹനവകുപ്പിന്റെ ശുപാർശ മന്ത്രിസഭയുടെ പരിഗണനയിലാണ്. സോഫ്റ്റ്‌വെയറിലും മാറ്റത്തിനു തയാറെടുക്കാൻ നാഷണൽ ഇൻഫർമാറ്റിക്സ് സെന്ററിനോട് (എൻഐസി) മോട്ടർ വാഹനവകുപ്പ് നിർദേശിച്ചു. 

രാജ്യത്ത് ആദ്യമായാണ് ഇത്തരത്തിൽ നമ്പർ പരിഷ്കാരം. ഇതു നടപ്പായാൽ സംസ്ഥാനത്ത് ഒരേ നമ്പറിൽ ഒറ്റ വാഹനമേ ഉണ്ടാകൂ. വിവിധ ആർടി ഓഫിസ് സീരീസുകളിലായി ഒരേ നമ്പർ അനുവദിക്കുന്ന രീതി അവസാനിക്കും. 2020ൽ റജിസ്റ്റർ ചെയ്യുന്ന വാഹനത്തിന്റെ നമ്പർ തുടങ്ങുക കെഎൽ–20 എന്നാണ്. 2021ൽ റജിസ്റ്റർ ചെയ്യുന്ന വാഹനങ്ങൾക്ക് കെഎൽ 21 എന്നായിരിക്കും നമ്പർ തുടങ്ങുക. തിരുവനന്തപുരത്ത് റജിസ്റ്റർ ചെയ്യുന്ന വാഹനങ്ങൾക്ക് കെഎൽ–01 എന്നതുപോലെ ഓരോ ആർടി ഓഫിസ് അടിസ്ഥാനത്തിലും ഇതുപോലെ നമ്പർ എന്നതാണു നിലവിലുള്ള സ്ഥിതി. 86 ആർടി ഓഫിസുകൾ ആയതോടെ കെഎൽ 86 എന്ന നമ്പറിൽ വരെ റജിസ്ട്രേഷൻ അനുവദിക്കുന്നതിനാൽ ഏതു ജില്ലയാണെന്നു കണ്ടുപിടിക്കുക പോലും ബുദ്ധിമുട്ടായി. 

അതുകൊണ്ടാണ് ഒറ്റ നമ്പർ എന്ന ആശയത്തിലേക്കു പോയത്. കെഎൽ 20 കഴിഞ്ഞാൽ എഎ 1 എന്നായിരിക്കും നമ്പർ തുടങ്ങുക. അടുത്ത റജിസ്ട്രേഷൻ കേരളത്തിൽ എവിടെ ആണെങ്കിലും കെഎൽ 20 എഎ 2 എന്നാകും. എഎ 1 മുതൽ 9999 കഴിഞ്ഞാൽ എബി 1 തുടങ്ങും. നിലവിൽ നെയ്യാറ്റിൻകര ആർടി ഓഫിസാണ് കെഎൽ 20 സീരീസിലുള്ളത്. പുതിയ സംവിധാനം വരുമ്പോൾ അവിടെ കെഎൽ 20 എഎ എന്ന സീരീസ് തുടങ്ങും. അടുത്ത വർഷം കെഎൽ 21 എന്ന നമ്പറെത്തുമ്പോൾ നിലവിൽ കെഎൽ 21 ആർടി ഓഫിസ് പരിധിയിൽ വരുന്ന വാഹനങ്ങൾക്ക് ഇതുപോലെ തന്നെ എഎ എന്ന സീരീസിലാകും നമ്പർ. 

ഇഷ്ടനമ്പർ ലഭിക്കാൻ മത്സരിക്കുന്നവർക്കും പെട്ടെന്ന് അവസരം ലഭിക്കും. നിലവിൽ ഇഷ്ട നമ്പർ കിട്ടാതെ പോയാൽ അടുത്ത സീരീസിൽ അതേ നമ്പർ ലഭിക്കാൻ മാസങ്ങളെടുക്കും. പുതിയ സംവിധാനത്തിൽ മൂന്നര ദിവസം കഴിയുമ്പോൾ അടുത്ത സീരീസിൽ ഇഷ്ട നമ്പർ ലഭിക്കും. നിലവിൽ ജില്ലാതലത്തിൽ ആണു ലേലം വിളിയിൽ പങ്കെടുക്കാവുന്നതെങ്കിൽ പുതിയ സംവിധാനത്തിൽ കേരളത്തിൽ എവിടെ നിന്നും പങ്കെടുക്കാം. 

English summary: New registration system for vehicles in Kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com