ADVERTISEMENT

ന്യൂഡൽഹി ∙ ഇന്ധനവില വർധനയിൽ വലഞ്ഞ ജനങ്ങൾക്ക് ആശ്വാസമായി ആം ആദ്മി പാർട്ടി സർക്കാരിന്റെ ഇടപെടൽ. ഡീസലിന് നികുതി കുറയ്ക്കാനാണ് ആം ആദ്മി സർക്കാർ തീരുമാനിച്ചത്. ഇതോടെ ഡീസലിന് ഏകദേശം 8.36 രൂപ കുറഞ്ഞു. ഡീസലിന് ഏർപ്പെടുത്തിയിരുന്ന മൂല്യവർധിത നികുതി (വാറ്റ്) 30 ശതമാനത്തിൽ നിന്നു 16.75% ആക്കി കുറച്ചതോടെ വില 8.36 രൂപ കുറഞ്ഞു.

നേരത്തെ ഡീസൽ ലീറ്ററിനു 81.94 രൂപയായിരുന്നു വില. പെട്രോളിന് 80.43 രൂപയും. അതേസമയം പെട്രോളിന്റെ‌ നികുതിക്ക് മാറ്റം വരുത്തിയിട്ടില്ല. 18.56 രൂപ തന്നെയാണ് ഒരു ലിറ്ററിൽ സംസ്ഥാന സർക്കാർ ഈടാക്കുന്ന നികുതി. പുതിയ നിരക്ക് ഇന്നലെ അർധരാത്രി നിലവിൽ വന്നു.

രാജ്യത്തെ ഇന്ധനവില സമീപകാലത്തെ ഏറ്റവും ഉയർന്ന നിലയിലാണ്. 2018 ഒക്ടോബർ– നവംബർ മാസങ്ങളിലെ നിലയിലേക്കാണ് ഇന്ധനവില ഇപ്പോൾ ഉയർന്നുകൊണ്ടിരിക്കുന്നത്. അന്നു രാജ്യാന്തര വിപണിയിൽ അസംസ്കൃത എണ്ണവില ബാരലിന് 90 ഡോളർ വരെ എത്തിയിരുന്നു. എന്നാൽ ഇപ്പോൾ, അതേ നിലവാരത്തിലേക്ക് രാജ്യത്തെ പെട്രോൾ, ഡീസൽ വില ഉയരുമ്പോൾ അസംസ്കൃത എണ്ണവില ബാരലിന് 43 ഡോളറിൽ താഴെ മാത്രം. 

തുടർച്ചയായി എൺപത് ദിവസങ്ങള്‍ അനക്കമില്ലാതെ നിന്ന ഇന്ധനവിലയാണ് ജൂൺ ആദ്യംമുതൽ കൂടി തുടങ്ങിയത്. ക്രൂഡ് ഓയിൽ വില ചരിത്രത്തിൽ ഏറ്റവും താഴ്ന്നു നിന്നപ്പോഴും എക്സൈസ് ഡ്യൂട്ടി വർധിപ്പിച്ച് ഇന്ധനവില താഴാതിരിക്കാൻ കേന്ദ്ര സർക്കാർ നടപടി സ്വീകരിച്ചിരുന്നു. ഇന്ധന വില വർധിക്കാൻ തുടങ്ങിയപ്പോൾ ടാക്സ് കുറച്ചതുമില്ല. കേന്ദ്ര സംസ്ഥാന ടാക്സുകൾ ഇല്ലാതെ, ട്രാൻസ്പോർട്ടേഷൻ ചാർജും ഡീലർ കമ്മീഷനും മാത്രം കൂട്ടിയാൽ പെട്രോളിന് വെറും 28.92 രൂപയും ഡീസലിന് 30.41 രൂപയുമാണ്. ഇതിന്റെ ഇരട്ടിയിൽ അധികമാണ് സർക്കാറുകൾ ടാക്സായി പിഴിയുന്നത്.

English Summary: Diesel Price Slashes In Delhi by Rs 8.36

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com