sections
MORE

അധികം പണം വേണ്ട, അദ്ഭുത വാറന്റിയുമായി ഹ്യുണ്ടേയ് ഇലക്ട്രിക് എസ്‍യുവി കോന

hyundai-electric-kona
Hyundai Kona
SHARE

വൈദ്യുത എസ്‌യുവിയായ കോനയുടെ വാറന്റി പാക്കേജ് ഹ്യുണ്ടേയ് മോട്ടോർ ഇന്ത്യ ലിമിറ്റഡ് (എച്ച്എംഐഎൽ) പരിഷ്കരിച്ചു. ഓറ, ഗ്രാൻഡ് ഐ 10 നിയോസ്, വെർന, ക്രേറ്റ എന്നിവയ്ക്കൊക്കെ ലഭ്യമായ വണ്ടർ വാറന്റി പാക്കേജാണ് ഇപ്പോൾ കോനയ്ക്കും ഹ്യുണ്ടേയ് വാഗ്ദാനം ചെയ്യുന്നത്.  കാർ ഉപയോഗവും ഓടാൻ സാധ്യതയുള്ള ദൂരവും അടിസ്ഥാനപ്പെടുത്തി ഉപയോക്താവിന് ഇഷ്ടമുള്ള വാറന്റി വ്യവസ്ഥ തിരഞ്ഞെടുക്കാനുള്ള അവസരമാണ് വണ്ടർ വാറന്റി പാക്കേജിൽ ഹ്യുണ്ടേയ് അനുവദിക്കുന്നത്. 

മൂന്നു വർഷം അഥവാ പരിധിയില്ലാത്ത ദൂരം, നാലു വർഷം അഥവാ 60,000 കിലോമീറ്റർ, അഞ്ചു വർഷം അഥവാ 50,000 കിലോമീറ്റർ എന്നിവയാണു ഹ്യുണ്ടേയ് അനുവദിക്കുന്ന വാറന്റി സാധ്യതകൾ. പുതിയ വാഹനങ്ങൾക്കു പുറമെ നിലവിൽ നിരത്തിലുള്ള വാഹനങ്ങൾക്കും അധിക ചെലവില്ലാതെ വണ്ടർ വാറന്റിയുടെ സാധ്യത പ്രയോജനപ്പെടുത്താം. വാഹനം ഓടിയ ദൂരം വാറന്റി പരിധിക്കുള്ളിലാവണമെന്നതു മാത്രമാണു ഹ്യുണ്ടേയ് നിഷ്കർഷിക്കുന്ന വ്യവസ്ഥ. 

അതേസമയം വണ്ടർ വാറന്റിയിലെ എതു സാധ്യത സ്വീകരിച്ചാലും കോനയുടെ ബാറ്ററിക്കുള്ള വാറന്റി എട്ടു വർഷം അഥവാ 1.60 ലക്ഷം കിലോമീറ്റർ ആയി തുടരുമെന്നും ഹ്യുണ്ടേയ് വ്യക്തമാക്കുന്നു. അവതരണ വേളയിൽ കോനയ്ക്കും മൂന്നു വർഷം അഥവാ പരിധിയില്ലാത്ത കിലോമീറ്റർ നീളുന്ന വാറന്റിയാണ് ഹ്യുണ്ടേയ് അനുവദിച്ചിരുന്നത്. എന്നാൽ ‘വണ്ടർ വാറന്റി’ പാക്കേജ് ബാധകമാക്കിയതോടെ വാഹന ഉടമകൾക്ക് അവരവരുടെ ഉപയോഗക്രമം അടിസ്ഥാനമാക്കിയുള്ള പദ്ധതി തിരഞ്ഞെടുക്കാൻ അവസരം ലഭിക്കും. പരമാവധി അഞ്ചു വർഷം വരെ പരിരക്ഷ ലഭിക്കാനുള്ള അവസരവും ഹ്യുണ്ടേയ് നൽകുന്നുണ്ട്. 

ഇതിനു പുറമെ രാജ്യത്തെ 30 നഗരങ്ങളിലായി അൻപതോളം ഡീലർഷിപ്പുകളിൽ 7.2 കിലോവാട്ട് എ സി ചാർജിങ് സൗകര്യവും ഹ്യുണ്ടേയ് സ്ഥാപിച്ചു കഴിഞ്ഞു. കോനയ്ക്കൊപ്പം ലഭിക്കുന്ന ഈ അടിസ്ഥാന ചാർജർ ഉപയോഗിച്ച് ആറു മണിക്കൂർ 10 മിനിറ്റിൽ ബാറ്ററി പൂർണതോതിൽ ചാർജ് ചെയ്യാനാവുമെന്നാണു ഹ്യുണ്ടേയിയുടെ കണക്ക്. കൂടാതെ ഇന്ത്യയിൽ ഇതാദ്യമായി വാഹനത്തിൽ നിന്നു വാഹനം (വിടുവി) ചാർജ് ചെയ്യാനുള്ള സംവിധാനവും ഹ്യുണ്ടേജ് സജ്ജീകരിച്ചു. എവിടെയും എപ്പോഴും ബാറ്ററി ചാർജിങ് സൗകര്യം ഉറപ്പുനൽകുന്ന ഈ സേവനം നിലവിൽ ഡൽഹി, ചെന്നൈ, മുംബൈ, ബെംഗളൂരു നഗരങ്ങളിലാണ് ലഭ്യമാവുക. അടിയന്തിര സാഹചര്യങ്ങളിൽ ബാറ്ററി ചാർജ് ചെയ്യാനായി റോഡ് സൈഡ് അസിസ്റ്റൻസ് വിഭാഗം പങ്കാളിയുടെ സഹകരണത്തോടെ പോർട്ടബിൾ ചാർജർ എത്തിക്കാനാണു ഹ്യുണ്ടേയിയുടെ പദ്ധതി. 

വൈദ്യുത എസ് യു വിയായ കോനയ്ക്കു കരുത്തേകുന്നത് മുൻ ചക്രങ്ങളുമായി ബന്ധിപ്പിച്ച വൈദ്യുത മോട്ടോറാണ്. 136 ബി എച്ച് പിയോളം കരുത്തും 395 എൻ എം ടോർക്കുമാണ് ഈ മോട്ടോറിന്റെ പരമാവധി ശേഷി. ഒറ്റത്തവണ ചാർജ് ചെയ്താൽ 452 കിലോമീറ്റർ ഓടാൻ പ്രാപ്തിയുള്ള കോനയ്ക്ക് 23.76 ലക്ഷം മുതൽ 23.95 ലക്ഷം രൂപ വരെയാണു ഡൽഹിയിലെ ഷോറൂം വില. തീർത്തും ശൈശവദശയിലുള്ള ഇന്ത്യൻ വൈദ്യുത വാഹന വിപണിയിൽ എം ജി സെഡ് എസ് ഇ വി മാത്രമാണു കോനയ്ക്ക് എതിരാളി; അതേസമയം സെഡ് എസ് എത്തുന്നത് അഞ്ചു വർഷത്തെ, ദൂരപരിധിയില്ലാത്ത വാറന്റി സഹിതമാണ്. 

English Summary: Hyundai Kona Get New Warranty Options

വാഹന സംബന്ധമായ സേവനങ്ങളെക്കുറിച്ച് അറിയാൻ, തിരയാംwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN AUTO NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA