ADVERTISEMENT

ത്രിചക്രവാഹന വിപണിയിലെ തിരിച്ചടികൾ തുടരുന്നതിനിടയിലും ഇരുചക്രവാഹന വിപണിയിൽ വിൽപനയേറുന്നുണ്ടെന്ന് ബജാജ് ഓട്ടോ ലിമിറ്റഡ്. ആഭ്യന്തര വിപണിയിൽ മാത്രമല്ല വിദേശത്തും ഇരുചക്രവാഹനങ്ങൾക്ക് ആവശ്യക്കാരേറുന്നുണ്ടെന്നാണു ബജാജിന്റെ വിലയിരുത്തൽ. ഇരുചക്രവാഹന വിപണിയുടെ തിരിച്ചുവരവ് സംബന്ധിച്ച് അടുത്ത മാസം അവസാനത്തോടെ വ്യക്തമായ സൂചന കൈവരുമെന്നും ബജാജ് ഓട്ടോ ലിമിറ്റഡ് പ്രതീക്ഷിക്കുന്നു. ഇപ്പോൾ കാണുന്ന വിൽപന വർധന രാജ്യവ്യാപക ലോക്ക് ഡൗണിൽ കുടുങ്ങി വാഹനം വാങ്ങാനാവാതെ പോയവർ കൂട്ടമായി തിരിച്ചെത്തിയതു കൊണ്ടുള്ളതാണോ അതോ വ്യവസായം തിരിച്ചുവരവിന്റെ പാതയിലേക്കു മടങ്ങിയതു കൊണ്ടാണോ എന്നതിലാണ് അവ്യക്തത. 

ഓരോ മാസവും അടിസ്ഥാനപ്പെടുത്തി കണക്കെടുത്താൽ വിൽപനയിൽ പുരോഗതി പ്രകടമാണെന്നു ബജാജ് ഓട്ടോ ചീഫ് ഫിനാൻഷ്യൽ ഓഫിസർ സൗമൻ റായ് കരുതുന്നു. ലോക്ക്ഡൗൺ മൂലം ഏപ്രിലിൽ വാഹന വിൽപ്പന നടന്നില്ല; മേയിലാവട്ടെ മുൻവർഷം ഇതേ മാസത്തെ അപേക്ഷിച്ചു കനത്ത ഇടിവുമായിരുന്നു. എന്നാൽ ജൂണിൽ ഗണ്യമായ പുരോഗതി കൈവരിക്കാനായി. ജൂലൈയിലും ഈ മുന്നേറ്റം പ്രകടമാണെന്ന് റായ് വിശദീകരിക്കുന്നു.  എങ്കിലും മുൻമാസങ്ങളിൽ വാഹനം വാങ്ങാനാവാതെ പോയവർ കൂട്ടമായി മടങ്ങിവന്നതാണോ ഈ വിൽപന വർധനയ്ക്കു കാരണമെന്ന് ഇപ്പോൾ പറയാനാവില്ല. ഓഗസ്റ്റ് അവസാനത്തോടെ വിൽപ്പനയിലെ പ്രവണത സംബന്ധിച്ചു വിലയിരുത്തൽ സാധ്യമാവുമെന്നും റായ് കരുതുന്നു.

കഴിഞ്ഞ ഏപ്രിൽ – ജൂൺ ത്രൈമാസത്തിൽ 1,85,981 ഇരുചക്രവാഹനങ്ങളാണു ബജാജ് ഓട്ടോ വിറ്റത്; 2019 ഏപ്രിൽ – ജൂൺ കാലത്തു വിറ്റ 6,10,936 എണ്ണത്തെ അപേക്ഷിച്ച് 69.55% കുറവാണിത്. അതേസമയം, ത്രിചക്രവാഹന വിപണി തിരിച്ചുവരവിന്റെ സൂചനകൾ പോലും നൽകുന്നില്ലെന്നും റായ് വ്യക്തമാക്കി. ഈ വിഭാഗം ഉപയോക്താക്കൾ ഭൂരിഭാഗവും വായ്പയെടുത്താണു വാഹനം വാങ്ങുന്നത്. ബിസിനസ് സാധ്യതയില്ലാത്ത സാഹചര്യത്തിൽ ആരെങ്കിലും വായ്പയെടുത്ത് പുതിയ വാഹനം വാങ്ങുമോ? ലോക്ക് ഡൗണുകൾ പൂർണമായും പിൻവലിക്കും വരെ ത്രിചക്രവാഹന വിപണിയിൽ മാറ്റത്തിനു സാധ്യത കുറവാണെന്നും റായ് വിലയിരുത്തുന്നു.

സാഹചര്യം പ്രതികൂലമായതിനാൽ 2020 – 21 സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിലെ ത്രിചക്രവാഹന വിൽപ്പനയിൽ ബജാജിന് 93.87% ഇടിവാണു നേരിട്ടത്. 2019 – 20ന്റെ ആദ്യ പാദത്തിൽ 86,217 യൂണിറ്റ് വിറ്റത് കഴിഞ്ഞ ഏപ്രിൽ – ജൂൺ ത്രൈമാസത്തിൽ വെറും 5,282 എണ്ണമായി കുറഞ്ഞു. 

English Summary: Two-wheeler sales on recovery Path

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com