ADVERTISEMENT

കരിപ്പൂരിലെ വിമാനത്താവളം ഏറെ ശ്രദ്ധവേണ്ട എയർപോർട്ടാണെന്നാണ് റൺവേയുടെ ചിത്രം പങ്കുവെച്ച് മുൻ ഡിജിപി ജേക്കബ് പുന്നൂസ്. ‘കരിപ്പൂർ റൺവേ അവസാനിക്കുന്നത് ഈ ചിത്രത്തിൽ കാണാം. റൺവേ കഴിഞ്ഞാൽ കുത്തനെ താഴ്ച, ഞാൻ 5 മാസം മുൻപ് മാർച്ച് 9നു എയർപോർട്ടിൽ നിന്ന് വേങ്ങര വഴി കോട്ടക്കൽ ഭാഗത്തേക്ക് പോയപ്പോൾ കാർ നിർത്തി എടുത്ത ഫോട്ടോ. ശരിക്കും ടേബിൾ ടോപ്പ്, വളരെ ശ്രദ്ധ വേണ്ട വിമാനത്താവളം’ എന്നാണ് സമൂഹമാധ്യമത്തിൽ പങ്കുവെച്ച പോസ്റ്റിലൂടെ ജേക്കബ് പുന്നൂസ് പറയുന്നത്.

ടേബിൾ ടോപ് റൺവേയിൽ നിന്ന് തെന്നി നീങ്ങിയുണ്ടായ അപകടം 2010 ല്‍ മംഗലാപുരത്തുണ്ടായ അപകടത്തിന് സമാനമാണ്. ഇന്ത്യൻ എയർഫോഴ്സിന്റെ മുൻ പൈലറ്റും എയർ ഇന്ത്യയിൽ വർഷങ്ങളുടെ അനുഭവ സമ്പത്തുള്ള ക്യാപ്റ്റൻ ദീപക് വസന്ത് സാഠെയ്ക്കും അപകടം ഒഴിവാക്കാനായില്ല.  വിമാനത്താവളത്തിനു പുറത്ത് കൊണ്ടോട്ടി- കുന്നുംപുറം റോഡിൽ മേലങ്ങാടി വഴിയുള്ള ക്രോസ് ബെൽറ്റ് റോഡിന്റെ ഭാഗത്തേക്കു പതിച്ച വിമാനം വീഴ്ചയുടെ ആഘാതത്തിൽ രണ്ടായി പിളർന്നു. 

karipur
കാലിക്കറ്റ് എയർപോർട്ടിൽ വിമാന ദുരന്തം നടന്നത് ക്രോസ്സ് റോഡിലെ ഈ ലാൻഡിങ് ഏരിയയിലാണ്

കനത്ത മഴയെത്തുടർന്ന് ആദ്യ ശ്രമത്തിൽ ഇറക്കാൻ സാധിക്കാതിരുന്ന വിമാനം രണ്ടാമതും ലാൻഡ് ചെയ്യാൻ ശ്രമിക്കുന്നതിനിടെയാണ് അപകടമെന്നാണ് സൂചന. ലാൻഡിങ്ങിനിടെ റൺവേയിലൂടെ മുന്നിലേക്കു തെന്നിനീങ്ങിയ വിമാനം വീണ്ടും ടേക്ഓഫ് ചെയ്യാൻ ശ്രമിക്കുന്നതിനിടെ ഇടതുവശത്തേക്കു തെന്നിമാറി താഴേക്കു പതിക്കുകയായിരുന്നു. ടേബിൾ ടോപ് റൺവേ ആയതിനാൽ വിമാനം നിയന്ത്രിക്കാനാകാതെ പോയതാണ് അപകട കാരണം. അപകടത്തിൽ വിമാനത്തിന്റെ കോക്പിറ്റ് മുതൽ മുൻ വാതിൽ വരെയുള്ള ഭാഗം തകർന്നു. 

വന്ദേ ഭാരത് ദൗത്യത്തിന്റെ ഭാഗമായി ദുബായിൽനിന്ന് 191 യാത്രക്കാരുമായി വന്ന 1344 ദുബായ്–കോഴിക്കോട് വിമാനമാണ് രാത്രി 7.45–ഓടെ അപകടത്തിൽപ്പെട്ടത്. 35 അടി താഴ്ചയിലേക്കു പതിച്ച വിമാന യാത്രക്കാരിൽ 175 പേർ മുതിർന്നവരും 10 പേർ കുട്ടികളുമാണ്. ഇവർക്കു പുറമേ നാലു ജീവനക്കാരും രണ്ടു പൈലറ്റുമാരും ഉണ്ടായിരുന്നു.  അപകടത്തിൽ നിരവധിപേർ മരിച്ചെന്നാണ് പ്രാഥമിക വിവരങ്ങള്‍.

English Summary: Jabob Punnoose About Karipur Runway

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com