ADVERTISEMENT

കൊറോണ വൈറസ് വ്യാപനവും കോവിഡ് 19  രോഗഭീതിയും സൃഷ്ടിച്ച വെല്ലുവിളിക്കിടയിലും കഴിഞ്ഞ നാലു മാസത്തിനിടെ 16 പുതിയ വിൽപന, വിൽപനാന്തര സേവന ടച് പോയിന്റുകൾ തുറന്നെന്നു ഫ്രഞ്ച് നിർമാതാക്കളായ റെനോ ഇന്ത്യ. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 14 പുതിയ ഷോറൂം ആരംഭിച്ച റെനോ മൂന്നു പുതിയ വർക്ഷോപ്പുകളും തുറന്നു. 

ഹിമാചൽ പ്രദേശ്(നാല്), തെലങ്കാന(മൂന്ന്), രാജസ്ഥാൻ(രണ്ട്), ഉത്തർ പ്രദേശ്(രണ്ട്) എന്നീ സംസ്ഥാനങ്ങൾക്കൊപ്പം ഡൽഹി, പഞ്ചാബ്, ആന്ധ്ര പ്രദേശ്, അസം, തമിഴ്നാട്, മഹാരാഷ്ട്ര സംസ്ഥാനങ്ങളിലും റെനോ ഓരോ ടച് പോയിന്റ് തുറന്നിട്ടുണ്ട്. ഇതോടെ ഇന്ത്യയിൽ കമ്പനിക്ക 390 വിൽപ്പന കേന്ദ്രങ്ങളും 470 സർവീസ് ടച് പോയിന്റുകളുമായി; ഇതിൽ ഇരുനൂറോളം കേന്ദ്രങ്ങളിൽ വർക്ഷോപ് ഓൺ വീൽസ് സംവിധാനവും ലഭ്യമാണെന്നു റെനോ അറിയിച്ചു. ആഗോളതലത്തിലെ വളർച്ചാ പദ്ധതിയിൽ ഇന്ത്യ സുപ്രധാന വിപണിയാണെന്ന് റെനോ ഇന്ത്യ ഓപ്പറേഷൻസ് കൺട്രി ചീഫ് എക്സിക്യൂട്ടീവ് ഓഫിസറും മാനേജിങ് ഡയറക്ടറുമായ വെങ്കട്ട്റാം മാമില്ലപ്പള്ളി അഭിപ്രായപ്പെട്ടു. 

ചലനാത്മകമായ വാഹന വിപണിയായ ഇന്ത്യയ്ക്കായി വിശദമായ ബിസിനസ് തന്ത്രം തന്നെ റെനോ തയാറാക്കിയിട്ടുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തി. പുതിയ മോഡൽ അവതരണങ്ങളിലും വിപണന ശൃംഖല വിപുലീകരണത്തിലും ഉപയോക്താക്കളുടെ സംതൃപ്തി ഉറപ്പാക്കാൻ നടപ്പാക്കുന്ന മറ്റു പദ്ധതികളിലുമെല്ലാം ഈ തന്ത്രമാണു പ്രതിഫലിക്കുന്നതെന്നും അദ്ദേഹം അവകാശപ്പെട്ടു. 

സാഹചര്യം തികച്ചും പ്രതികൂലമാണെങ്കിലും പുതിയ ഡീലർമാരെ കണ്ടെത്താൻ സാധിക്കുന്നത് ആത്മവിശ്വാസം പകരുന്നുണ്ടെന്ന് മാമില്ലപ്പള്ളി വിലയിരുത്തി. അധിക നിക്ഷേപത്തിനൊപ്പം ഷോറൂം വിപുലീകരണത്തിനുള്ള ആവശ്യങ്ങളും കമ്പനിയെ തേടിയെത്തുന്നുണ്ട്. പുതിയ ഷോറൂമുകളിലൂടെ മെട്രോ നഗരങ്ങൾക്കൊപ്പം ടയർ ടു മുതൽ ടയർ നാലു വരെയുള്ള നഗരങ്ങളിലേക്കും പട്ടണങ്ങളിലേക്കും പ്രവർത്തനം വ്യാപിപ്പിക്കാനും സാധിച്ചതായി അദ്ദേഹം അഭിപ്രായപ്പെട്ടു. 

English Summary: Renault Adds 14 New Dealerships To Its India Network

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com