ADVERTISEMENT

ലോക്ഡൗണിൽ ലോകം നിശ്ചലമായപ്പോൾ കൊച്ചി പള്ളുരുത്തിയിൽ ഒൻപതാം ക്ലാസുകാരൻ ടി.എച്ച്. ഹർഷാദ് തന്റെ സ്വപ്നവാഹനത്തിന്റെ പണിപ്പുരയിലായിരുന്നു. ഒന്നര മാസത്തെ നിശ്ശബ്ദപ്രവൃത്തിയുടെ ഫലം നിരത്തിലെത്തിയപ്പോൾ നാട്ടുകാർ അമ്പരന്നു. തുടുപ്പാർന്ന ഓറഞ്ച് നിറത്തിൽ ഫ്രെയിമും കറുപ്പു പൂശിയ ഫോർക്കുകളുമായി ഒരു ‘മോട്ടർ ബൈക്ക്’. ഹർഷാദ് അസംബിൾ ചെയ്ത ആ ‘ബൈക്കിനെ’ തേടി ഒട്ടേറെപ്പേർ പള്ളുരുത്തിയുടെ ചെറിയ ഇടവഴികളിലെത്തി. ഫാസ്റ്റ്ട്രാക്ക് ടീം ഹർഷാദിന്റെ ബൈക്ക് ഒന്നോടിച്ചു നോക്കിയതിന്റെ കൗതുകം ഇനി അറിയാം. 

ചെലവ് പതിനായിരം രൂപ!

പതിനായിരം രൂപയ്ക്ക് ബൈക്കോ?  അമ്പരക്കേണ്ട. ഹർഷാദിന്റെ പിതാവിന് വാഹനപാർട്സുകളുടെ ബിസിനസ് ആണ്. അവിടെനിന്നു ലഭിച്ച വിവിധ ബൈക്കുകളുടെ പാർട്സുകൾ കൂട്ടിയോജിപ്പിച്ചശേഷം ബൈക്ക് പണിതിറക്കിയതിനാണു പതിനായിരം രൂപ. അഞ്ചു മോട്ടർബൈക്കുകളുടെ വ്യത്യസ്ത ഭാഗങ്ങളുണ്ട് ഇതിൽ. ഇങ്ങനെയെല്ലാം കൂട്ടിയോജിപ്പിക്കുമ്പോൾ അതൊരു തട്ടിക്കൂട്ട് വാഹനമാണോ എന്നൊരു സംശയം തോന്നുന്നില്ലേ? 

self-made-bike-1
ടി.എച്ച്. ഹർഷാദ്

ഓടിച്ചുനോക്കുമ്പോഴറിയും സ്ഥിരതയിലും യാത്രാരസത്തിലും ഈ ബൈക്ക് തട്ടിക്കൂട്ട് അല്ലെന്ന്. സൈക്കിളിൽ കയറിയിരിക്കും പോലെയൊരു ഫീൽ. പക്ഷേ, രസകരമാണ് യാത്ര. പ്രധാന റോഡിൽ ഇറക്കാതെ ചെറിയ ദൂരം ഓടിച്ചപ്പോൾ ഒരു സാധാരണ ബൈക്കിനോട്  അടുത്തുനിൽക്കുന്ന സ്ഥിരതയുണ്ടെന്ന് അറിഞ്ഞു. ഒറ്റയടിക്കു സ്റ്റാർട്ട് ആയി. 100 സിസി എൻജിൻ 45 കിലോമീറ്റർ ഇന്ധനക്ഷമത നൽകുമെന്ന് ഹർഷാദ്. പരമാവധി വേഗം മണിക്കൂറിൽ 40 കിലോമീറ്റർ. നിയമപരമായി ഇത്തരം വാഹനങ്ങൾ നിരത്തിലിറക്കാൻ അനുവാദം ലഭിക്കുമോ എന്നു പരിശോധിക്കുകയാണ് അടുത്ത ലക്ഷ്യം.

ഫ്രെയിമിൽ ഫ്യുവൽ ടാങ്ക്

ഫ്രെയിമിന്റെ മുകൾത്തണ്ടിൽ പെട്രോൾ ടാങ്ക് ഒരുക്കിയിരിക്കുന്നു. ഒരു ലീറ്റർ പെട്രോൾ കൊള്ളും അതിൽ. ഫ്യൂവൽ ക്യാപ് കണ്ടാൽ മാത്രമേ അതൊരു പെട്രോൾ ടാങ്ക് ആണെന്നു മനസ്സിലാകുകയുള്ളൂ (റോയൽ എൻഫീൽഡ് മോഡിഫൈഡ് ബൈക്ക് മത്സരത്തിൽ പങ്കെടുത്ത 3C എന്നൊരു ബൈക്കിന്റെ രൂപകൽപനയുമായി ചെറുസാമ്യമുണ്ട് ഈ മോട്ടർ ബൈക്കിന്).‘മോട്ടർ ബൈക്കിന്റെ മുഴുവൻ രൂപകൽപ്പനയും ഞാൻ തന്നെയാണ്. വെൽഡിങ് പോലുള്ള ചില ജോലികൾ സുഹൃത്ത് ചെയ്തുതന്നു’– ഹർഷാദ് പറയുന്നു. പൂർണപിന്തുണയുമായി പിതാവ് ഒപ്പമുണ്ടായിരുന്നു. 

ഹർഷാദിന്റെ മനസ്സിലുള്ള അടുത്ത മോഡൽ പിന്നിൽ മോണോ സസ്പെൻഷൻ ഉള്ളതും കൂടുതൽ ബൈക്കിനോടു സാമ്യമുള്ളതുമായ വാഹനമാണ്. ആരാകണം എന്ന ചോദ്യത്തിന് ഓട്ടമൊബീൽ എൻജിനീയർ എന്നാണ് ഹർഷാദിന്റെ ഉത്തരം. പഠനത്തോടൊപ്പം ജോലി ചെയ്യാനുള്ള അവസരവും ഒരുക്കുമെന്നു സർക്കാർ പ്രഖ്യാപനം കേട്ടിരിക്കുമല്ലോ. ഹർഷാദിന്റെ പേരിടാത്ത ബൈക്ക് അധികാരികളോടായി മറ്റൊരു കാര്യം കൂടി പറയുന്നു– ഇത്തരം കഴിവുള്ള വിദ്യാർഥികളെ അവരുടെ അഭിരുചികൾക്കനുസരിച്ച് പ്രോത്സാഹിപ്പിക്കണം. ലോകം കീഴടക്കാനുള്ള യാത്രകളുടെ തുടക്കമാണ്  ഓറഞ്ച് നിറമുള്ള ആ ഫ്രെയിമിനോടു ചേർന്നു കിടക്കുന്നത്.

English Summary: Bike Made By 9th Class Student Harsad

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com