ADVERTISEMENT

ചെറു ഹാച്ച്ബാക്കായ ടിയാഗൊയുടെ ഉൽപ്പാദനം മൂന്നു ലക്ഷം പിന്നിട്ടതായി ടാറ്റ മോട്ടോഴ്സ്. നിരത്തിലെത്തി നാലു വർഷത്തിനുള്ളിലാണു ഗുജറാത്തിലെ സാനന്ദ് ശാലയിൽ നിന്നുള്ള ടിയാഗൊ നിർമാണം മൂന്നു ലക്ഷം യൂണിറ്റ് പിന്നിടുന്നത്.  ഇടത്തരം ഹാച്ച്ബാക്ക് വിഭാഗത്തിൽ സാങ്കേതികമായിട്ടാണെങ്കിലും ഇൻഡിക്കയുടെ പിൻഗാമിയായിട്ടായിരുന്നു 2016ൽ ടിയാഗൊയുടെ വരവ്. ടാറ്റ മോട്ടോഴ്സിന്റെ പുത്തൻ ആവിഷ്കാരമായ ഇംപാക്ട് ഡിസൈൻ സിദ്ധാന്തത്തിന്റെ പിൻബലത്തോടെ എത്തിയ ടിയാഗൊ കമ്പനിയുടെ പുതുതലമുറ മോഡൽ ശ്രേണിയിലെ ആദ്യ അവതരണവുമായിരുന്നു.

ഈ വർഷമാദ്യം ടിയാഗൊയുടെ പരിഷ്കരിച്ച പതിപ്പും ടാറ്റ മോട്ടോഴ്സ് വിപണിയിലെത്തിച്ചു; സാങ്കേതികമായി മാറ്റമില്ലെങ്കിലും സൗകര്യങ്ങളിലും സംവിധാനങ്ങളിലുമൊക്കെ കാര്യമായ പരിഷ്കാരത്തോടെയായിരുന്നു ഈ കാറിന്റെ വരവ്. ഇടയ്ക്കു പ്രകടനക്ഷമതയേറിയ ‘ടിയാഗൊ ജെ ടി പി’യും ടാറ്റ മോട്ടോഴ്സ് പുറത്തിറക്കിയിരുന്നു. 114 ബി എച്ച് പി കരുത്ത് സൃഷ്ടിക്കാൻ പ്രാപ്തിയുള്ള 1.2 ലീറ്റർ ടർബോ പെട്രോൾ എൻജിനും കാഴ്ചപ്പകിട്ടേറിയ രൂപയുമൊക്കെയായി വന്ന മോഡൽ പക്ഷേ ടാറ്റ മോട്ടോഴ്സ് ഭാരത് സ്റ്റേജ് ആറ്(ബി എസ് ആറ്) നിലവാരത്തിലേക്ക് ഉയർത്തിയില്ല. തുടർന്ന് അധികം വൈകാതെ ജെ ടി പി പദ്ധതി തന്നെ കമ്പനി ഉപേക്ഷിക്കുകയും ചെയ്തു. 

നിലവിൽ 1.2 ലീറ്റർ, മൂന്നു സിലിണ്ടർ പെട്രോൾ എൻജിൻ സഹിതം മാത്രമാണു ടിയാഗൊ വിപണിയിലുള്ളത്. 85 ബി എച്ച് പി വരെ കരുത്തും 114 എൻ എം ടോർക്കും സൃഷ്ടിക്കാൻ പ്രാപ്തിയുള്ള ഈ എൻജിനു കൂട്ട് അഞ്ചു സ്പീഡ് മാനുവൽ, അഞ്ചു സ്പീഡ് ഓട്ടമേറ്റഡ് മാനുവൽ ട്രാൻസ്മിഷൻ(എ എം ടി) ഗീയർ ബോക്സുകളാണ്. മുമ്പ് 1.05 ലീറ്റർ ഡീസൽ എൻജിനോടെയും ടിയാഗൊ വിൽപ്പനയ്ക്കുണ്ടായിരുന്നു; എന്നാൽ കാറിന്റെ പരിഷ്കരിച്ച പതിപ്പ് അവതരിപ്പിച്ച വേളയിൽ കമ്പനി ഈ എൻജിൻ സാധ്യതയും പിൻവലിച്ചു. ഇന്ത്യൻ വിപണിയിൽ ഹ്യുണ്ടേയ് സാൻട്രോ, മാരുതി സുസുക്കി സെലേറിയൊ, ഡാറ്റ്സൻ ‘ഗോ’ തുടങ്ങിയവയോടാണു ടാറ്റ ‘ടിയാഗൊ’യുടെ മത്സരം. 

English Summary:  Tata Tiago Cross 3 Lakh Unit Production Milestone

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com