ADVERTISEMENT

ജാപ്പനീസ് നിർമാതാക്കളായ ഹോണ്ട മോട്ടോർ സൈക്കിൾ കമ്പനി ഇന്ത്യയിൽ അവതരിപ്പിച്ച ആദ്യ റോഡ്സ്റ്റർ ബൈക്കായ ഹൈനെസ് സി ബി 350 വില പ്രഖ്യാപിച്ചു. അടിസ്ഥാന വകഭേദമാ. ഹൈനെസ് ഡിഎൽ എക്സിന് 1.85 ലക്ഷം രൂപയും പ്രീമിയം വിഭാഗത്തിൽപെട്ട ‘ഹൈനെസ് ഡി എൽ എക്സ് പ്രോ’യ്ക്ക് 1.90 ലക്ഷം രൂപയുമാണു ഡൽഹിയിലെ ഷോറൂം വില. വൈകാതെ രാജ്യത്തെ ബിഗ് വിങ് ഡീലർഷിപ്പുകൾ വഴി ‘ഹൈനെസ് സി ബി 350’ വിൽപ്പന ആരംഭിക്കുമെന്നും ഹോണ്ട അറിയിച്ചു.

ഇതോടെ പ്രധാന എതിരാളിയായ റോയൽ എൻഫീൽഡ് ക്ലാസിക് 350’ മോട്ടോർ സൈക്കിളിനെ അപേക്ഷിച്ച് കാൽ ലക്ഷത്തോളം രൂപ അധികമാവും ഹൈനെസ് സി ബി 350 വില. ‘ക്ലാസിക് 350’ ശ്രേണിയുടെ ഷോറൂം വില ആരംഭിക്കുന്നത് 1.60 ലക്ഷം രൂപയിലാണ്. ജാവ ഫോർട്ടി ടു(വില: 1.65 — 1.74 ലക്ഷം രൂപ), ജാവ(1.74 – 1.83 ലക്ഷം രൂപ) തുടങ്ങിയവയെ അപേക്ഷിച്ചും ‘ഹൈനെസ് സി ബി 350’ ബൈക്കിനു വില അധികമാണ്. അതേസമയം 1.99 – 2.11 ലക്ഷം രൂപ നിലവാരത്തിൽ വിൽപ്പനയ്ക്കെത്തുന്ന ബെനെല്ലിയുടെ ‘ഇംപീരിയൽ 400’ വിലയുടെ കാര്യത്തിൽ ഹൈനെസി’–നെ അപേക്ഷിച്ചു മുന്നിലുമാണ്. 

പഴയകാല സ ബി ശ്രേണിയിൽ നിന്നു പ്രചോദിതമെങ്കിലും ആധുനിക കാലത്തിന് അനുയോജ്യമായ ക്ലാസിക് രൂപകൽപ്പനാശൈലിയാണു ‘ഹൈനെസ് സി ബി 350’ പിന്തുടരുന്നത്. ഡേടൈം റണ്ണിങ് ലാംപ് സഹിതം നിയോ ക്ലാസിക് എൽ ഇ ഡി ഹെഡ്ലൈറ്റ്, കറുപ്പ് അലോയ് വീൽ, 15 ലീറ്റർ സംഭരണ ശേഷിയുള്ള ഇന്ധനടാങ്ക് എന്നിവയൊക്കെ ബൈക്കിലുണ്ട്. വകഭേദം അടിസ്ഥാനമാക്കി ഇന്ധന ടാങ്ക് ഒറ്റ നിരത്തിലും ഇരട്ട വർണങ്ങളിലും ലഭ്യമാണ്. ദീർഘദൂര യാത്രകൾക്ക് അനുയോജ്യമായ സിംഗിൾ സീറ്റും ബൈക്കിലുണ്ട്. കാഴ്ചപ്പകിട്ടിനായി ഫെൻഡറിലും ഇരട്ട ഹോണിലും എക്സോസ്റ്റിലും മിററിലും എൻജിനിലുമൊക്കെ ക്രോമിയം സ്പർശവുമുണ്ട്.

റൈഡറുടെ സ്മാർട്ഫോണിനെ ബ്ലൂടൂത്ത് വഴി മോട്ടോർ സൈക്കിളുമായി ബന്ധിപ്പിക്കാൻ അവസരമൊരുക്കുന്ന ഹോണ്ട സ്മാർട്ഫോൺ വോയ്സ് കൺട്രോൾ സിസ്റ്റം സഹിതമാണ് സിബി 350 ഡി എൽ എക്സ് പ്രോയുടെ വരവ്. ഫോൺ ബന്ധിപ്പിക്കുന്നതോടെ ഹാൻഡിൽ ബാറിൽ ഘടിപ്പിച്ച കൺട്രോൾ ഉപയോഗിച്ച് ഫോൺ കോൾ സ്വീകരിക്കാനാവും; നാവിഗേഷൻ, മ്യൂസിക് പ്ലേബാക്ക്, സന്ദേശങ്ങൾ വായിക്കൽ തുടങ്ങിയവയും സാധ്യമാവും. ബൈക്കിലെ സെമി ഡിജിറ്റൽ ഇൻസ്ട്രമെന്റേഷനിൽ അവശേഷിക്കുന്ന ഇന്ധനം ഉപയോഗിച്ചു പിന്നിടാവുന്ന ദൂരം, തത്സമയ കാര്യക്ഷമത, സമയം, ട്രിപ് സംബന്ധിച്ച വിവരം, എ ബി എസ്, ട്രാക്ഷൻ കൺട്രോൾ, ഗീയർ പൊസിഷൻ ഇൻഡിക്കേറ്റർ, ബാറ്ററി വോൾട്ടേജ് മീറ്റർ എന്നിവയൊക്കെ ഉണ്ട്. ഹസാഡ് ലാംപ്, ഇഗ്നീഷന് ഒറ്റ സ്വിച്, സൈഡ് സ്റ്റാൻഡ് ഇഗ്നീഷൻ കട്ട് ഓഫ് തുടങ്ങിയവയും ബൈക്കിലുണ്ട്. 

ബൈക്കിലെ 348.36 സി സി, എയർ കൂൾഡ്, ഒ എച്ച് സി, സിംഗിൾ സിലിണ്ടർ എൻജിന് 5,500 ആർ പി എമ്മിൽ 21.07 പി എസ് വരെ കരുത്തും 3,000 ആർ പി എമ്മിൽ 30 എൻ എമ്മോളം ടോർക്കും സൃഷ്ടിക്കാനാവും. സ്ലിപ്പർ ക്ലച് സഹിതം അഞ്ചു സ്പീഡ് ഗീയർബോക്സാണു ട്രാൻസ്മിഷൻ. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com