ADVERTISEMENT

ജാപ്പനീസ് നിർമാതാക്കളായ നിസ്സാൻ മോട്ടോർ ഇന്ത്യയുടെ പുത്തൻ കോംപാക്ട് എസ്‌യുവിയായ മാഗ്നൈറ്റ് ഈ 21ന് അരങ്ങേറ്റം കുറിക്കും. അടുത്ത വർഷം മാർച്ചിനകം വിൽപനയ്ക്കെത്തുമെന്നു പ്രതീക്ഷിക്കുന്ന മാഗ്നൈറ്റ് കഴിഞ്ഞ ജൂലൈയിലായിരുന്നു നിസ്സാൻ ആദ്യമായി അനാവരണം ചെയ്തത്. ഇന്ത്യൻ ഉപയോക്താക്കളുടെ അഭിരുചികൾ  മാനിച്ചും താൽപര്യങ്ങൾ പരിഗണിച്ചും വികസിപ്പിച്ച മാഗ്നൈറ്റിന്റെ രൂപകൽപന ജപ്പാനിലായിരുന്നു. കമ്പനിയുടെ ടോചിഗി പ്രൂവിങ് ഗ്രൗണ്ടിൽ വിപുലമായ പരീക്ഷണ ഓട്ടത്തിനൊടുവിലാണ് ഈ പുത്തൻ കോംപാക്ട് എസ് യു വി ഇന്ത്യയിൽ അരങ്ങേറ്റത്തിനെത്തുന്നത്. 

nissan-magnite-3

‌ഇന്ത്യയിൽ കമ്പനിയുടെ തലവിധി മാറ്റിയെഴുതാൻ പോന്ന മോഡലാണു മാഗ്നൈറ്റ് എന്നാണു നിസ്സൻ മോട്ടോർ ഇന്ത്യ മാനേജിങ് ഡയറക്ടർ രാകേഷ് ശ്രീവാസ്തവയുടെ പ്രതീക്ഷ. നിലവിലെ അതിർത്തികൾ ഭേദിക്കാനും നാലു മീറ്ററിൽ താഴെ നീളമുള്ള, ബി –എസ്‌യുവികളുടെ വിഭാഗത്തെ പുനഃർനിർവചിക്കാനും മാഗ്നൈറ്റിനാവുമെന്നും അദ്ദേഹം അവകാശപ്പെടുന്നു. ആശയമെന്ന നിലയിൽ അനാവരണം ചെയ്തപ്പോഴുള്ള രൂപത്തിൽ നിന്നു കാര്യമായ മാറ്റമൊന്നുമില്ലാതെയാണ് ‘മാഗ്നൈറ്റ്’ അരങ്ങേറ്റത്തിനൊരുങ്ങുന്നതെന്നാണു സൂചന. ആദ്യ കാഴ്ചയിലുണ്ടായിരുന്ന കൊത്തിയെടുത്ത പോലുള്ള ബോണറ്റും  എട്ടു കോണുള്ള ഗ്രില്ലും ആംഗുലർ ഹെഡ്ലൈറ്റുമൊക്കെ അന്തിമ ഘട്ടത്തിലും നിലനിർത്തിട്ടുണ്ട്. യഥാർഥത്തിൽ ഡാറ്റ്സൻ ശ്രേണിയിൽ അവതരിപ്പിക്കാൻ ലക്ഷ്യമിട്ടായിരുന്നു മാഗ്നൈറ്റിന്റെ രൂപകൽപന എന്നതിനാൽ ഈ കോംപാക്ട് എസ്‌യുവി ഇപ്പോഴും ഡാറ്റ്സൻ മോഡലുകളെ ഓർമിപ്പിക്കുകയും ചെയ്യും. 

nissan-magnite

പേശീബലം തുളുമ്പും വിധമാണ് ഉൽപ്പാദനസജ്ജമായ മാഗ്നൈറ്റിന്റെ രൂപം. പാർശ്വത്തിൽ പ്രകടമായ ബോഡി ക്ലാഡിങ്ങും  ഉള്ളതിലേറെ വലിപ്പം തോന്നിപ്പിക്കുന്ന വീൽ ആർച്ചുകളും ഇതിലുണ്ട്. പിൻഭാഗത്ത് എൽ ഇ ഡി ടെയിൽ ലൈറ്റ്, ലളിതമായ ടെയിൽ ഗേറ്റ്, അടുക്കുകളുള്ള ബംപർ, മേൽക്കൂരയിൽ ഘടിപ്പിച്ച സ്പോയ്‌ലർ എന്നിവ ഇടംപിടിക്കുന്നു. ഇന്ത്യയിൽ നിസ്സാന്റെ പുത്തൻ ലോഗോ സഹിതം വിൽപ്പനയ്ക്കെത്തുന്ന ആദ്യ മോഡലുമാവും മാഗ്നൈറ്റ്.

Nissan Magnite

നാലു എൻജിൻ-ഗീയർബോക്സ് സാധ്യതകളോടെ മാഗ്നൈറ്റ് വിൽപ്പനയ്ക്കെത്തുമെന്നാണു പ്രതീക്ഷ. 72 ബി എച്ച് പിയോളം കരുത്തു സൃഷ്ടിക്കുന്ന നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ, 95 ബി എച്ച് പി വരെ കരുത്ത് സൃഷ്ടിക്കുന്ന ഒരു ലീറ്റർ, മൂന്നു സിലിണ്ടർ ടർബോ പെട്രോൾ എന്നിവയാകും എൻജിൻ സാധ്യതകൾ. ആദ്യ എൻജിനു കൂട്ടായി മാനുവൽ, ഓട്ടമേറ്റഡ് മാനുവൽ ട്രാൻസ്മിഷൻ ഗീയർബോക്സുൾ പ്രതീക്ഷിക്കാം. ടർബോ എൻജിനു കൂട്ടായി മാനുവൽ, സി വി ടി ഗീയർബോക്സുകളാവും എത്തുക. മാരുതി സുസുക്കി വിറ്റാര ബ്രേസയ്ക്കും ഹ്യുണ്ടേയ് വെന്യുവിനുമൊക്കെ പുറമെ പങ്കാളിയായ റെനോയുടെ കിഗെറും നിസ്സാൻ മാഗ്നൈറ്റി’നെ വെല്ലുവിളിക്കാൻ വിപണിയിലുണ്ടാവും. 

English Summary: Nissan Magnite Compact SUV Unveiled On Oct 21

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com