വിമാനം രണ്ടു മണിക്കൂര്‍ വൈകും, റണ്‍വേ കടലിനടിയിലാണ്

barra-airport
Barra Airport, Richard Murphy Fine Art / Shutterstock
SHARE

റണ്‍വേ കടലിനടിയിലാണ്, വിമാനം രണ്ടു മണിക്കൂര്‍ വൈകും. ഇത്തരത്തിലുള്ള അറിയിപ്പുകള്‍ യാത്രികര്‍ക്ക് സ്ഥിരമായി നല്‍കുന്ന ലോകത്തെ ഒരേയൊരു ബീച്ച് വിമാനത്താവളമാണ് ബാറ. അതെ, ഇവിടെ കടല്‍ത്തീരമാണ് റണ്‍വേ. വിമാനങ്ങള്‍ ഇറങ്ങുന്നതാവട്ടെ ഡ്രൈവ് ഇന്‍ ബീച്ചിലൂടെ വാഹനങ്ങള്‍ ഓടിക്കും പോലെ കടല്‍വെള്ളം നാലുപാടും തെറിപ്പിച്ചും.  ലോകത്തെ ഏറ്റവും വ്യത്യസ്തവും സുന്ദരവുമായ വിമാനത്താവളങ്ങളുടെ പട്ടികയെടുത്താല്‍ അതില്‍ മുന്നിലുണ്ട് സ്‌കോട്ട്‌ലണ്ടിലെ ബാറ ദ്വീപിലെ വടക്കേ മുനമ്പിലുള്ള ബാറ വിമാനത്താവളം. മറ്റു വിമാനത്താവളങ്ങളുടെ ബഹളങ്ങളൊന്നുമില്ലാത്ത, എന്നാല്‍ ചെറുവിമാനങ്ങള്‍ എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ച് സര്‍വ്വീസ് നടത്തുന്ന വിമാനത്താവളമാണിത്. 

ത്രികോണാകൃതിയിലുള്ള മൂന്ന് റണ്‍വേകളാണ് ബാറയിലുള്ളത്. ഓരോന്നിന്റേയും അവസാനം മരക്കുറ്റികള്‍ കൊണ്ട് അടയാളപ്പെടുത്തിയിരിക്കുന്നു. വേലിയേറ്റ സമയത്ത് ഈ റണ്‍വേകളെല്ലാം കടലിനടിയിലാകും. വേലിയേറ്റ സമയത്തിനനുസരിച്ച് വിമാനങ്ങളുടെ സമയം മാറ്റേണ്ടി വരുന്ന ലോകത്തെ ഏക വിമാനത്താവളമാണിത്. വിമാനത്താവളത്തിലെ സുരക്ഷാ ജീവനക്കാരുടെ പ്രധാന പണികളിലൊന്ന് ഓരോ 12 മണിക്കൂറിലും വേലിയേറ്റത്തെ തുടര്‍ന്ന് കടല്‍ റണ്‍വേയില്‍ ഉപേക്ഷിക്കുന്ന സാധനങ്ങള്‍ തെരഞ്ഞു പിടിച്ചു നീക്കലാണ്. മരത്തടികളും ലോഹ സാധനങ്ങളും മുതല്‍ കടല്‍ ജീവികള്‍ വരെ ഇക്കൂട്ടലുണ്ടാകും. മണലുകൊണ്ട് പ്രകൃതി നിര്‍മ്മിച്ച റണ്‍വേയില്‍ അവസാനം കാണിക്കാന്‍ മാത്രമാണ് അടയാളമുള്ളത്. രാത്രി സമയത്ത് വിമാനങ്ങള്‍ ഇറങ്ങുന്നത് സുരക്ഷാ ജീവനക്കാരുടെ തെളിയിച്ചുകൊടുക്കുന്ന വാഹനങ്ങളുടെ വെളിച്ചത്തിന്റെ സഹായത്തിലാണ്. 

barra-airport-1
Barra Airport, Richard Murphy Fine Art / Shutterstock

സ്‌കോട്ട്‌ലണ്ടിലെ ഗ്ലാസ്‌ഗോയില്‍ നിന്ന് മാത്രമാണ് ബാറയിലേക്കും തിരിച്ചും വിമാന സര്‍വ്വീസുള്ളത്. പ്രതിദിനം രണ്ടോ മൂന്നോ വിമാനങ്ങളില്‍ വന്നിറങ്ങുന്നവരില്‍ ഭൂരിഭാഗം പേരും സഞ്ചാരികളായിരിക്കും. ഏതാണ്ട് 1500ഓളം പേര്‍ മാത്രമാണ് ഈ ലോകത്തെ ഏറ്റവും സുന്ദരമായ വിമാനത്താവളങ്ങളിലൊന്നില്‍ പ്രതിവര്‍ഷം വന്നിറങ്ങുന്നത്. പ്രധാന വിനോദസഞ്ചാര കേന്ദ്രം കൂടിയാണ് ബാറ. 1936 മുതല്‍ ബാറ വിമാനത്താവളം പ്രവര്‍ത്തിക്കുന്നുണ്ട്. 

വിമാനത്താവളമാണ് എന്നു കരുതി ബാറ ബീച്ച് അടച്ചിട്ടിരിക്കുകയാണെന്ന് കരുതരുത്. പൊതുജനങ്ങള്‍ക്ക് ബാറ ബീച്ച് തുറന്നുകൊടുത്തിട്ടുണ്ട്. എന്നാല്‍, വിമാനം വരുന്ന മുന്നറിയിപ്പ് ലഭിച്ചാല്‍ അപകടമേഖലകളില്‍ നിന്നും ഒഴിയണമെന്ന് മാത്രം. വിമാനത്താവളങ്ങളില്‍ കാറ്റിന്റെ ദിശ അറിയാന്‍ ഉപയോഗിക്കുന്ന വിന്‍ഡ്‌സോക്ക് ഉയര്‍ത്തിയിട്ടുണ്ടെങ്കിലും വിമാനം വരാറായെന്ന് അറിയാനാകും. 

കടലിനോട് ചേര്‍ന്നു കിടക്കുന്നതിനാല്‍ കാലാവസ്ഥ വലിയ തോതില്‍ ബാറയിലെ വിമാനങ്ങളുടെ വരവിനെ ബാധിക്കാറുണ്ട്. കോണ്‍ക്രീറ്റ് റണ്‍വേ ഇല്ലാത്തതുകൊണ്ടും അപകടസാധ്യത ഏറിയതിനാലും വലിയ വിമാനങ്ങള്‍ ഇവിടെ ഇറങ്ങാറില്ല. പ്രകൃതിയോട് അത്രമേല്‍ അടുത്തു നില്‍ക്കുമ്പോഴും മറ്റേതൊരു അന്താരാഷ്ട്ര വിമാനത്താവളത്തോടും കിടപിടിക്കാന്‍ ശേഷിയുള്ള സുരക്ഷാ സൗകര്യങ്ങള്‍ ബാറയിലുമുണ്ട്. എന്നാല്‍, വിമാനത്തിലെ യാത്രികരുടെ രക്ഷക്കെത്തുന്നതിനേക്കാള്‍ കൂടുതല്‍ ബാറയിലെ സുരക്ഷാ ജീവനക്കാര്‍ തീരത്തേക്ക് അറിയാതെത്തുന്ന ഡോള്‍ഫിനുകളേയും സീലുകളേയും രക്ഷിക്കുകയാണ് പണിയെന്ന് മാത്രം.

English Summary: Barra Airport in Scotland – Where Planes Are Landing on the Beach

വാഹന സംബന്ധമായ സേവനങ്ങളെക്കുറിച്ച് അറിയാൻ, തിരയാംwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN AUTO NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA