ADVERTISEMENT

ചെറുകാറായ ഓൾട്ടോയുടെ ജൈത്രയാത്ര രണ്ടു ദശാബ്ദം പൂർത്തിയാക്കുകയാണെന്നു മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ്. ഇതുവരെ 40 ലക്ഷത്തിലേറെ യൂണിറ്റ് വിൽപന കൈവരിക്കാനും ഓൾട്ടോയ്ക്കായി. ഒതുക്കമുള്ളതും ആകർഷകവുമായ രൂപകൽപനയും അനായാസം കൈകാര്യം ചെയ്യാമെന്നതും ഉയർന്ന ഇന്ധനക്ഷമതയും മുന്തിയ സുരക്ഷയും സുഖയാത്രയും കുറഞ്ഞ വിലയുമൊക്കെയാണ് ഓൾട്ടോയുടെ വിജയഘടകങ്ങളെന്നും മാരുതി സുസുക്കി വിലയിരുത്തുന്നു. 

ഓൾട്ടോയുടെ അരങ്ങേറ്റം 2000–ാംമാണ്ടിലായിരുന്നു. എട്ടു വർഷത്തിനകം 2008ൽ കാറിന്റെ മൊത്തം വിൽപന 10 ലക്ഷം യൂണിറ്റ് പിന്നിട്ടു. തുടർന്ന് 2012ൽ മൊത്തം വിൽപന 20 ലക്ഷം യൂണിറ്റിലും 2016ൽ 30 ലക്ഷം യൂണിറ്റിലുമെത്തി. കഴിഞ്ഞ ഓഗസ്റ്റിലാണ് ഓൾട്ടോ വിൽപന 40 യൂണിറ്റ് എന്ന കടമ്പ പിന്നിട്ടത്. എൻട്രി കാർ തേടിയെത്തുന്നവരെ മോഹിപ്പിക്കുംവിധം ടച് സ്ക്രീൻ സ്മാർട് പ്ലേ ഇൻഫൊടെയ്ൻമെന്റ് സംവിധാനവും ഇലക്ട്രോണിക് ബ്രേക്ക് ഡിസ്ട്രിബ്യൂഷൻ(ഇ ബി ഡി) സഹിതം ആന്റി ലോക്ക് ബ്രേക്ക് സിസ്റ്റ(എ ബി എസ്)വും ഇരട്ട വർണ അകത്തളവും ഇരട്ട എയർബാഗുമൊക്കെയായാണ് ഇന്നത്തെ ‘ഓൾട്ടോ’യുടെ വരവ്. 

കടന്നു പോയ രണ്ടു പതിറ്റാണ്ടിനിടെ രാജ്യം യാത്ര ചെയ്യുന്ന ശൈലി തന്നെ മാറ്റിയെഴുതാൻ ‘ഓൾട്ടോ’യ്ക്കു സാധിച്ചെന്ന് മാരുതി സുസുക്കി ഇന്ത്യ എക്സിക്യൂട്ടീവ് ഡയറക്ടർ (മാർക്കറ്റിങ് ആൻഡ് സെയിൽസ്) ശശാങ്ക് ശ്രീവാസ്തവ വിലയിരുത്തുന്നു. പണത്തിനൊത്ത മൂല്യം വാഗ്ദാനം ചെയ്യുന്നതു കൊണ്ടുതന്നെ കഴിഞ്ഞ 16 വർഷമായി രാജ്യത്ത് ഏറ്റവുമധികം വാർഷിക വിൽപ്പന കൈവരിക്കുന്ന കാറുമാണ് ‘ഓൾട്ടോ’. കഴിഞ്ഞ സാമ്പത്തിക വർഷം ആദ്യമായി കാർ വാങ്ങാനെത്തുന്നവരിൽ 76 ശതമാനവും തിരഞ്ഞെടുത്തത് ‘ഓൾട്ടോ’ ആയിരുന്നെന്നാണു കണക്ക്. എന്നാൽ ഇക്കൊല്ലമായതോടെ ഈ നിരക്ക് 84% ആയി ഉയർന്നെന്നും ശ്രീവാസ്തവ അവകാശപ്പെട്ടു. 

രണ്ടാം തലമുറയിലെത്തിയ ഓൾട്ടോയെ ഏറ്റവുമൊടുവിൽ നവീകരിച്ചത് കഴിഞ്ഞ വർഷമായിരുന്നു. കാഴ്ചയിലെ മാറ്റങ്ങൾക്കൊപ്പം മലിനീകരണ നിയന്ത്രണത്തിൽ ഭാരത് സ്റ്റേജ് ആറ്(ബി എസ് ആറ്) നിലവാരമുള്ള എൻജിനും അന്നു കാറിൽ ഇടംപിടിച്ചു. കാറിലെ 796 സി സി, മൂന്നു സിലിണ്ടർ പെട്രോൾ എൻജിന് 6,000 ആർ പി എമ്മിൽ 48 പി എസ് വരെ കരുത്തും 3,500 ആർ പി എമ്മിൽ 69 എൻ എമ്മോളം ടോർക്കും സൃഷ്ടിക്കാനാവും. ഇന്ധനം സി എൻ ജിയാവുന്നതോടെ കരുത്ത് 41 പി എസ് ആയും ടോർക്ക് 60 എൻ എമ്മായും കുറയുമെന്ന വ്യത്യാസമുണ്ട്. അഞ്ചു സ്പീഡ് മാനുവൽ ഗീയർബോക്സാണു ട്രാൻസ്മിഷൻ. പെട്രോളിന് ലീറ്ററിന് 22.05 കിലോമീറ്ററാണു കാറിന് എ ആർ എ ഐ സാക്ഷ്യപ്പെടുത്തിയ ഇന്ധനക്ഷമത; സി എൻ ജി കിലോഗ്രാമിന് 31.59 കിലോമീറ്ററും.

മാരുതി സുസുക്കി ‘ഓൾട്ടോ’യുടെ അടിസ്ഥാന വകഭേദത്തിന് 2.99 ലക്ഷം രൂപയാണു മുംബൈയിലെ ഷോറൂം വില; മുന്തിയ പതിപ്പായ ‘വി എക്സ് ഐ പ്ലസി’ന് 3.94 ലക്ഷം രൂപയും. സി എൻ ജി പതിപ്പിന്റെ വില 4.37 ലക്ഷം രൂപ മുതലാണ്. രാജ്യത്തെ 1,900 നഗരങ്ങളിലും പട്ടണങ്ങളിലുമായി  2,390 ‘അരീന’ ഔട്ട്ലെറ്റുകൾ വഴി ‘ഓൾട്ടോ’ വിൽപ്പനയ്ക്കെത്തുന്നുണ്ട്. ഇന്ത്യയ്ക്കു പുറമെ ലാറ്റിൻ അമേരിക്കൻ, ആഫ്രിക്കൻ, ദക്ഷിണേഷ്യൻ വിപണികളിലായി നാൽപതോളം രാജ്യങ്ങളിൽ ‘ഓൾട്ടോ’ വിൽപ്പനയ്ക്കെത്തുന്നുണ്ട്. 

English Summary: Maruti Suzuki Alto Completes 20 Years

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com