ADVERTISEMENT

സ്പോർട് യൂട്ടിലിറ്റി വാഹന(എസ്‌യുവി)മായ ക്രേറ്റയുടെ ഇതുവരെയുള്ള മൊത്തം കയറ്റുമതി രണ്ടു ലക്ഷം യൂണിറ്റ് പിന്നിട്ടതായി ഹ്യുണ്ടേയ് മോട്ടോർ ഇന്ത്യ ലിമിറ്റഡ്(എച്ച്എംഐഎൽ). ചെന്നൈയ്ക്കടുത്ത് ഇരിങ്ങാട്ടുകോട്ടൈയിലെ ശാലയിൽ നിർമിക്കുന്ന, ക്രേറ്റയടക്കമുള്ള മോഡലുകൾ 88 രാജ്യങ്ങളിലേക്കാണു ഹ്യുണ്ടേയ് കയറ്റുമതി ചെയ്യുന്നത്. 

അഞ്ചു വർഷം മുമ്പ് 2015 വിപണിയിലെത്തിയ ക്രേറ്റയ്ക്ക് ആഗോളതലത്തിൽ തന്നെ സ്വീകാര്യത കൈവരിക്കാനായെന്ന് എച്ച് എം ഐ എൽ മാനേജിങ് ഡയറക്ടറും ചീഫ് എക്സിക്യൂട്ടീവ് ഓഫിസറുമായ എസ് എസ് കിം അഭിപ്രായപ്പെട്ടു. ലോകത്തിനായി ഇന്ത്യയിൽ നിർമിക്കുക എന്ന വാഗ്ദാനത്തോടു ഹ്യുണ്ടേയ് കാട്ടുന്ന പ്രതിബദ്ധതയ്ക്കുള്ള അംഗീകാരം കൂടിയാണ് കയറ്റുമതിയിൽ ക്രേറ്റ കൈവരിച്ച ഈ നേട്ടമെന്നും അദ്ദേഹം വിലയിരുത്തി.

ആഭ്യന്തര, വിദേശ വിപണികൾക്കായി ഉയർന്ന ഗുണമേന്മായുള്ള മോഡലുകൾ നിർമിക്കാൻ  ചെന്നൈ ശാലയ്ക്കാവുമെന്നും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ വർഷം വ്യത്യസ്ത രാജ്യങ്ങൾക്കായി 792 വകഭേദങ്ങളിലായി 1,81,200 യൂണിറ്റാണ് എച്ച് എം ഐ എൽ കയറ്റുമതി ചെയ്തത്.കഴിഞ്ഞ വർഷത്തെ കണക്കനുസരിച്ച് ഇന്ത്യയിൽ നിന്നുള്ള കാർ കയറ്റുമതിയിൽ 26% വിഹിതമാണ് ഹ്യുണ്ടേയ് അവകാശപ്പെടുന്നത്; രാജ്യത്തെ കാർ നിർമാതാക്കളിൽ കയറ്റുമതിയിൽ ആദ്യ സ്ഥാനവും കമ്പനിക്കാണ്. പോരെങ്കിൽ മാസങ്ങൾക്കു മുമ്പ് ഇന്ത്യയിൽ നിന്നുള്ള മൊത്തം വാഹന കയറ്റുമതി 30 ലക്ഷം യൂണിറ്റിലെത്തിക്കാനും ഹ്യുണ്ടേയിക്കു സാധിച്ചു. 

ദക്ഷിണ അമേരിക്കയിലെ 32 രാജ്യങ്ങളിലേക്കും ആഫ്രിക്കയിലെ 28 രാജ്യങ്ങളിലേക്കും ഏഷ്യ പസഫിക് മേഖലയിലെ 26 വിപണികളിലേക്കും നോർത്ത് അമേരിക്കയിലും യൂറോപ്പിലും ഓരോ രാജ്യങ്ങളിലേക്കും ഹ്യുണ്ടേയ് ഇന്ത്യൻ നിർമിത വാഹനങ്ങൾ കയറ്റുമതി ചെയ്യുന്നുണ്ട്. ‘ആറ്റോസ്’(‘സാൻട്രോ’), ‘ഗ്രാൻഡ് ഐ 10’, ‘എക്സെന്റ്’, ‘ഗ്രാൻഡ് ഐ 10 നിയോസ്’, ‘ഗ്രാൻഡ് ഐ 10 ഓറ’, ‘എലീറ്റ് ഐ 20’, ‘ഐ 20 ആക്ടീവ്’, ‘അക്സന്റ്’(‘വെർണ’), ‘വെന്യൂ’, ‘ക്രേറ്റ’ എന്നീ  10 മോഡലുകളാണ് എച്ച് എം ഐ എൽ ഇന്ത്യയിൽ നിർമിച്ചു കയറ്റുമതി ചെയ്യുന്നത്.

English Summary: Hyundai Creta Crosses Cumulative Exports Milestone of 2 Lakh

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com