ADVERTISEMENT

ജനറല്‍ മോട്ടോഴ്‌സ് അവതരിപ്പിച്ച വൈദ്യുതിയിലോടുന്ന ഹമ്മർ വിറ്റു തീര്‍ന്നത് വെറും പത്തു മിനിറ്റില്‍. പെര്‍ഫോമെന്‍സിലും സ്‌റ്റൈലിലും മുന്നിലുള്ളപ്പോഴും അന്തരീക്ഷ മലിനീകരണത്തിന്റെ ദുഷ്‌പേരിലാണ് ഹമ്മറിനെ 2010ല്‍ പിന്‍വലിക്കാന്‍ ജിഎം നിര്‍ബന്ധിതരായത്. പത്തുവര്‍ഷത്തിന് ശേഷം എല്ലാവരേയും ഞെട്ടിച്ച് ഹമ്മറിന്റെ വൈദ്യുതിയിലോടുന്ന മോഡല്‍ ഹമ്മര്‍ ഇവി അവതരിപ്പിക്കുകയായിരുന്നു. ഇപ്പോഴിതാ ബുക്കിങ് ആരംഭിച്ച് മിനിറ്റുകള്‍ക്കകം ഹമ്മറിന്റെ പുതിയ അവതാരത്തെ ആരാധകര്‍ സ്വന്തമാക്കിയിരിക്കുന്നു.

അടുത്തവര്‍ഷം ആദ്യം പുറത്തിറങ്ങുമെന്ന് പ്രതീക്ഷിക്കുന്ന ഹമ്മര്‍ ഇവിയുടെ ബുക്കിങ്ങാണ് ജനറല്‍ മോട്ടോഴ്‌സ് സ്വീകരിച്ചത്. ഹമ്മര്‍ ഇവി ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ 563 കിലോമീറ്റര്‍ സഞ്ചരിക്കും. ഗള്‍ഫ് യുദ്ധകാലത്ത് ശക്തിതെളിയിച്ചതോടെയാണ് ഹമ്മര്‍ ആഗോളതലത്തില്‍ ശ്രദ്ധിക്കപ്പെടുന്നത്. യുദ്ധടാങ്കിനോട് സമാനമായ രൂപമുള്ള ഈ ട്രക്ക് പിന്നീട് 2008ലെ സാമ്പത്തിക പ്രതിസന്ധി വരെ ജിഎമ്മിന്റെ അഭിമാനമായിരുന്നു. സാമ്പത്തിക പ്രതിസന്ധിക്കൊപ്പം മലിനീകരണത്തിന്റെ പ്രശ്‌നങ്ങള്‍ കൂടി വന്നതോടെ ഒരു ദശാബ്ദം മുമ്പ് ഹമ്മറിന്റെ നിര്‍മ്മാണം ജിഎം നിര്‍ത്തുകയായിരുന്നു. 

gmc-hummer-2

തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ സ്പാര്‍ക്ക്, ബോള്‍ട്ട്, വോള്‍ട്ട് തുടങ്ങി ചെറുകാറുകള്‍ പലതും ജിഎം പുറത്തിറക്കിയെങ്കിലും വിപണിയിൽ വലിയ ചലനങ്ങൾ ഉണ്ടാക്കിയില്ല. ഒടുവില്‍ തങ്ങളുടെ സൂപ്പര്‍ഹിറ്റ് മോഡലിലേക്കു തന്നെ ജിഎം തിരിച്ചുപോവുകയായിരുന്നു. അതേ പെര്‍ഫോമെന്‍സില്‍ മലിനീകരണമില്ലാത്ത മോഡലെന്ന ജിഎമ്മിന്റെ സ്വപ്‌നമാണ് ഹമ്മര്‍ ഇവിയിലൂടെ യാഥാര്‍ഥ്യമാകുന്നത്.

gmc-hummer-3

പെട്രോളിയം ഇന്ധനത്തില്‍ നിന്നു വൈദ്യുതിയിലേക്കുള്ള മാറ്റം തന്നെയാണ് ഹമ്മറിന്റെ പുതിയ മോഡലിന്റെ ഏറ്റവും വലിയ മാറ്റം. പത്തു വര്‍ഷം മുമ്പ് ഹമ്മറിന്റെ ഉല്‍പാദനം നിര്‍ത്തുന്ന കാലത്തെ അപേക്ഷിച്ച് വൈദ്യുതി വാഹനങ്ങള്‍ ഏറെ പുരോഗമിച്ചുവെന്ന യാഥാര്‍ഥ്യം ഉള്‍ക്കൊണ്ടുകൊണ്ടാണ് ഹമ്മറിന്റെ പുതിയ വരവ്. ഫോര്‍ഡിന്റെ ഇലക്ട്രിക് എഫ് 150യും ടെസ്‌ലയുടെ സൈബര്‍ ട്രക്കുമാണ് ഹമ്മറിന്റെ പ്രധാന എതിരാളികള്‍. ഈ രണ്ട് സൂപ്പര്‍ മോഡല്‍ വാഹനങ്ങളും അടുത്തവര്‍ഷമോ 2022 അവസാനത്തോടെയോ വിപണിയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

gmc-hummer-7

ഏതാണ്ട് ഒന്നര വര്‍ഷം കൊണ്ടാണ് ജിഎം ഹമ്മറിന്റെ ഇലക്ട്രിക് പതിപ്പിനെ പുറത്തിറക്കിയിരിക്കുന്നത്. മുന്നിലേയും പിന്നിലേയും ചക്രങ്ങള്‍ ഒരേ ദിശയിലേക്ക് ചലിപ്പിക്കാന്‍ കഴിയുന്ന 'ക്രാബ് വാക്ക്' ഏതു ദുഷ്‌കര പാതയിലും ഹമ്മറിനെ സഹായിക്കും. പൂജ്യത്തില്‍ നിന്നും മണിക്കൂറില്‍ 97 കിലോമീറ്റര്‍ വേഗത്തിലെത്താന്‍ ഹമ്മറിന് വെറും മൂന്ന് സെക്കന്റ് സമയം മതി. 

gmc-hummer-6

കൂടുതല്‍ ബോള്‍ഡായ എന്നാല്‍ സാങ്കേതികവിദ്യകള്‍ പരമാവധി ഉള്‍ക്കൊള്ളിച്ചുള്ള ഡിസൈനാണ് ജിഎം ഹമ്മറിനായി തെരഞ്ഞെടുത്തിരിക്കുന്നത്. 35 ഇഞ്ച് ടയറുകള്‍ ആവശ്യമെങ്കില്‍ 37 ഇഞ്ചാക്കി മാറ്റാനും സൗകര്യമുണ്ട്. 18 ക്യാമറകളാണ് ഹമ്മറിനകത്തും പുറത്തുമായി സജ്ജീകരിച്ചിരിക്കുന്നത്. ഓഫ് റോഡ് റൈഡിനിടെ ഉണ്ടാകുന്ന തടസങ്ങളെ തിരിച്ചറിയാന്‍ വാഹനത്തിനടിയില്‍ വരെ ക്യാമറ സജ്ജീകരിച്ചിട്ടുണ്ട്. ഹമ്മര്‍ ഇവിക്കുള്ളിലെ ഇന്‍ഫോടെയിന്‍മെന്റ് സ്‌ക്രീനിന്റെ വലുപ്പം 13.4 ഇഞ്ചാണ്. ആവശ്യമെങ്കില്‍ തുറന്നുവെക്കാവുന്ന റൂഫും ഹമ്മര്‍ ഇവിക്കുണ്ട്. ഓഫ് റോഡ് രാജാവെന്ന് വിശേഷിപ്പിക്കാവുന്ന ഹമ്മര്‍ ഇവി-ക്ക് 1,12,595 ഡോളറാണ്(ഏതാണ്ട് 83 ലക്ഷം രൂപ) വിലയിട്ടിരിക്കുന്നത്. അതേസമയം എത്ര ഹമ്മറുകളാണ് പത്തു മിനുറ്റിനുള്ളില്‍ ബുക്കു ചെയ്യപ്പെട്ടതെന്ന് ജിഎം പുറത്തുവിട്ടിട്ടില്ല.

English Summary: Know More About GMC Electric Hummer

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com