ADVERTISEMENT

അനാവശ്യമായി ഹസാഡ് ലൈറ്റ് ഉപയോഗിച്ച വാഹനങ്ങൾക്ക് പിഴ നൽകി ഷില്ലോങ് പൊലീസ്. മോട്ടർ വെഹിക്കിൾ ആക്ട് സെക്ഷൻ 177 പ്രകാരം 100 രൂപ മുതൽ 300 രൂപ വരെയാണ് നേരെ പോകാൻ ഹസാഡ് ലൈറ്റ് ഇട്ടവർക്ക് പിഴയായി നൽകിയത്. ജംഗ്ഷനുകളിൽ നേരെ പോകാനല്ല ഹസാ‍‍ഡ് ലൈറ്റുകൾ ഉപയോഗിക്കുന്നതെന്നും അതുകൊണ്ട് അത്തരത്തിൽ ഹസാഡ് ലൈറ്റുകൾ ഉപയോഗിക്കുന്നവർക്ക് ഫൈൻ നൽകുമെന്നുമാണ് ഷില്ലോങ് പൊലീസ് പറയുന്നത്. 

എന്തിനാണ് ഹസാഡ് ലൈറ്റുകൾ

ട്രാഫിക് നിയമങ്ങളെക്കുറിച്ചുള്ള അറിവില്ലായ്മയാണ് അപകടങ്ങൾ ക്ഷണിച്ചു വരുത്തുന്നത്. ലൈൻ ട്രാഫിക്, റോഡിലെ വരകൾ, ഹസാഡ് ലൈറ്റുകൾ തുടങ്ങിയവയെപ്പറ്റിയുള്ള കാര്യങ്ങൾ പലർക്കും അറിയില്ല. നിയമങ്ങളും ട്രാഫിക് മര്യാദകളും പാലിച്ച് വാഹനമോടിച്ചാൽ അപകടം ഗണ്യമായി കുറയും. അറിവില്ലായ്മകൊണ്ട് സംഭവിക്കുന്നത് പിന്നീട് ഒരു ശീലവും അപ്രഖ്യാപിത ട്രാഫിക് നിയമവുമായി മാറുന്ന കാഴ്ചയാണ് ഹസാഡ് ലൈറ്റിന്റെ കാര്യത്തിലുള്ളത്.

നാലും കൂടിയ ജങ്ഷനിൽ നേരെ പോകാനാണ് എല്ലാവരും ഇപ്പോൾ ഹസാഡ് ലൈറ്റുകൾ ഉപയോഗിക്കുന്നത്. സാധാരണ ഗതിയില്‍ ഇടത്തേക്ക് പോകുമ്പോള്‍ ഇടതുവശത്തെ ഇൻഡിക്കേറ്ററും വലത്തേക്ക് പോകുമ്പോള്‍ വലതുവശത്തെ ഇൻഡിക്കേറ്ററുമാണല്ലോ ഇടുന്നത് അപ്പോള്‍ നാലും കൂടിയ ജംഗ്ഷനില്‍ നേരേ പോകുന്നതിന് രണ്ടും ഇട്ടാല്‍ മതിയല്ലോ എന്നാണ് പൊതുവെയുള്ള ധാരണ.

ഈ തെറ്റിധാരണയിൽ നിന്നാണ് ഹസാഡ് ലൈറ്റുകൾ പ്രവർത്തിക്കുന്നത്. നാലും കൂടിയ ജംഗ്ഷനുകളിൽ നേരേ പോകണമെങ്കിൽ രണ്ട് ഇൻഡിക്കേറ്ററും പ്രവർത്തിപ്പിക്കാതിരുന്നാൽ മതി അല്ലാതെ ഹസാഡ് ഉപയോഗിക്കുകയല്ല ചെയ്യേണ്ടത്. പേര് സൂചിപ്പിക്കുന്നതുപോലെ എന്തെങ്കിലും അപകട സാധ്യതയുണ്ടെങ്കിലാണ് ഹസാഡ് ലൈറ്റുകള്‍ ഉപയോഗിക്കേണ്ടത്. വാഹനത്തിന് എന്തെങ്കിലും തകരാര്‍ സംഭവിച്ച് റോഡില്‍ കിടന്നുപോയാല്‍ ഈ സ്വിച്ച് ഓണ്‍ ചെയ്യുക. റോഡരികില്‍ ഒരു വാഹനം കിടപ്പുണ്ട് എന്ന സൂചന മറ്റു വാഹനമോടിക്കുന്നവര്‍ക്ക് നല്‍കാന്‍ ഇതുസഹായിക്കും, രാത്രി കാലങ്ങളില്‍ പ്രത്യേകിച്ചും.

തിരക്കുപിടിച്ച റോഡിലൂടെ ഒരു വാഹനത്തിന്‌ പതിയെ പോകേണ്ട സാഹചര്യമുണ്ടായാൽ (ഭാരം കയറ്റിയ വാഹനങ്ങൾ, മറ്റൊരു വാഹനത്തെ കെട്ടിവലിച്ചു കൊണ്ടുപോകുന്ന വാഹനങ്ങൾ) ഹസാഡ് വാണിങ്ങ് പ്രവർത്തിപ്പിക്കാം. മോട്ടോർ വാഹന നിയമപ്രകാരം വാഹനം ഓടിക്കുമ്പോൾ ഒരിക്കലും ഹസാഡ് ലൈറ്റ് പ്രവർത്തിപ്പിക്കരുത് അല്ലെങ്കിൽ നിങ്ങളുടെ വാഹനംകെട്ടി വലിച്ചുകൊണ്ടു പോകുകയായിരിക്കണം. അതുപോലെ തന്നെ മഴയുള്ളപ്പോഴും, മൂടൽ മഞ്ഞുള്ളപ്പോഴും ഹസാഡ് പ്രവർത്തിപ്പിക്കുന്നത് കുറ്റകരമാണ്.

English Summary: Police to fine Drivers for Misusing Hazard Warning Lights

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com