ADVERTISEMENT

തമിഴ്നാട്ടിലെ കാർ നിർമാണ സൗകര്യം വികസിപ്പിക്കാൻ 150 കോടി രൂപ കൂടി നിക്ഷേപിക്കാൻ ദക്ഷിണ കൊറിയൻ നിർമാതാക്കളായ ഹ്യുണ്ടേയ് മോട്ടോർ ഇന്ത്യ ലിമിറ്റഡ്(എച്ച് എം ഐ എൽ) ഒരുങ്ങുന്നു. വിവിധ മേഖലകളിൽ യുവാക്കളെ പരിശീലിപ്പിക്കാൻ ലക്ഷ്യമിടുന്ന ഹ്യുണ്ടേയ് അക്കാദമി ഓഫ് ടെക്നിക്കൽ സ്കിൽസ്(എച്ച് എ ടി എസ്) സ്ഥാപിക്കാനാണു പുതിയ നിക്ഷേപത്തിൽ ഗണ്യമായ പങ്കും കമ്പനി ചെലവിടുക. അക്കാദമിയിൽ പ്രതിവർഷം 5,000 പേർക്കു പരിശീലനം നൽകാനാണു ഹ്യുണ്ടേയ് ലക്ഷ്യമിടുന്നത്.

ചെന്നൈയയ്ക്കടുത്ത് ശ്രീപെരുംപുത്തൂരിലെ ഇരുങ്ങാട്ടുകോട്ടൈയിലാണു ഹ്യുണ്ടേയ് മോട്ടോർ ഇന്ത്യയുടെ രണ്ട് സംയോജിത നിർമാണശാലകൾ പ്രവർത്തിക്കുന്നത്. പുതിയ സംരംഭത്തിനായി ഇതിനടുത്തുതന്നെ ഹ്യുണ്ടേയ് ഭൂമിയും വാങ്ങിക്കഴിഞ്ഞു. എന്നാൽ കെട്ടിട നിർമാണത്തിനു തുടക്കമായിട്ടില്ല. മനുഷ്യ കേന്ദ്രീകൃതമായ കണ്ടുപിടുത്തങ്ങൾക്കും സഞ്ചാര മേഖലയിലെ പുത്തൻ പരിഹാരമാർഗങ്ങൾക്കും പ്രാപ്തമാവുംവിധത്തിൽ യുവാക്കളെ പരിശീലിപ്പിക്കാനും അതിനുള്ള പരീക്ഷണശായി പ്രവർത്തിക്കാനും ലക്ഷ്യമിട്ടാണു ഹ്യുണ്ടേയ് എച്ച് എ ടി എസ് ആരംഭിക്കുന്നത്. പരീക്ഷണ, ഗവേഷണ രംഗങ്ങളിൽ വ്യക്തമായ മേൽക്കൈ നേടാനും ആഗോളതലത്തിൽ തന്നെ എച്ച് എ ടി എസിനെ ശ്രദ്ധാകേന്ദ്രമാക്കി മാറ്റാനുമാണു ഹ്യുണ്ടേയ്  ആഗ്രഹിക്കുന്നത്.

ഇന്ത്യയിൽ പ്രവർത്തനം ആരംഭിക്കുന്ന മുൻനിര കമ്പനികൾക്ക് ഉപയോഗപ്രദമാവും വിധത്തിലുള്ള പ്രതിഭകളെ വാർത്തെടുക്കാനായി 6.45 ഏക്കർ സ്ഥലത്താണു ഹ്യുണ്ടേയ് മോട്ടോർ ഇന്ത്യ ഫൗണ്ടേഷൻ എച്ച് എ ടി എസ് സ്ഥാപിക്കുന്നത്. അക്കാദമിയിൽ അത്യാധുനിക സൗകര്യങ്ങളും സംവിധാനങ്ങളുമൊക്കെയാണു ഹ്യുണ്ടേയ് വാഗ്ദാനം ചെയ്യുന്നത്. 

പുതിയ സംരംഭത്തിന്റെ ഉദ്ഘാടനം ഓൺലൈൻ സംവിധാനത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി കെ പളനിസ്വാമി നിർവഹിച്ചു. സംസ്ഥാന വ്യവസായ മന്ത്രി എം സി സമ്പത്ത്, ചീഫ് സെക്രട്ടറി കെ ഷൺമുഖം, വ്യവസായ പ്രിൻസിപ്പൽ സെക്രട്ടറി എം മുരുഗാനന്ദം, ഗൈഡൻസ് തമിഴ്നാട് മാനേജിങ് ഡയറക്ടറും ചീഫ് എക്സിക്യൂട്ടീവ് ഓഫിസറുമായ നീരജ് മിത്തൽ, ഹ്യുണ്ടേയ് മോട്ടോർ ഇന്ത്യ മാനേജിങ് ഡയറക്ടറും ചീഫ് എക്സിക്യൂട്ടീവ് ഓഫിസറുമായ എസ് എസ് കിം തുടങ്ങിയരുടെ സാന്നിധ്യത്തിലായിരുന്നു അക്കാദമി ഉദ്ഘാടനം

നിലവിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി ഹ്യുണ്ടേയ്  എട്ടു മേഖലാതല പരിശീലന കേന്ദ്രങ്ങൾ നടത്തുന്നുണ്ട്. ഹ്യുണ്ടേയ് ഡീലർഷിപ്പുകളിലെ ജീവനക്കാർക്ക് സാങ്കേതികതലത്തിലും ഷോറൂം പ്രവർത്തനവുമായി ബന്ധപ്പെട്ട വിഷയങ്ങളിലും പരിശീലനം നൽകുകയാണ് ഈ കേന്ദ്രങ്ങളുടെ ദൗത്യം. 

English Summary: Hyundai to set up Rs 150 crore training school near Chennai

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com