ADVERTISEMENT

വലന്‍സിയ ഗ്രാന്റ് പ്രീയുടെ യോഗ്യതാ മത്സരത്തിനിടെ അപകടത്തില്‍പെട്ട മോട്ടോ2 ലോകചാമ്പ്യന്‍ അലക്‌സ് മാര്‍ക്കസ് നിസ്സാര പരിക്കുകളോടെ അദ്ഭുതകരമായി രക്ഷപ്പെട്ടു. ബൈക്കില്‍ നിന്നു തെറിച്ചുയര്‍ന്ന് തലകുത്തി മറിഞ്ഞ ശേഷം ട്രാക്കിലേക്ക് ഇരിക്കുന്ന നിലയിലേക്കാണ് അദ്ദേഹം വീണത്. ഏറെ ദൂരം പിന്നീട് നിരങ്ങി പോയ ശേഷമാണ് മാര്‍ക്കേസും അദ്ദേഹം ഓടിച്ചിരുന്ന സൂപ്പര്‍ബൈക്കും നിന്നത്. 

കാണുന്നവര്‍ തലയില്‍ കൈവെച്ചുപോവുന്ന അപകടമാണ് വലന്‍സിയ ഗ്രാന്റ്പ്രീ യോഗ്യതക്കിടെ സ്പാനിഷുകാരനായ അലക്‌സ് മാര്‍ക്കേസിനുണ്ടായത്. ട്രാക്കിന്റെ പതിനൊന്നാം വളവില്‍ വച്ചായിരുന്നു അപകടം. വളവിന് മുമ്പ് ബ്രേക്ക് ചെയ്യുന്നതിലുണ്ടായ പാളിച്ചയാണ് അപകടകാരണമെന്നാണ് കരുതുന്നത്. നിയന്ത്രണം വിട്ട് വളഞ്ഞു പുളഞ്ഞ ബൈക്കില്‍ നിന്നും മാര്‍ക്കേസ് മുന്നിലേക്ക് തെറിച്ചുയരുകയായിരുന്നു. വായുവില്‍ തലകുത്തി മറിഞ്ഞ ശേഷം ഇരിക്കുന്ന പോലെ പിന്‍ഭാഗം ഇടിച്ചാണ് അദ്ദേഹം വീണത്.

താന്‍ മികച്ച സമയത്തില്‍ ഫിനിഷ് ചെയ്യാന്‍ അതിസാഹസത്തിന് ശ്രമിച്ചതാണ് അപകടത്തിനിടയാക്കിയതെന്നാണ് പിന്നീട് മാര്‍ക്കേസ് തന്നെ പറഞ്ഞത്. അപകടശേഷവും ഹോണ്ടയുടെ മറ്റൊരു ബൈക്കുമായി റേസ് പൂര്‍ത്തിയാക്കാനായിരുന്നു അദ്ദേഹത്തിന്റെ ശ്രമം. എന്നാല്‍ ഒരു ലാപ്പ് പൂര്‍ത്തിയാക്കും മുമ്പേ ശരീരത്തിന്റെ വേദന തിരിച്ചറിഞ്ഞ് മാര്‍ക്കേസ് പിന്മാറുകയായിരുന്നു. പിന്നീട് വിശദമായ പരിശോധനകള്‍ക്കുവേണ്ടി അലക്‌സ് മാര്‍ക്കേസിനെ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. തുടര്‍ന്ന് ഇടതുകൈക്ക് നീര്‍ക്കെട്ടുണ്ടെന്ന് തെളിഞ്ഞു. ഗുരുതരമായ പ്രശ്നങ്ങളില്ലെന്ന് അറിഞ്ഞത് മാര്‍ക്കേസിനും ടീമിനും ആശ്വാസവാര്‍ത്തയായിരുന്നു.

മോട്ടോര്‍സൈക്കിള്‍ റോഡ് റേസര്‍മാരില്‍ തന്നെ ഏറ്റവും മികച്ച റെക്കോഡുള്ള മാര്‍ക്ക് മാര്‍ക്കേസിന്റെ സഹോദരനാണ് അലക്‌സ് മാര്‍ക്കേസ്. എട്ട് മോട്ടോ ജിപി ലോകകിരീടങ്ങള്‍ നേടിയിട്ടുള്ള മാര്‍ക്കും ഇപ്പോള്‍ താല്‍ക്കാലികമായി റേസ് ട്രാക്കില്‍ നിന്നും മാറി നില്‍ക്കുകയാണ്. ഈ വര്‍ഷമാദ്യം ഉണ്ടായ അപകടത്തില്‍ കൈക്ക് സംഭവിച്ച പരിക്കുകളാണ് മാര്‍ക്കിന് തിരിച്ചടിയായത്.

അലക്‌സ് മാര്‍ക്കേസിന്റെ അപകടത്തിന്റെ വിഡിയോ ശ്രദ്ധയോടെ കാണുന്നവരെല്ലാം തൊട്ടു പിന്നാലെ വന്നയാളേയും ശ്രദ്ധിച്ചിരിക്കും. ഭാഗ്യത്തിന്റേയും സമചിത്തതയോടെയുള്ള ഡ്രൈവിംഗിന്റേയും സഹായത്തിലാണ് അലക്‌സിന് പിന്നാലെയുണ്ടായിരുന്ന കെടിഎമ്മിന്റെ ബ്രാഡ് ബിന്‍ഡര്‍ രക്ഷപ്പെട്ടത്. 'എനിക്ക് ഭാഗ്യമുണ്ട്. വളവിന് അല്‍പം മുമ്പു തന്നെ അലക്‌സ് ബൈക്ക് ചെരിച്ചിരുന്നു. നനഞ്ഞ ട്രാക്കില്‍ വെള്ളം ഉണ്ടാവാന്‍ സാധ്യതയുണ്ട്. ഇടത്തേക്ക് അല്‍പം ചേര്‍ത്തെടുക്കാന്‍ അപ്പോള്‍ തോന്നിയതാണ് തുണച്ചത്. തൊട്ടുപിന്നിലായിരുന്നെങ്കില്‍ അലക്‌സിന്റെ ബൈക്ക് എന്റെ ബൈക്കിന്റെ ഹാന്‍ഡിലിലോ എനിക്ക് മുകളിലോ വീഴുമായിരുന്നു. കൂടുതല്‍ അപകടമുണ്ടാവാതെ രക്ഷപ്പെട്ടതില്‍ സന്തോഷം' എന്നായിരുന്നു അപകടത്തെക്കുറിച്ച് പിന്നീട് ബ്രാഡ് ബിന്‍ഡര്‍ ഓര്‍ത്തെടുത്തത്.

English Summary: Motorcycle Champ Flips over top of Bike at MotoGP, Bounces Backside First on Track in Horror Crash

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com