ADVERTISEMENT

ഓൺലൈൻ വിപണന ചാനലുകൾ വഴി രണ്ടു ലക്ഷം കാറുകൾ വിറ്റഴിച്ചതായി രാജ്യത്തെ ഏറ്റവും വലിയ കാർ നിർമാതാക്കളായ മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ്(എം എസ് ഐ എൽ). രണ്ടു വർഷം മുമ്പ് അവതരിപ്പിച്ച ഓൺലൈൻ സെയിൽസ് പ്ലാറ്റ്ഫോമുമായി രാജ്യത്തെ ആയിരത്തോളം ഡീലർഷിപ്പുകളെ ബന്ധിപ്പിച്ചതായും കമ്പനി അറിയിച്ചു.

പുതിയ ഡിജിറ്റൽ ചാനൽ 2018ൽ അവതരിപ്പിച്ചശേഷം ഇത്തരം മാധ്യമങ്ങളിലൂടെയുള്ള അന്വേഷണങ്ങളിൽ മൂന്നിരട്ടി വർധന രേഖപ്പെടുത്തിയതായി മാരുതി സുസുക്കി ഇന്ത്യ എക്സിക്യൂട്ടീവ് ഡയറക്ടർ(മാർക്കറ്റിങ് ആൻഡ് സെയിൽസ്) ശശാങ്ക് ശ്രീവാസ്തവ വെളിപ്പെടുത്തി. കഴിഞ്ഞ വർഷം ഏപ്രിൽ മുതൽ ഡിജിറ്റൽ ചാനലുകളിലൂടെ കൈവരിച്ച വാഹന വിൽപ്പനയാവട്ടെ രണ്ടു ലക്ഷം യൂണിറ്റിലേറെയാണ്. കമ്പനിയുടെ വിവിധ ഡിജിറ്റൽ ചാനലുകളിലൂടെ മൊത്തം 21 ലക്ഷത്തിലേറെ അന്വേഷണങ്ങൾ ലഭിച്ചെന്നാണു മാരുതി സുസുക്കിയുടെ കണക്ക്.

ഓൺലൈൻ രീതിയിൽ ഉപയോക്താക്കൾ നടത്തുന്ന അന്വേഷണങ്ങളിൽ ഡിജിറ്റൽ സംവിധാനങ്ങളാണു പുതിയ കാർ വിൽപ്പനയുടെ 95 ശതമാനത്തെയും സ്വാധനീക്കുന്നതെന്ന് ‘ഗൂഗ്ൾ ഓട്ടോ ഗീയർ ഷിഫ്റ്റ് ഇന്ത്യ 2020 റിപ്പോർട്ട്’ ഉദ്ധരിച്ചു ശ്രീവാസ്തവ വിശദീകരിച്ചു. ഓൺലൈൻ സംവിധാനത്തിലെ വ്യാപക അന്വേഷണത്തിനു ശേഷമാണു മിക്കവാറുമെല്ലാവരും ഡീലർഷിപ്പുകളിലെത്തി കാർ വാങ്ങുന്നത്. വാഹനത്തെക്കുറിച്ചുള്ള അന്വേഷണങ്ങൾക്ക് ഉപയോക്താക്കൾ പൂർണമായും ഓൺലൈൻ സംവിധാനങ്ങളെയാണ് ആശ്രയിക്കുന്നത്. ആനുകൂല്യങ്ങളും ഇളവുകളുമൊക്കെ ഉറപ്പാക്കാനാണ് പലരും ഡീലർമാരെ സമീപിക്കുന്നതെന്നും അദ്ദേഹം കരുതുന്നു.മാരുതിയുടെ ഡിജിറ്റൽ ചാനലുകൾ വഴി അന്വേഷണം നടത്തുന്നവർ 10 ദിവസത്തിനുള്ളിൽ പുതിയ കാർ വാങ്ങുന്നുണ്ടെന്നും ശ്രീവാസ്തവ അവകാശപ്പെട്ടു. 

ഏറ്റവുമടുത്തുള്ള കാർ ഡീലറുമായി സമ്പർക്കം ഉറപ്പാക്കാൻ ലക്ഷ്യമിട്ടാണു മാരുതി സുസുക്കി ഹൈപ്പർ ലോക്കൽ പ്ലാറ്റ്ഫോമിൽ നിക്ഷേപം നടത്തിയതെന്നും അദ്ദേഹം വിശദീകരിച്ചു. അടുത്ത കാലത്തായി വൻ വളർച്ച കൈവരിച്ചതും ഈ വിഭാഗമാണ്. കഴിഞ്ഞ രണ്ടു വർഷത്തിനിടെ മൂവായിരത്തോളം ഓൺലൈൻ ടച്പോയിന്റുകളിലായി ആയിരത്തിലേറെ ഡീലർഷിപ്പുകളെ ഡിജിറ്റൽ ചാനലുകളെ സംയോജിപ്പിച്ചതായും അദ്ദേഹം അറിയിച്ചു.

പുതിയ കാറുകൾക്കുള്ള ബുക്കിങ് 2017 മുതലാണു മാരുതി സുസുക്കി ഓൺലൈൻ വ്യവസ്ഥയിൽ സ്വീകരിച്ചു തുടങ്ങിയത്. ഉപയോക്താക്കളുടെ അഭിരുചി ഓൺലൈൻ സംവിധാനങ്ങളിൽ കേന്ദ്രീകരിച്ചതോടെ ഡീലർഷിപ്പുകളുടെ വെബ്സൈറ്റിലും അന്വേഷണങ്ങൾ വർധിക്കുന്നുണ്ടെന്നു കമ്പനി വിലയിരുത്തുന്നു.

English Summary: Maruti Suzuki India Sold More Than 200,000 Cars Through Online Channel

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com