ADVERTISEMENT

സാധാരണ വാഹനങ്ങള്‍ക്ക് ചെയ്യാനാവാത്ത പലതും ചെയ്യുന്നവയാണ് മോണ്‍സ്റ്റര്‍ ട്രക്കുകള്‍. എന്നാല്‍ ഈ മോണ്‍സ്റ്റര്‍ ട്രക്കിന്റെ പ്രകടനം വേറെ ലെവലാണ്. സമുദ്രത്തിന് നടുവിലൂടെ ഒഴുകിയോടിച്ചാണ് ഈ മോണ്‍സ്റ്റര്‍ട്രക്ക് എല്ലാവരേയും അത്ഭുതപ്പെടുത്തുന്നത്. വിസ്‌ലിൽ ഡീസല്‍ എന്ന പേരിലറിയപ്പെടുന്ന യുട്യൂബര്‍ കോഡി ഡെറ്റ്‌വില്ലറാണ് ഈ അസാധാരണ സാഹസം ചെയ്തത്. 

ഞെട്ടിക്കുന്ന കാഴ്ച്ചകളൊരുക്കി വീഡിയോകള്‍ക്ക് കാഴ്ച്ചക്കാരെ കൂട്ടുകയെന്ന യുട്യൂബര്‍മാരുടെ പതിവു തന്ത്രമാണ് ഇവിടെയും പ്രയോഗിച്ചിരിക്കുന്നത്. എന്നാല്‍ വിസ്‌ലിന്‍ഡീസല്‍ എന്ന യുട്യൂബറുടെ ഈ സാഹസം കടന്നുപോയെന്ന് കരുതുന്നവര്‍ ഏറെ. ഫ്‌ളോറിഡയിലെ ബ്രാഡെന്‍ടണ്‍ ബീച്ചിനും ലോങ്‌ബോട്ട് കീക്കും ഇടയിലുള്ള സമുദ്രത്തിലൂടെയാണ് ഈ ഷെവര്‍ലോട്ട് സില്‍വെറാഡോ മോണ്‍സ്റ്റര്‍ ട്രക്ക് ഓടിച്ചത്. 

പ്രത്യേകം ഘടിപ്പിച്ച എട്ട് കൂറ്റന്‍ ടയറുകളാണ് മോണ്‍സ്റ്റര്‍ ട്രക്കിനെ വെള്ളത്തില്‍ പൊങ്ങിക്കിടക്കാന്‍ സഹായിച്ചത്. പൊലീസും കോസ്റ്റ്ഗാര്‍ഡും അടക്കമുള്ളവര്‍ യുട്യൂബറുടെ സാഹസികപ്രവൃത്തി ചോദ്യം ചെയ്ത് എത്തിയിരുന്നു. തന്റെ മോണ്‍സ്റ്റര്‍ ട്രക്കിന് വെള്ളത്തില്‍ ഓടിക്കാന്‍ വേണ്ട നിയമപരമായ യോഗ്യതയുണ്ടെന്നാണ് യുട്യൂബര്‍ ഇവരോടെല്ലാം വാദിച്ചത്. ബോട്ട് നമ്പറും ലൈഫ് ജാക്കറ്റുകളും അഗ്നിശമന ഉപകരണങ്ങളും കരുതിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. 

മേലുദ്യോഗസ്ഥരെ ഫോണ്‍ ചെയ്ത് യുട്യൂബര്‍ക്ക് ഫോണ്‍ കൈമാറുന്നതും യുട്യൂബ് വീഡിയോയിലുണ്ട്. ഫോണിലൂടെയും തന്റെ വാദങ്ങള്‍ വിസ്‌ലിന്‍ ഡീസല്‍ ആവര്‍ത്തിക്കുകയാണ്. പോലീസും കോസ്റ്റ് ഗാര്‍ഡുമെല്ലാം ആശയക്കുഴപ്പത്തിലായ അവസരം മുതലാക്കി സമയമൊട്ടും പാഴാക്കാതെ മോണ്‍സ്റ്റര്‍ ട്രക്ക് സമുദ്രത്തിലേക്കിറക്കുകയായിരുന്നു. 

നേരത്തെ സമുദ്രത്തില്‍ ഇറക്കുന്നതിന് മുമ്പ് മോണ്‍സ്റ്റര്‍മാക്‌സിനെ കൃത്രിമ തടാകത്തില്‍ ഇറക്കി പരീക്ഷിക്കുന്നതിന്റെ വീഡിയോയും ഡെറ്റ്‌വില്ലര്‍ പുറത്തുവിട്ടിരുന്നു. സമുദ്ര സഞ്ചാരത്തിനുള്ള മുന്നൊരുക്കമെന്നാണ് ഈ വീഡിയോയെ അദ്ദേഹം വിശേഷിപ്പിച്ചിരുന്നത്. 

ഡീസലില്‍ ഓടുന്ന ഈ സില്‍വെറാഡോ ട്രക്കിനെ മോണ്‍സ്റ്റര്‍മാക്‌സ് എന്നാണ് യുട്യൂബര്‍ വിളിക്കുന്നത്. നേരത്തെയും ഇതേ ട്രക്കിന്റെ നിരവധി വീഡിയോകള്‍ യുട്യൂബില്‍ ഇടുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ അതിനേക്കാളെല്ലാം സൂപ്പര്‍ഹിറ്റായത് മോണ്‍സ്റ്റര്‍മാക്‌സിന്റെ സമുദ്രസഞ്ചാരം തന്നെ. യുട്യൂബില്‍ 14 ലക്ഷത്തിലേറെ സബ്‌സ്‌ക്രൈബേഴ്‌സുള്ള വിസ്‌ലിന്‍ഡീസലിന്റെ സമുദ്രത്തിലെ ട്രക്ക് ഓടിക്കല്‍ അധികൃതര്‍ക്ക് അത്ര ദഹിച്ച മട്ടില്ല. അല്‍പനേരം ആശയക്കുഴപ്പത്തിലായെങ്കിലും വൈകാതെ ഇടപെട്ട കോസ്റ്റ്ഗാര്‍ഡും പൊലീസും ചേര്‍ന്ന് കരക്ക് തിരിച്ചുകയറ്റുകയും ചെയ്തു.

English Summary: Florida Man Drives His Monster Truck Across An Ocean

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com