ADVERTISEMENT

പുത്തൻ സബ് കോംപാക്ട് സ്പോർട് യുട്ടിലിറ്റി വാഹന(എസ്‌യുവി)മായ മാഗ്നൈറ്റിന്റെ അരങ്ങേറ്റം ഡിസംബർ രണ്ടിനെന്നു ജാപ്പനീസ് നിർമാതാക്കളായ നിസ്സാൻ മോട്ടോർ ഇന്ത്യ. രാജ്യത്തെ ഡീലർഷിപ്പുകളിൽ ‘മാഗ്നൈറ്റ്’ പ്രദർശനത്തിനെത്തുമെന്നതിനു പുറമെ രണ്ടിനു തന്നെ വിവിധ വകഭേദങ്ങളുടെ വിലവിവരവും നിസ്സാൻ പ്രഖ്യാപിക്കും. അടുത്ത വർഷം മാർച്ചിനകം വിൽപ്പനയ്ക്കെത്തുമെന്നു പ്രതീക്ഷിക്കുന്ന മാഗ്നൈറ്റ് കഴിഞ്ഞ ജൂലൈയിലായിരുന്നു നിസ്സാൻ അനാവരണം ചെയ്തത്.

nissan-magnite-1

ഇന്ത്യൻ ഉപയോക്താക്കളുടെ അഭിരുചികൾ  മാനിച്ചും താൽപര്യങ്ങൾ പരിഗണിച്ചും വികസിപ്പിച്ച ‘മാഗ്നൈറ്റി’ന്റെ രൂപകൽപ്പന ജപ്പാനിലായിരുന്നു. കമ്പനിയുടെ ടോചിഗി പ്രൂവിങ് ഗ്രൗണ്ടിൽ വിപുലമായ പരീക്ഷണ ഓട്ടത്തിനു ശേഷമാണ് ഈ പുത്തൻ കോംപാക്ട് എസ് യു വി ഇന്ത്യയിൽ അരങ്ങേറ്റത്തിനെത്തുന്നത്. വിലയുടെ കാര്യത്തിൽ വിസ്മയം നിലനിർത്തിയാവും ‘മാഗ്നൈറ്റി’ന്റെ വരവെന്ന അഭ്യൂഹം ശക്തമാണ്. അടിസ്ഥാന മോഡലിന് 5.50 ലക്ഷം രൂപ മുതൽ മുന്തിയ പതിപ്പിന് 10 ലക്ഷം രൂപ വരെയാണു ‘മാഗ്നൈറ്റി’നു പ്രതീക്ഷിക്കുന്ന ഷോറൂം വില. അങ്ങനെയെങ്കിൽ പ്രധാന എതിരാളികളായ മാരുതി സുസുക്കി ‘വിറ്റാര ബ്രേസ’, ഹ്യുണ്ടേയ് ‘വെന്യു’, കിയ ‘സോണെറ്റ്’ തുടങ്ങിയവയ്ക്കെല്ലാം വിലയുടെ കാര്യത്തിൽ ‘മാഗ്നൈറ്റ്’ വെല്ലുവിളി സൃഷ്ടിക്കും.

nissan-magnite-5

എക്സ് ഇ, എക്സ് എൽ, എക്സ് വി, എക്സ് വി പ്രീമിയം എന്നീ നാലു നിലവാരത്തിൽ ‘മാഗ്നൈറ്റ്’ വിൽപ്പനയ്ക്കുണ്ടാവുമെന്നാണു സൂചന; അഞ്ച് സിംഗിൾ, മൂന്ന് ഇരട്ട വർണ സങ്കലനങ്ങളോടെ മൊത്തം ഇരുപതോളം വകഭേദത്തിലാവും ‘മാഗ്നൈറ്റ്’ ലഭിക്കുക. രണ്ട് പെട്രോൾ എൻജിൻ സാധ്യതകളാണു ‘മാഗ്നൈറ്റി’ൽ പ്രതീക്ഷിക്കുന്നത്: ഒരു ലീറ്റർ, ബി ഫോർ ഡി ഡ്യുവൽ വി വി ടിയും ഒരു ലീറ്റർ, എച്ച് ആർ എ സീറോ ടർബോ ചാർജ്ഡും. അഞ്ചു സ്പീഡ് മാനുവൽ, എക്സ് ട്രോണിക് സി വി ടി(ഓട്ടമാറ്റിക്) ഗീയർബോക്സുകളാണു ട്രാൻസ്മിഷൻ സാധ്യതകൾ. എൻജിൻ — ട്രാൻസ്മിഷൻ സാധ്യതകൾ അടിസ്ഥാനമാക്കി ലീറ്ററിന് 17.7 മുതൽ 20 കിലോമീറ്റർ വരെയാണ് ‘മാഗ്നൈറ്റി’നു പ്രതീക്ഷിക്കുന്ന ഇന്ധനക്ഷമത. 

nissan-magnite-3

ആശയമെന്ന നിലയിൽ അനാവരണം ചെയ്തപ്പോഴുള്ള രൂപത്തിൽ നിന്നു കാര്യമായ മാറ്റമൊന്നുമില്ലാതെയാണ് ‘മാഗ്നൈറ്റ്’ അരങ്ങേറ്റത്തോളമെത്തുന്നത്. ആദ്യ കാഴ്ചയിലുണ്ടായിരുന്ന കൊത്തിയെടുത്ത പോലുള്ള ബോണറ്റും  എട്ടു കോണുള്ള ഗ്രില്ലും ആംഗുലർ ഹെഡ്‌ലൈറ്റുമൊക്കെ അന്തിമ ഘട്ടത്തിലും നിലനിർത്തിട്ടുണ്ട്. യഥാർഥത്തിൽ ഡാറ്റ്സൻ ശ്രേണിയിൽ അവതരിപ്പിക്കാൻ ലക്ഷ്യമിട്ടായിരുന്നു ‘മാഗ്നൈറ്റി’ന്റെ രൂപകൽപ്പന എന്നതിനാൽ ഈ കോംപാക്ട് എസ് യു വി പലപ്പോഴും ഡാറ്റ്സൻ മോഡലുകളെ ഓർമിപ്പിക്കുന്നുമുണ്ട്.

nissan-magnite-3

പേശീബലം തുളുമ്പും വിധമാണ് ഉൽപ്പാദനസജ്ജമായ ‘മാഗ്നൈറ്റി’ന്റെ രൂപം; പാർശ്വത്തിൽ പ്രകടമായ ബോഡി ക്ലാഡിങ്ങും  ഉള്ളതിലേറെ വലിപ്പം തോന്നിപ്പിക്കുന്ന വീൽ ആർച്ചുകളും ഇതിലുണ്ട്. പിൻഭാഗത്ത് എൽ ഇ ഡി ടെയിൽ ലൈറ്റ്, ലളിതമായ ടെയിൽ ഗേറ്റ്, അടുക്കുകളുള്ള ബംപർ, മേൽക്കൂരയിൽ ഘടിപ്പിച്ച സ്പോയ്ലർ എന്നിവ ഇടംപിടിക്കുന്നു. ഇന്ത്യയിൽ നിസ്സാന്റെ പുത്തൻ ലോഗോ സഹിതം വിൽപ്പനയ്ക്കെത്തുന്ന ആദ്യ മോഡലുമാണു മാഗ്നൈറ്റ്.

English Summary: Nissan Magnite launch on December 2, 2020

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com