ഡ്രൈവറുടെ ചിന്തകള്‍ക്കനുസരിച്ച് മാറ്റങ്ങള്‍ വരുത്താന്‍ ശേഷിയുള്ള ബൈക്ക് ഇപ്പോള്‍ സ്വപ്‌നങ്ങളില്‍ മാത്രമാണുള്ളത്. അങ്ങനെയൊരു സ്വപ്‌നം യാഥാര്‍ഥ്യമാക്കാനുള്ള പേറ്റന്റിനായുള്ള അപേക്ഷ നല്‍കി ഞെട്ടിച്ചിരിക്കുകയാണ് ഹോണ്ട. ബൈക്കു നിര്‍മ്മാണ കമ്പനികള്‍ നല്‍കിയിട്ടുള്ള പകര്‍പ്പവകാശ അപേക്ഷകളില്‍ തന്നെ ഏറ്റവും വിചിത്രമെന്ന് പറയാവുന്ന അപേക്ഷകളിലൊണ് ഹോണ്ടയുടേത്.
ഡ്രൈവറുടെ ചിന്തകളും തോന്നലുകളുമാണ് ഇപ്പോഴും ബൈക്ക് നിയന്ത്രിക്കുന്നതെന്ന് പലരും വാദിച്ചേക്കാം. ഡ്രൈവറുടെ തോന്നലുകളും കണക്കുകൂട്ടലുകളും കൈകാലുകളുടെ സഹായത്തില്‍ പ്രവൃത്തിയായി മാറുമ്പോഴാണല്ലോ ബൈക്ക് അടക്കമുള്ള വാഹനങ്ങള്‍ നിയന്ത്രിക്കാനാവുന്നത്. എന്നാല്‍ തലച്ചോറിലെ സിഗ്നലുകള്‍ നേരിട്ട് പിടിച്ചെടുത്ത് ബൈക്കിന്റെ പ്രകടനത്തില്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്താന്‍ സഹായിക്കുന്ന സാങ്കേതികവിദ്യക്കാണ് ഹോണ്ടയുടെ പേന്റന്റ് അപേക്ഷ.

ചിന്തകള്‍ക്കനുസരിച്ച് ബൈക്കില്‍ മാറ്റം സംഭവിക്കുന്നുവെന്ന് പറയുമ്പോള്‍ ഡ്രൈവര്‍ മനസില്‍ കരുതിയാല്‍ ബൈക്ക് വലത്തോട്ടോ ഇടത്തോട്ടോ വളയുമെന്നോ ബ്രൈക്ക് പിടിക്കുമെന്നോ കരുതരുത്. ബൈക്ക് ഓടിക്കുന്നവരെ സഹായിക്കുന്ന ഡ്രൈവര്‍ അസിസ്റ്റന്‍സ് സംവിധാനങ്ങളിലാണ് തോന്നലുകളില്‍ നിന്നും ലഭിക്കുന്ന നിര്‍ദേശങ്ങള്‍ മാറ്റം വരുത്തുക. തലച്ചോറിലെ തരംഗങ്ങള്‍ പിടിച്ചെടുക്കാന്‍ ശേഷിയുള്ള അത്യാധുനിക ഹെല്‍മെറ്റാണ് ഇതിന് റൈഡര്‍മാരെ സഹായിക്കുക. റൈഡര്‍മാരുടെ തോന്നലുകള്‍ ഈ ഹൈല്‍മെറ്റിലെ ന്യൂറല്‍ സെന്‍സറുകള്‍ പിടിച്ചെടുക്കുകയും ബൈക്കിലെ കമ്പ്യൂട്ടര്‍ നിയന്ത്രിത സംവിധാനത്തിന് കൈമാറുകയുമാണ് ചെയ്യുക.
ഇപ്പോള്‍ വിപണിയിലുള്ള ആധുനിക ബൈക്കുകളിലെല്ലാം ഡ്രൈവര്‍മാരെ സഹായിക്കുന്ന ഫീച്ചറുകളുണ്ട്. ട്രാക്ഷന്‍ കണ്‍ട്രോള്‍, വീലി കണ്‍ട്രോള്‍, പവര്‍ മോഡുകള്‍ എന്നിവയെല്ലാം ഇതിന് ഉദാഹരണങ്ങളാണ്. ഡുക്കാട്ടിയുടെ അത്യാധുനിക Multistrada V4 സൂപ്പര്‍ ബൈക്കില്‍ റഡാര്‍ സംവിധാനം വരെയുണ്ട്. ഇതുവഴി വാഹനം ഇടിക്കാന്‍ പോവുന്നുവെന്ന മുന്നറിയിപ്പ് വരെ ഡ്രൈവര്‍മാര്‍ക്ക് ലഭിക്കും.
ഒരു റൈഡര്‍ ബൈക്കിന്റെ മുന്‍ചക്രം ഉയര്‍ത്താന്‍ പോവുകയാണെങ്കില്‍ ഹോണ്ട നല്‍കിയ പകര്‍പ്പവകാശ അപേക്ഷയിലെ സാങ്കേതികവിദ്യ പ്രകാരം ബൈക്കിന് മുന്നറിയിപ്പ് ലഭിക്കും. റൈഡറുടെ ഹെല്‍മെറ്റ് വഴി ലഭിക്കുന്ന ഈ മുന്നറിയിപ്പ് വഴി മുന്‍ചക്രം ഉയര്‍ത്തുമ്പോള്‍ വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെടാതിരിക്കാന്‍ സഹായിക്കുന്ന ഫീച്ചറുകള്‍ ഓണാകും. സൂപ്പര്‍ബൈക്കുകളുടെ ഡ്രൈവിംഗ് ഫീച്ചറുകള്‍ ഇനി തോന്നല്‍ കൊണ്ട് നിയന്ത്രിക്കാമെന്നാണ് ഹോണ്ട നല്‍കുന്ന വാഗ്ദാനം.
English Summary: Honda working on Mind-Reading Motorcycle Tech