ADVERTISEMENT

ഫോക്‌സ്‌വാഗൻ ഗ്രൂപ്പിലെ ചെക്ക് നിർമാതാക്കളായ സ്കോഡ ഓട്ടോ ഇന്ത്യയ്ക്കായി അണിയിച്ചൊരുക്കുന്ന സ്പോർട് യൂട്ടിലിറ്റി വാഹന(എസ് യു വി)ത്തിനു പേര് കുശക്. സംസ്കൃതത്തിൽ രാജാവെന്നും ചക്രവർത്തിയെന്നുമൊക്കെ അർഥം വരുന്ന വാക്കിൽ നിന്നാണു സ്കോഡ, വിഷൻ ഇൻ എന്ന പേരിൽ വികസിപ്പിച്ച എസ് യു വിക്കുള്ള പേരു കണ്ടെത്തിയത്. ഹ്യുണ്ടേയ് ‘ക്രേറ്റ’യും കിയ ‘സെൽറ്റോസും’ എം ജി ഹെക്ടറും ടാറ്റ ഹാരിയറുമൊക്കെ അരങ്ങു വാഴുന്ന ഇടത്തരം എസ് യു വി വിപണിയിൽ ആധിപത്യം നേടാൻ ഈ രാജാവിനു സാധിക്കുമെന്ന പ്രതീക്ഷയിലാണു സ്കോഡ.

വാഹന നിർമാണത്തിൽ ഒന്നേകാൽ നൂറ്റാണ്ടു നീളുന്ന പ്രൗഢ പാരമ്പര്യത്തിന്റെ പിൻബലത്തോടെയാണു ‘കുശക്’ എത്തുന്നതെന്നാണു സ്കോഡയുടെ വാഗ്ദാനം. മിക്കവാറും മാാർച്ചിൽ അനാവൃതമാവുമെന്നു കരുതുന്ന ‘കുശക്’ തൊട്ടു പിന്നാലെ വിൽപ്പനയ്ക്കെത്തുമെന്നാണു പ്രതീക്ഷ. ഇന്ത്യയിലെ നവോത്ഥാനം ലക്ഷ്യമിട്ടു നടപ്പാക്കുന്ന ‘2.0 പ്രോജക്ടി’ന്റെ ഭാഗമായ ‘കുശക്കി’ന് അടിത്തറയാവുന്നത് ‘എം ക്യു ബി എ സീറോ — ഇൻ’ പ്ലാറ്റ്ഫോമാണ്. പൂമ്പാറ്റയെ അനുസ്മരിപ്പിക്കുന്ന മുൻ ഗ്രില്ലും എൽ ഇ ഡി ഹെഡ്ലാംപും സ്കിഡ് പ്ലേറ്റും ഡയമണ്ട് കട്ട് അലോയ് വീലും റൂഫ് റെയിലുമൊക്കെയായിട്ടാവും ‘കുശക്കി’ന്റെ വരവ്. 

എതിരാളികൾ ചില്ലറക്കാരല്ലാത്തതുകൊണ്ടുതന്നെ സൗകര്യങ്ങളിലോ സംവിധാനങ്ങളിലോ തെല്ലും വിട്ടുവീഴ്ച ചെയ്യാതെയാവും സ്കോഡ ‘കുശക്കി’നെ പടയ്ക്കിറക്കുക; ഫ്ളോട്ടിങ് ടച് ബേസ്ഡ് ഇൻഫൊടെയ്ൻമെന്റ് സ്ക്രീൻ, തുകൽ പൊതിഞ്ഞ സ്റ്റീയറിങ് വീൽ, പൂർണമായും ഡിജിറ്റൽ ഡിസ്പ്ലേ തുടങ്ങിയവയൊക്കെ കാറിൽ പ്രതീക്ഷിക്കാം.

അതേസമയം, ‘കുശക്കി’ന്റെ എൻജിൻ സംബന്ധിച്ച സൂചനയൊന്നും സ്കോഡ നൽകിയിട്ടില്ല. എങ്കിലും ഒരു ലീറ്റർ ടർബോ, 1.5 ലീറ്റർ പെട്രോൾ എൻജിനുകളോടെ എത്തുന്ന ‘കുശക്കി’ൽ ആറു സ്പീഡ് മാനുവൽ, ഏഴു സ്പീഡ് ഓട്ടമാറ്റിക് ഗീയർബോക്സുകളുമുണ്ടാവുമെന്നാണ് അനുമാനം. 

English Summary: Skoda Vision In SUV Named as Kushaq

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com