ADVERTISEMENT

സ്പോർട് യൂട്ടിലിറ്റി വാഹന(എസ് യു വി)മായ മോഡൽ വൈയുടെ വില കുറഞ്ഞ പതിപ്പുമായി യു എസ് വൈദ്യുത വാഹന നിർമാതാക്കളായ ടെസ്‌ല ഇൻകോർപറേറ്റഡ്. സഞ്ചാര പരിധി(റേഞ്ച്) കുറഞ്ഞ ‘മോഡൽ വൈ സ്റ്റാൻഡേഡ് റേഞ്ച്’ എത്തിയതോടെ വൈദ്യുത  സെഡാനായ മോഡൽ ത്രീയുമായി വിലയിലെ അന്തരം ഗണ്യമായി കുറഞ്ഞിട്ടുമുണ്ട്. ടെസ്‌ലയുടെ വെബ്സൈറ്റ് പ്രകാരം ‘മോഡൽ വൈ’യുടെ പുത്തൻ വകഭേദത്തിന് 41,990 ഡോളർ(ഏകദേശം 30.81 ലക്ഷം രൂപ) ആണു വില; ശ്രേണിയിലെ ഏറ്റവും വില കുറഞ്ഞ മോഡലായ ‘മോഡൽ ത്രീ’യെ അപേക്ഷിച്ച് 4,000 ഡോളർ(ഏകദേശം 2.94 ലക്ഷം രൂപ) മാത്രം അധികമാണിത്. 

അതേസമയം ഒറ്റ ചാർജിൽ അധിക ദൂരം സഞ്ചരിക്കാൻ പ്രാപ്തിയുള്ള ‘മോഡൽ വൈ ലോങ് റേഞ്ച്’ വകഭേദത്തിന് 49,990 ഡോളർ(ഏകദേശം 36.68 ലക്ഷം രൂപ) ആണു വില. കുറഞ്ഞ വിലയ്ക്കു ലഭിക്കുന്ന ‘മോഡൽ വൈ’ ഒറ്റ ചാർജിൽ 244 മൈൽ(അഥവാ 392.68 കിലോമീറ്റർ) ആണു പിന്നിടുക; എസ് യു വിയുടെ ‘ലോങ് റേഞ്ച്’ പതിപ്പ് ഒറ്റ ചാർജിൽ 326 മൈൽ (അഥവാ 524.7 കിലോമീറ്റർ) ഓടുന്ന സ്ഥാനത്താണിത്. കൂടാതെ ‘മോഡൽ വൈ ലോങ് റേഞ്ചി’ൽ ഓൾ വീൽ ഡ്രൈവ് ലേ ഔട്ടുള്ളപ്പോൾ ‘മോഡൽ വൈ സ്റ്റാൻഡേഡ് റേഞ്ച്’ റിയൽ വീൽ ഡ്രൈവ് ആണെന്ന വ്യത്യാസവുമുണ്ട്. 

ഏഴു സീറ്റുള്ള ‘മോഡൽ വൈ’യുടെ പുതിയ വകഭേദത്തിനുള്ള ഓർഡറുകൾ ടെസ്‌ല സ്വീകരിച്ചു തുടങ്ങി. വരും ആഴ്ചകളിൽ തന്നെ ‘മോഡൽ വൈ’യുടെ പുതിയ വകഭേദം ഉടമസ്ഥർക്കു കൈമാറുമെന്നാണു പ്രതീക്ഷ.

ഓഹരി വിപണികളിൽ തകർപ്പൻ പ്രകടനം കാഴ്ച വച്ചു മുന്നേറുന്ന ടെസ്‌ല കഴിഞ്ഞ വർഷം വാഹന വിൽപ്പനയിലും മികച്ച നേട്ടം കൊയ്തിരുന്നു. അഞ്ചു ലക്ഷം വാഹനം വിൽക്കാൻ ലക്ഷ്യമിട്ട സ്ഥാനത്ത്, പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ചും 4,99,550 വൈദ്യുത കാറുകൾ വിൽക്കാൻ ടെസ്‌ലയ്ക്കായി. കഴിഞ്ഞ ഒക്ടോബർ — ഡിസംബർ ത്രൈമാസത്തിലാവട്ടെ 1,61,650 ‘മോഡൽ ത്രീ’ സെഡാനുകളും ‘മോഡൽ വൈ’ എസ് യു വികളുമാണു കമ്പനി വിറ്റത്. ഇക്കാലയളവിലെ ഉൽപ്പാദനമാവട്ടെ ഇത്തരത്തിലുള്ള 1,63,660 യൂണിറ്റുമായിരുന്നു. 

കഴിഞ്ഞ വർഷത്തിന്റെ അവസാനപാദത്തിൽ 18,920 ‘മോഡൽ എസ്’, ‘മോഡൽ എക്സ്’ വാഹനങ്ങളും ടെസ്‌ല വിറ്റു. ഇത്തരത്തിലുള്ള 16,097 യൂണിറ്റായിരുന്നു മൊത്തം ഉൽപ്പാദനം. കഴിഞ്ഞ വർഷം, ‘മോഡൽ ത്രീ’, ‘മോഡൽ വൈ’ വിഭാഗങ്ങളിലായി 4,54,932 കാറുകളാണു ടെസ്‌ല ഉൽപ്പാദിപ്പിച്ചത്; ഇത്തരത്തിലുള്ള 4,42,511 കമ്പനി വിൽക്കുകയും ചെയ്തു. ‘മോഡൽ എസ്’, ‘മോഡൽ എക്സ്’ ഉൽപ്പാദനം 54,805 യൂണിറ്റും വിൽപ്പന 57,039 യൂണിറ്റുമായിരുന്നു.

English Summary: Tesla’s Model Y now available in cheaper Standard Range option

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com