ADVERTISEMENT

യാത്ര പോകുമ്പോൾ എന്തൊക്കെ കരുതണം ? സ്ഥിരം യാത്രക്കാർക്ക് ഇതൊരു തലവേദനയല്ല, സ്ഥിരം ചെക് ലിസ്റ്റ് മനസ്സിൽ തന്നെയുണ്ടാവും. ഇല്ലെങ്കിൽ മൊബൈലിലോ ഡയറിയിലോ. വല്ലപ്പോഴുമുള്ള യാത്രക്കാർക്ക് ആലോചിച്ചും ഓർത്തും എടുക്കേണ്ടി വരും.  

പക്ഷേ എങ്ങനെയുള്ള യാത്രക്കാരാണെങ്കിലും യാത്ര സ്വന്തം വാഹനത്തിലാണെങ്കിൽ ഇപ്പോൾ ഒന്നോർത്തേ പറ്റൂ, വാഹനത്തിന് ഫാസ് ടാഗ് ഉണ്ടോ ? ഇല്ലെങ്കിൽ സംഘടിപ്പിച്ചിട്ടു വേണം യാത്ര. ഇനി ഉണ്ടെങ്കിലോ, അത് ആക്ടിവേറ്റ് ചെയ്തിട്ടുണ്ടോ, വേണ്ടത്ര ബാലൻസ് ഉണ്ടോ ? ഇതൊക്കെ ഉറപ്പാക്കിയിട്ടു വേണം യാത്ര തുടങ്ങാൻ.

 

എന്താണ്, എന്തിനാണ് ഫാസ് ടാഗ് ?

 

ദേശീയപാതകളിലെ ടോൾ പ്ലാസകൾ വേഗത്തിൽ കടന്നു പോകാനുള്ള സംവിധാനം. നമ്മുടെ യാത്ര ദേശീയപാതകൾ കടക്കുന്നില്ലെന്ന് ഉറപ്പുണ്ടെങ്കിൽ തൽക്കാലം ഇതിനെപ്പറ്റി ചിന്തിക്കേണ്ട. പക്ഷേ പഴയതുപോലെയല്ല, നാട്ടിലും ദേശീയപാതകളുടെ എണ്ണം കൂടി. ടോൾ കൊടുക്കേണ്ട  സ്ഥലങ്ങളുടെയും. തൃശൂരിലെ പാലിയേക്കരയിലും പാലക്കാട്ടെ വാളയാറിലും യാത്ര ചെയ്യുന്നവർക്ക് ഇത് ശീലമായി. കൊച്ചിയിൽ വന്നു. തിരുവനന്തപുരം, കൊല്ലം ബൈപാസുകളിൽ വരാൻ പോകുന്നു. കേരളം വിട്ട് പുറത്തേക്കാണ് യാത്രയെങ്കിൽ ഇടക്കിടയ്ക്ക് കടക്കേണ്ടി വരും ടോൾ ബൂത്തുകൾ. അപ്പോൾ സമയത്തിനോടാതെ നേരത്തെ കരസ്ഥമാക്കിയാൽ തലവേദന ഒഴിവാക്കാം.  

 

ടോൾ പണമായി കൊടുത്താലോ ?

 

ദേശീയ പാതയിലെ ടോൾ ബൂത്തുകളിൽ ഫാസ്ടാഗ് നിർബന്ധമാക്കാനുള്ള കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തിന്റെ തീരുമാനത്തെ തുടർന്ന് പണം കൊടുത്തു പോകാവുന്ന ലെയ്നുകൾ നിർത്തലാക്കുകയാണ്. പലതവണ ഇതിന് അവസാന തീയതി നീട്ടിക്കൊടുത്തെങ്കിലും ഇനി ഉണ്ടാവുകയില്ല. ഫാസ്ടാഗ് ഇല്ലാതെ വാഹനങ്ങൾ ടോൾ കടക്കണമെങ്കിൽ ഇരട്ടിത്തുക ഈടാക്കുകയാവും ഫലം ( സമയനഷ്ടവും). ഇത് കരുതും പോലെ നിസ്സാരമല്ല. തിരുവനന്തപുരത്തു നിന്ന് കാറിൽ ചെന്നൈയിലോ ബെംഗളൂരുവിലോ പോകണമെങ്കിൽ വിവിധ ടോളുകളിലായി 1000 രൂപയ്ക്കടുത്ത് ചെലവു വരുമെന്നോർക്കുക. ഇരട്ടി പണവും പത്തിലേറെ ബൂത്തുകളിൽ വരുന്ന സമയനഷ്ടവും ഓർത്തു നോക്കുക. ഇന്ധനം, സമയം, പണം ഇവ ലാഭിക്കാമെന്നതാണ് ഫാസ്ടാഗിന്റെ മെച്ചം.

 

എവിടെ കിട്ടും ? 

 

വിവിധ നാഷനലൈസ്ഡ്, ഷെഡ്യൂൾഡ്, ന്യൂ ജെൻ ബാങ്കുകൾ വഴിയും പേയ്‌ടിഎം പോലെയുള്ള വോലറ്റുകളിൽ നിന്ന് ഓൺലൈൻ  വഴിയും അംഗീകൃത ഏജന്റുമാർ വഴിയും ടോൾ പ്ലാസകൾക്കടുത്തുള്ള ബൂത്തുകളിൽ നിന്നും ഫാസ്ടാഗ് സ്വന്തമാക്കാം. ഇതിനായി വാഹനത്തിന്റെ റജിസ്ട്രേഷൻ രേഖകൾ, എടുക്കുന്നയാളിന്റെ ആധാർ, തിരിച്ചറിയൽ രേഖ, മൊബൈൽ നമ്പർ തുടങ്ങിയവ നൽകേണ്ടി വരും. ഓൺലൈനിൽ വാങ്ങുന്നവ ഓൺലൈനിലൂടെത്തന്നെ ആക്ടിവേറ്റ് ചെയ്യേണ്ടി വരും.

 

പ്രവർത്തനം എങ്ങനെ ?

 

10 സെന്റിമീറ്റർ നീളവും 5 സെന്റിമീറ്റർ  വീതിയുമുള്ള ദീർഘചതുരാകൃതിയിലുള്ള ടാഗ് വാഹനത്തിന്റെ മുന്നിലെ വിൻഡ് സ്ക്രീനിൽ ഉള്ളിൽ ഒട്ടിക്കുകയാണ് വേണ്ടത്. മധ്യഭാഗത്ത് റിയർവ്യൂ മിററിന്റെ ഭാഗമാണ് ഉത്തമ സ്ഥാനം. റേഡിയോ ഫ്രീക്വൻസി ഐഡന്റിഫിക്കേഷൻ വഴിയാണ് പ്രവർത്തനം. അതിനു വേണ്ട ചിപ് ഫാസ്ടാഗിലുണ്ട്. ഇത് ടോൾ പ്ലാസയിലെ ടാഗ് റീഡർ റീഡ് ചെയ്യുകയും നമ്മുടെ ടാഗുമായി ബന്ധപ്പെട്ട അക്കൗണ്ടിൽ നിന്ന് പണം ഈടാക്കാകുയും ചെയ്യും. വിൻഡ് സ്ക്രീനിന്റെ മധ്യഭാഗത്ത് ഒട്ടിക്കുന്നതാണ് കൃത്യമായി റീഡ് ചെയ്യാൻ നല്ലത്. ഏതെങ്കിലും കാരണത്താൽ റീഡ് ചെയ്യുന്നില്ലെങ്കിൽ പ്ലാസ ഉദ്യോഗസ്ഥരുടെ ഹാൻഡ് റീഡർ ഉപയോഗിക്കാൻ ആവശ്യപ്പെടാം. പണം കൈമാറ്റം ചെയ്യപ്പെട്ടാലുടൻ ബന്ധപ്പെട്ട മൊബൈൽ ഫോണിൽ എസ്എംഎസ് ആയി വിവരം ലഭിക്കും.

 

എത്ര തരം ? 

 

ഏഴു തരം ഫാസ്ടാഗുകളാണ് നിലവിലുള്ളത്. കാർ, ജീപ്പ്, വാൻ, മിനി ലൈറ്റ് കൊമേഴ്സ്യൽ വാഹനങ്ങൾ എന്നിവ ക്ലാസ് 4 ലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. അതായത് കാറിൽ ഉപയോഗിക്കാൻ വാങ്ങേണ്ടത് ക്ലാസ് 4 ഫാസ്ടാഗാണ്. ഇത് ഉപയോഗിക്കുമ്പോൾ അക്കൗണ്ടിൽ 200 രൂപ സെക്യൂരിറ്റി ഡിപ്പോസിറ്റും 100 രൂപ മിനിമം ബാലൻസും ഉണ്ടായിരിക്കണം. ലൈറ്റ് കൊമേഴ്സ്യൽ വാഹനങ്ങൾ – ക്ലാസ് 5, ത്രീ ആക്സിൽ കൊമേഴ്സ്യൽ വാഹനങ്ങൾ – ക്ലാസ് 6, ബസ്, ട്രക്ക് – ക്ലാസ് 7, 4 – 6 ആക്സിൽ വാഹനങ്ങൾ – ക്ലാസ് 12, ഏഴും അതിനു മുകളിലുമുള്ള ആക്സിൽ വാഹനങ്ങൾ – ക്ലാസ് 15, ഹെവി കൺസ്ട്രക്‌ഷൻ മെഷിനറി, എർത്ത് മൂവർ – ക്ലാസ് 16 എന്നിവയാണ് ഫാസ്ടാഗിന്റെ മറ്റിനങ്ങൾ. ഓരോ ഇനത്തിനും സെക്യൂരിറ്റി തുകയിലും മിനിമം ബാലൻസിലും മാറ്റമുണ്ടാകും.

 

പരാതി ഉണ്ടായാൽ

 

ഫാസ് ടാഗ് വഴി പണം രണ്ടു തവണ ഈടാക്കി, ഫാസ് ടാഗ് അക്കൗണ്ടിൽ പണം ഉണ്ടായിട്ടും കടന്നു പോകാനായില്ല തുടങ്ങി പരാതികൾക്ക് ഇടയുണ്ട്. ഇത്തരം അവസരങ്ങളിൽ ഏതു സർവീസ് പ്രൊവൈഡറുടേതാണോ നമ്മുടെ ഫാസ്ടാഗ്, അവരുടെ കസ്റ്റമർ കെയർ നമ്പരിൽ ബന്ധപ്പെട്ട് പരാതി പരിഹരിക്കാം. ഉദാഹരണം: എസ്ബിഐ ഫാസ് ടാഗാണെങ്കിൽ ബന്ധപ്പെടേണ്ട  കസ്റ്റമർ കെയർ നമ്പർ 1800 11 0018 . 

 

ഒന്നിലേറെ വാഹനമുണ്ടെങ്കിൽ 

 

ഒരാൾക്ക് ഒന്നിലേറെ വാഹനമുണ്ടെങ്കിൽ ഓരോ വാഹനത്തിലും പ്രത്യേകം ഫാസ്ടാഗ് എടുക്കണം. വാഹനം വിൽക്കുകയോ  ഫാസ്ടാഗ് പ്രവർത്തന രഹിതമാവുകയോ ചെയ്താൽ ഫാസ്ടാഗ് സറണ്ടർ ചെയ്യാൻ മറക്കരുത്.  അതത് സർവീസ് പ്രൊവൈഡറുടെ വെബ്സൈറ്റ് വഴിയോ അംഗീകൃത ഏജൻസികളിലൂടെയോ ചെയ്യാം.  

 

വാഹനത്തിന്റെ ജാതകം

 

വാഹനത്തെ സംബന്ധിച്ച വിവരങ്ങളെല്ലാം ഫാസ്ടാഗിലുണ്ടാവും. വാഹനത്തിന്റെ ആധാർ എന്ന് ഫാസ്ടാഗിനെ വിശേഷിപ്പിക്കുന്നത് ഇതിനാലാണ്. കടന്നു പോയ വഴികളും യാത്രയ്ക്കെടുത്ത സമയവും എല്ലാം ഇതിൽ നിന്ന് മനസ്സിലാക്കാൻ കഴിയും. 

 

പുതിയ വാഹനങ്ങൾ

 

പുതിയ വാഹനങ്ങൾ ഇപ്പോൾ വാങ്ങുമ്പോൾ തന്നെ ഫാസ്ടാഗ് ലഭിക്കാറുണ്ട്. പക്ഷേ അത് ആക്ടിവേറ്റ് ചെയ്യുകയും നമ്മുടെ മൊബൈൽ നമ്പരുമായി ബന്ധപ്പെടുത്തുകയും ചെയ്തതായി ഉറപ്പാക്കണം. സെക്കൻഡ് ഹാൻഡ് വാഹനങ്ങൾ വാങ്ങുന്നവർ ആ വാഹനത്തിന് പുതിയ ഫാസ്ടാഗ് സ്വന്തം പേരിൽ എടുക്കണം. പഴയ ഉടമസ്ഥന്റെ ഫാസ്ടാഗ് ഉപയോഗിക്കരുത്.

 

എവിടെയെല്ലാം

 

രാജ്യത്തെ ദേശീയപാതകളിൽ നാനൂറോളം ടോൾബൂത്തുകളിൽ ഇപ്പോൾ ഫാസ്ടാഗ് ഉപയോഗിക്കാം. നാഷനൽ ഇലക്ട്രോണിക് ടോൾ കലക്‌ഷൻ (എൻഇടിസി) സമ്പ്രദായം ബന്ധപ്പെടുത്തിയ മറ്റു ടോൾ ബൂത്തുകളിലും ഭാവിയിൽ ഫാസ്ടാഗ് ഉപയോഗിക്കാം. പാർക്കിങ് ഫീസ് നൽകാനും പെട്രോൾ പമ്പുകളിലും തുടങ്ങി വിവിധ മേഖലകളിൽ ഭാവിയിൽ ഫാസ്ടാഗ് ഉപയോഗിക്കാൻ കഴിയും

 

റീചാർജ്

 

ഫാസ്ടാഗ് വാങ്ങുമ്പോൾ തുടക്കത്തിൽ ഇപ്പോൾ 500 രൂപയാണ് ചെലവ്. ഇത് സെക്യൂരിറ്റി തുകയും മിനിമം ബാലൻസും ഉൾപ്പെടെയാണ്. പിന്നീട്  റീചാർജ് ചെയ്യാം. ക്രെ‍ഡിറ്റ്, ഡെബിറ്റ് കാർഡുകൾ, ഓൺലൈൻ ബാങ്കിങ്, ഇ വോലറ്റുകൾ തുടങ്ങിയവ വഴി നമ്മുടെ ആവശ്യാനുസരണം റീചാർജ് ചെയ്യാവുന്നതാണ്.

 

റിവേഴ്സ് ഗിയർ : വാഹനം മോഷണം പോയാൽ എന്തു ചെയ്യും ? ഫാസ് ടാഗ് ഉടൻ ബ്ലോക്ക് ചെയ്യാം. ഇല്ലെങ്കിൽ മോഷ്ടാവ് പോകുന്ന വഴിയിലെ ടോൾ കൂടി യഥാർഥ ഉടമയുടെ അക്കൗണ്ടിൽ നിന്ന് പോകും. പക്ഷേ, ബ്ലോക്ക് ചെയ്തില്ലെങ്കിൽ വാഹനം ഏതു വഴി പോകുന്നു എന്നു കണ്ടു പിടിക്കാൻ വളരെയെളുപ്പം.

 

English Summary: What is Fastag

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com