ADVERTISEMENT

ഇന്ത്യയിലെന്നല്ല, ലോകത്തിലെ തന്നെ ഏറ്റവും വലിയ ഇരുചക്രവാഹന നിർമാതാക്കളായ ഹീറോ മോട്ടോ കോർപിന്റെ ഇതുവരെയുള്ള മൊത്തം ഉൽപ്പാദനം 10 കോടി യൂണിറ്റ് പിന്നിട്ടു. ഉത്തരാഖണ്ഡിലെ ഹരിദ്വാറിലുള്ള നിർമാണശാലയിൽ നിന്നു പുറത്തെത്തിയ ‘എക്സ്ട്രീം 160 ആർ’ ബൈക്കാണു ഹീറോ മോട്ടോ കോർപിന് ഈ ചരിത്ര നേട്ടം സമ്മാനിച്ചത്. 

ഹീറോ മോട്ടോ കോർപിന്റെ മൊത്തം ഉൽപ്പാദനം അഞ്ചു കോടിയിലെത്തിയത് 2013ലായിരുന്നു; തുടർന്നുള്ള ഏഴു വർഷക്കാലത്തിനിടെ അഞ്ചു കോടി ഇരുചക്രവാഹനങ്ങൾ കൂടി നിർമിക്കാൻ കമ്പനിക്കായി. ആഗോളതലത്തിൽതന്നെ ഇത്ര വേഗത്തിൽ 10 കോടി യൂണിറ്റ് ഉൽപ്പാദനം കൈവരിക്കുന്നത് ഇതാദ്യമാണെന്നും ഹീറോ മോട്ടോ കോർപ് അവകാശപ്പെടുന്നു. 

ഹീറോയിൽ നിന്നുള്ള പുതിയ അവതരണങ്ങളിൽപെട്ടതാണ്, കമ്പനിയുടെ ഉൽപ്പാദനം 10 കോടി യൂണിറ്റ് തികച്ച ‘എക്സ്്ട്രീം 160 ആർ’. ബൈക്കിലെ 163 സി സി, എയർ കൂൾഡ്, ഫോർ സ്ട്രോക്ക്, ഇരട്ട വാൽവ്, സിംഗിൾ സിലിണ്ടർ എൻജിന് 8,500 ആർ പി എമ്മിൽ 15.3 പി എസ് വരെ കരുത്തും 6,500 ആർ പി എമ്മിൽ 14 എൻ എം വരെ ടോർക്കും സൃഷ്ടിക്കാനാവും. അഞ്ചു സ്പീഡ് മാനുവൽ ഗീയർബോക്സാണു ട്രാൻസ്മിഷൻ. ബൈക്കിന് 1,03,900 രൂപയാണു ഡൽഹിയിലെ ഷോറൂം വില. 

ഉൽപ്പാദന മേഖലയിലെ ഈ അപൂർവ നേട്ടം ആഘോഷിക്കാൻ ഇതടക്കം ആറു പ്രത്യേക പതിപ്പുകളാവും ഹീറോ മോട്ടോ കോർപ് അളതരിപ്പിക്കുക; മോട്ടോർ സൈക്കിളുകളായ ‘സ്പ്ലെൻഡർ പ്ലസ്’, ‘എക്സ്ട്രീം 160 ആർ’, ‘പാഷൻ പ്രോ’, ‘ഗ്ലാമർ’ എന്നിവയുടെയും ‘ഡെസ്റ്റിനി 125’, ‘മാസ്ട്രൊ എഡ്ജ് 110’  സ്കൂട്ടറുകളുടെയും പ്രത്യേക പതിപ്പുകളാണ് പുറത്തിറങ്ങുക. ഇവയെല്ലാം അടുത്ത മാസം വിൽപ്പനയ്ക്കെത്തുമെന്നാണു പ്രതീക്ഷ. ഈ മോഡലുകളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങളും വിലയുമൊക്കെ അവതരണത്തോടടുത്താവും ഹീറോ പ്രഖ്യാപിക്കുക.

വളർച്ചയിലേക്കുള്ള ഈ യാത്ര തുടരാനാവുമെന്ന് ഹീറോ മോട്ടോ കോർപ് ചെയർമാനും ചീഫ് എക്സിക്യൂട്ടീവ് ഓഫിസറുമായ ഡോ പവൻ മുഞ്ജാൾ പ്രത്യാശ പ്രകടിപ്പിച്ചു. ‘ഭാവിയുടെ സഞ്ചാരസാധ്യതയാവുക’യെന്ന പ്രഖ്യാപിത ലക്ഷ്യം മുൻനിർത്തി വരുന്ന അഞ്ചു വർഷത്തിനിടെ പുത്തൻ മോട്ടോർ സൈക്കിളുകളും സ്കൂട്ടറുകളും അവതരിപ്പിക്കുമെന്ന് അദ്ദേഹം അറിയിച്ചു. ഒപ്പം കൂടുതൽ വിദേശ വിപണികളിലേക്കു പ്രവർത്തനം വ്യാപിപ്പിക്കാനുള്ള നടപടികളും തുടരും. പുത്തൻ സഞ്ചാര സാധ്യതകളിൽ ശ്രദ്ധ കേന്ദ്രീകരിക്കാനായി ഗവേഷണ, വികസന മേഖലയിലെ നിക്ഷേപം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. 

English Summary: Hero MotoCorp rolls off 100 millionth Two-wheeler

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com