ADVERTISEMENT

കൊച്ചി∙ ലോക്ഡൗൺ കഴിഞ്ഞ് ഡിമാൻഡ് ഉയർന്ന കാർ വിപണിയിൽ ഇപ്പോൾ ഉപയോക്താക്കൾക്കു സമയത്തു കാർ കൊടുക്കാനാകാത്ത സ്ഥിതി. ബുക്കിങ് അനുസരിച്ച്, നിർമാതാക്കളിൽനിന്നു കാർ കിട്ടാത്തതിനാൽ ഉപയോക്താക്കളോടു മറുപടി പറയാൻ ഡീലർഷിപ്പുകൾ വിഷമിക്കുന്നു. ഏതാണ്ടെല്ലാ കമ്പനികളുടെയും മോഡലുകൾക്ക് (വളരെ ബേസ് മോഡലുകൾ ഒഴികെ) 2 മാസമെങ്കിലും കാത്തിരിപ്പുണ്ട്, ചില മോഡലുകൾക്ക് ഇതു നീണ്ടുനീണ്ട് 6 മാസവും 8 മാസവുമൊക്കെയായിരിക്കുന്നു. 5 ലക്ഷത്തിലേറെ ബുക്കിങ്ങാണ് എല്ലാ കാർ കമ്പനികൾക്കുമായി ഇപ്പോഴുള്ളത്. 

ലോകമാകെ വാഹന നിർമാണത്തെ സാരമായി ബാധിച്ചിരിക്കുന്ന ഇലക്ട്രോണിക് ചിപ് (സെമികണ്ടക്ടർ) ക്ഷാമമാണ് ഇന്ത്യയിലും ഇപ്പോൾ പ്രശ്നമായിരിക്കുന്ന പ്രധാന ഘടകം. എൻജിൻ കൺട്രോൾ യൂണിറ്റ് മുതൽ ടച്സ്ക്രീൻ ഇൻഫൊടെയ്ൻമെന്റ് സിസ്റ്റം വരെ സുപ്രധാന ഭാഗങ്ങളിലെല്ലാം വേണ്ടുന്ന ചിപ്പുകൾ ഇന്ത്യയിൽ നിർമിക്കുന്നില്ല. ആഗോളതലത്തിലെ ക്ഷാമം സ്വാഭാവികമായും ഇറക്കുമതിയെ ബാധിച്ചിരിക്കുന്നു. അമേരിക്കയിൽ പല കാർ കമ്പനികളും ഫാക്ടറികൾ താൽക്കാലികമായി അടച്ചിട്ടുണ്ട്. ഇന്ത്യയിൽ ഫോഡ് മാത്രമേ ഏതാനും ദിവസം ഉൽപാദനം നിർത്തിവച്ചുള്ളൂ എങ്കിലും പല കമ്പനികളിലും പല മോഡലുകളും ഡിമാൻഡ് അനുസരിച്ചു നിർമിക്കാനാകുന്നില്ല. ചെറിയ കാറിൽ 50 മുതൽ 150 വരെ ചിപ് വേണ്ടുമ്പോൾ പ്രീമിയം കാറുകളിൽ ഇത് 3000 വരെയൊക്കെ ആകുന്നു. ചിപ്പുകളുടെ സാന്നിധ്യം കൂടുതലുള്ള ഉയർന്ന വേരിയന്റുകൾക്കാണു ക്ഷാമം കൂടുതൽ. ഹ്യുണ്ടായ് ക്രെറ്റ പോലുള്ള എസ്‌യുവികളുടെ ഉയർന്ന ചില വേരിയന്റുകൾക്ക് 8 മാസം വരെ കാത്തിരിക്കണം. 

ചിപ്പിനു പുറമെ സ്റ്റീലിനും മറ്റു രാജ്യങ്ങളിൽനിന്നു വരുന്ന വാഹനഘടകങ്ങൾക്കും ക്ഷാമമുണ്ട്. കോവിഡ് ഭീഷണി മാറാത്തതിനാൽ കപ്പൽ വഴിയുള്ള ചരക്കുനീക്കം പൂർണതോതിലാകാത്തതാണ് ഇതിനു കാരണം. ഇന്ത്യയിൽത്തന്നെ പല വാഹനഘടക നിർമാണകേന്ദ്രങ്ങളിലും ഉൽപാദനം കോവിഡ് കാരണം തടസ്സപ്പെടുന്നുമുണ്ട്.കല്യാണത്തോടനുബന്ധിച്ചു കാർ വാങ്ങുന്നതുപോലെയുള്ള ഇടപാടുകൾ അനായാസമല്ലാതായിരിക്കുന്നു. മാസങ്ങൾക്കുമുൻപേ ബുക്ക്ചെയ്താലേ പുതിയ കാർ അലങ്കരിച്ച് കല്യാണത്തിനെത്തിക്കാനാകൂ. 

ചിപ് ക്ഷാമത്തിനു പിന്നിൽ

ലോക്ഡൗൺ കാലത്ത് ലോകമാകെ ജനം വീട്ടിലിരിപ്പിലേക്കു മാറിയപ്പോൾ ഫോണും ടാബും ലാപ്ടോപ്പും അവയവങ്ങൾ പോലെ ജീവിതത്തിന്റെ ഭാഗമായി. അപ്പോൾ ചിപ് നിർമാണക്കമ്പനികൾ അതിനൊക്കെ വേണ്ടുന്ന ചിപ്പുകളിലേക്കു ഫോക്കസ് മാറ്റി. കാർ നിർമാതാക്കളാകട്ടെ, വിൽപന കുറഞ്ഞതിനാൽ ചിപ് വാങ്ങി സ്റ്റോക്ക് ചെയ്യാൻ ഉഷാർ കാണിച്ചുമില്ല. ഫലം, ലോക്ഡൗൺ കഴിഞ്ഞ് കാർ നിർമാണം സജീവമായപ്പോൾ ചിപ് തികയുന്നില്ല. ഇനിയും 3 മാസമെങ്കിലും വേണം വാഹനങ്ങൾക്കായുള്ള ചിപ്പിന്റെ ഉൽപാദനം ആവശ്യമുള്ളത്ര നിലവാരത്തിലേക്കെത്താൻ എന്നാണു ചിപ് കമ്പനികൾ പറയുന്നത്. തായ്‌വാ‍ൻ, ചൈന, കൊറിയ എന്നിവിടങ്ങളിലാണ് ഭൂരിഭാഗം ചിപ്പുകളും നിർമിക്കുന്നത്. 

English Summary: Chip shortages Slowing Automotive Production

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com