ADVERTISEMENT

‘വിലയോ തുച്ഛം, ഗുണമോ മെച്ച’മുള്ള വസ്തുക്കള്‍ എക്കാലത്തും ഇന്ത്യക്കാരില്‍ വലിയൊരു വിഭാഗത്തെ ആകര്‍ഷിക്കുന്നുണ്ട്. ഈ മനസ്സറിഞ്ഞ് ലോകത്തെ തന്നെ ഏറ്റവും വിലകുറഞ്ഞ എന്നാല്‍ പലവിധ ഉപയോഗങ്ങളുള്ള വൈദ്യുതി വാഹനം നിര്‍മ്മിച്ചിരിക്കുകയാണ് ഡെറ്റല്‍. 20,000 രൂപക്ക് ഒരു ഇലക്ട്രിക് സ്‌കൂട്ടര്‍ എന്നാണ് ഡെറ്റലിന്റെ വാഗ്ദാനം. 

നാള്‍ക്ക് നാള്‍ ഉയരുന്ന ഇന്ധന വില ഇന്ത്യയില്‍ ഇലക്ട്രിക് വാഹനങ്ങളുടെ വിപണി വലിയ തോതില്‍ ഉയര്‍ത്തിയിട്ടുണ്ട്. ഈ വിപണിയിലേക്കാണ് ഡിറ്റല്‍ തങ്ങളുടെ ചെറു സ്‌കൂട്ടര്‍ അവതരിപ്പിക്കുന്നത്. മുംബൈയില്‍ നടന്ന ഇന്ത്യ ഓട്ടോഷോ 2021ലാണ് ഡിറ്റല്‍ സ്ഥാപകനായ യോഗേഷ് ഭാട്ടിയ ഡിറ്റല്‍ ഈസി പ്ലസിനെ അവതരിപ്പിച്ചത്. ഡിറ്റല്‍ ഈസിയുടെ പ്രഖ്യാപനം 2020ലെ സ്വാതന്ത്ര്യ ദിനത്തിലാണ് കമ്പനി നടത്തിയത്. 2021 ഏപ്രിലില്‍ ഈ സ്വപ്‌ന വാഹനം വിപണിയിലെത്തുമെന്നാണ് യോഗേഷ് ഭാട്ടിയ അറിയിക്കുന്നത്. 

ഡിറ്റല്‍ ഈസിയുടെ 70 ശതമാനം ഭാഗങ്ങളും ഇപ്പോള്‍ ഇന്ത്യയിലാണ് നിർമിക്കുന്നതെന്നും വൈകാതെ 100 ശതമാനവും തദ്ദേശീയമായി നിര്‍മ്മിക്കുമെന്നും യോഗേഷ് പറയുന്നുണ്ട്. നിലവില്‍ ബാറ്ററിയും ബിഎംഎസുമാണ് പ്രധാനമായും ഇറക്കുമതി ചെയ്യുന്നത്. ഏറ്റവും ആവശ്യമായ സൗകര്യങ്ങള്‍ മാത്രം ഒരുക്കിയാണ് ഇത്ര കുറഞ്ഞ വിലക്ക് ഇ സ്‌കൂട്ടര്‍ വിപണിയിലെത്തിക്കാന്‍ സാധിക്കുന്നതെന്നും യോഗേഷ് സൂചിപ്പിക്കുന്നു. ഉദാഹരണത്തിന് പരമാവധി മണിക്കൂറില്‍ 25 കിലോമീറ്റര്‍ വേഗത മാത്രമുള്ള ഡെറ്റല്‍ ഈസി പ്ലസിന് ഡിസ്‌ക് ബ്രേക്കിന്റെ ആവശ്യം പോലുമില്ലെന്നും നിര്‍മ്മാതാക്കള്‍ ചൂണ്ടിക്കാണിക്കുന്നു. 

detel-1

ടിവിഎസിന്റെ ജനകീയ മോഡലായ എക്‌സ്എല്‍100ന്റെ അതേ ഭാരമാണ് ഡിറ്റലിന്റെ ഈസി പ്ലസിനുള്ളത്. പരമാവധി 150കിലോഗ്രാം വരെ വഹിക്കാന്‍ ശേഷിയുണ്ട് ഈ കുഞ്ഞന്‍ വാഹനത്തിന്. ഇത് അത്യാവശ്യം 'ചരക്കുനീക്കവും' ഇതുവഴി സാധ്യമാകുമെന്ന് വ്യക്തമാക്കുന്നു. ബാറ്ററി സീറ്റിനടിയിലാണ് സജ്ജീകരിച്ചിരിക്കുന്നത്. ഇത് സ്‌കൂട്ടറിന്റെ സ്‌റ്റോറേജ് സ്‌പേസ് ഇല്ലാതാക്കുന്നുണ്ട്. അലോയ് വീല്‍സ്, സിംഗിള്‍ പീസ് സീറ്റ്, ടെലസ്‌കോപിക് ഫ്രണ്ട് സസ്‌പെന്‍ഷന്‍, റിയര്‍ മോണോഷോക്ക്, ഡിജിറ്റല്‍ മീറ്റര്‍ എന്നിവയും സ്‌കൂട്ടറിന്റെ സവിശേഷതകളാണ്. 

350 വാട്ട് മോട്ടോറുള്ള സ്‌കൂട്ടറില്‍ 7 കിലോഗ്രാം ഭാരമുള്ള 20aH Li-ion ബാറ്ററിയാണ് ഉപയോഗിച്ചിരിക്കുന്നത്. ഒരൊറ്റ ചാര്‍ജ്ജില്‍ 60 കിലോമീറ്റര്‍ വരെ സഞ്ചരിക്കാന്‍ സാധിക്കും. ഇനി ചാര്‍ജ് കഴിഞ്ഞെന്ന് കരുതി റോഡില്‍ ഉപേക്ഷിക്കേണ്ട കാര്യമില്ല. പെഡല്‍ ചവിട്ടിയും ഈ വാഹനം മുന്നോട്ട് നീക്കാനാകും. ഏതാണ്ട് 5-6 മണിക്കൂറെടുത്താണ് സ്‌കൂട്ടര്‍ ചാര്‍ജ്ജാവുക. 

പ്രധാനമായും സ്ത്രീകളേയും കൗമാരക്കാരേയുമാണ് ഈ സ്‌കൂട്ടര്‍ ലക്ഷ്യമിടുന്നത്. കൗമാരക്കാരുടെ ആദ്യ സ്‌കൂട്ടറെന്ന മോഹം ഡെറ്റലിലൂടെ പൂര്‍ത്തീകരിച്ചുകൊടുക്കാന്‍ രക്ഷിതാക്കള്‍ക്കും താല്‍പര്യക്കുറവുണ്ടാവില്ല. വിലക്കൊപ്പം പരമാവധി വേഗത മണിക്കൂറില്‍ 25 കിലോമീറ്ററാണെന്നതും രക്ഷിതാക്കളെ ആകര്‍ഷിക്കും. മാത്രമല്ല മണിക്കൂറില്‍ 35 കിലോമീറ്ററില്‍ കുറഞ്ഞ വേഗതയായതിനാല്‍ ഈ വാഹനം ഓടിക്കാന്‍ ലൈസന്‍സിന്റെ ആവശ്യവുമില്ല. 

സാധാരണ പെട്രോള്‍ ബൈക്കിനെ അപേക്ഷിച്ച് പത്ത് ശതമാനം മാത്രമാണ് ഡെറ്റല്‍ ഈസി പ്ലസിന്റെ സര്‍വ്വീസ് ചാര്‍ജ്ജ് വരുന്നത്. ഭാവിയില്‍ പരമാവധി നഗരങ്ങളില്‍ സെയില്‍സ്-സര്‍വ്വീസ് സൗകര്യങ്ങളൊരുക്കാനും ഡെറ്റലിന് പദ്ധതിയുണ്ട്. ബാറ്ററിക്ക് മൂന്ന് വര്‍ഷവും വാഹനത്തിന് ഒരു വര്‍ഷവും വാറണ്ടിയും കമ്പനി നല്‍കുന്നുണ്ട്.

English Summary: World’s lowest-priced electric vehicle: Detel Easy Plus

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com