ഇന്ത്യയിൽ 25 വർഷം തികച്ച് ഹ്യണ്ടേയ്

Outdoor-2x1
Hyundai i20
SHARE

ഇന്ത്യൻ കാർ വിപണിയിലെ ജൈത്രയാത്ര കാൽ നൂറ്റാണ്ടു തികച്ച് ദക്ഷിണ കൊറിയൻ നിർമാതാക്കളായ ഹ്യുണ്ടേയ് മോട്ടോർ ഇന്ത്യ ലിമിറ്റഡ്(എച്ച്എംഐഎൽ). കടന്നു പോയ രണ്ടര പതിറ്റാണ്ടിനിടെ 90 ലക്ഷത്തോളം വാഹനങ്ങളാണ് എച്ച് എം ഐ എൽ ഇന്ത്യയിൽ വിറ്റഴിച്ചത്. നിരത്തു വാണിരുന്ന മാരുതി 800 കാറിനു ശക്തനായ എതിരാളിയായി ടോൾ ബോയ് രൂപകൽപ്പനയുടെ പിൻബലമുള്ള സാൻട്രോയെ അവതരിപ്പിച്ചായിരുന്നു ഹ്യുണ്ടേയിയുടെ തുടക്കം. തുടർന്നിങ്ങോട്ട് ക്രേറ്റയും വെർണയും വെന്യുവും ഗ്രാൻഡ് ഐ ട്വന്റിയുമൊക്കെയായി ഇന്ത്യൻ വിപണിയുടെ ശ്രദ്ധ കവരാൻ കമ്പനിക്കായി. ക്രമേണ ആഭ്യന്തര കാർ വിൽപ്പനയിൽ രണ്ടാം സ്ഥാനക്കാരായി മാറിയ എച്ച് എം ഐ എൽ ഇന്ത്യയിൽ നിന്നുള്ള കാർ കയറ്റുമതിക്കാരിൽ ആദ്യ സ്ഥാനവും സ്വന്തമാക്കി.

ചെന്നൈയിൽ ശ്രീപെരുംപുതൂരിനടുത്ത് ഇരുങ്ങാട്ടുകോട്ടൈയിൽ സ്ഥാപിക്കുന്ന നിർമാണശാലയ്ക്ക് 1996 മേയ് ആറിനാണ് ഹ്യുണ്ടേയ് ശിലയിട്ടത്. കൊറിയയ്ക്കു പുറത്ത് ഹ്യുണ്ടേയ് പടുത്തുയർത്തുന്ന ആദ്യ സംയോജിത കാർ നിർമാണശാലയെന്ന പെരുയും ഈ പ്ലാന്റിനു സ്വന്തമാണ്. പിന്നീട് ബോളിവുഡ് താരം ഷാരൂഖ് ഖാനെ കൂട്ടുപിടിച്ച് എം പി എഫ് ഐ എൻജിനുള്ള ‘സാൻട്രോ’യുമായി ഇന്ത്യൻ കാർ വിപണിയിലെ അരങ്ങേറ്റം. പിന്നീടുള്ള വർഷങ്ങളിൽ ‘ഗെറ്റ്സ്’, ‘ഐ 10’, ‘അക്സന്റ്’ തുടങ്ങിയവയെല്ലാമായി കൂടുതൽ വിഭാഗങ്ങളിലേക്കു ഹ്യുണ്ടേയ് സാന്നിധ്യം വ്യാപിപ്പിച്ചു. 

എൻട്രി ലവൽ ഹാച്ച്ബാക്കിൽ നിന്നു സെഡാനിലേക്കും എസ് യു വിയിലേക്കുമൊക്കെയുള്ള വളർച്ചയ്ക്കിടെ ഹ്യുണ്ടേയ് ഇന്ത്യയിലെ വിപണന ശൃംഖലയും വിപുലീകരിച്ചു. വിൽപ്പനയ്ക്കായി 1,154 ഔട്ട്ലെറ്റുകളും വിൽപ്പനാന്തര സേവനത്തിനായി 1,298 കേന്ദ്രങ്ങളും തുറന്ന ഹ്യുണ്ടേയ് പിന്നീട് ‘ക്രേറ്റ’, ‘വെന്യൂ’, ‘വെർണ’, ‘ഓറ’, ‘ഐ 20’, ‘ഗ്രാൻഡ് ഐ 20 നിയൊസ്’, ‘ട്യുസൊൻ’ തുടങ്ങി പുതിയതും വൈവിധ്യപൂർണവുമായി മോഡൽ ശ്രേണിയും അണിനിരത്തി. 

സാഹചര്യങ്ങൾ തികച്ചും പ്രതികൂലമായിട്ടും ഇന്ത്യൻ കാർ വിപണിയിൽ 17.4% വിഹിതമാണു ഹ്യുണ്ടേയ് 2020ൽ സ്വന്തമാക്കിയത്. ഇന്ത്യൻ വാഹന വ്യവസായത്തിന്റെ പരിവർത്തനത്തിൽ പങ്കാളിയാവാൻ സാധിച്ചതും സുസ്ഥിരവും വർച്ചോന്മുഖവുമായ പരിസ്ഥിതി വികസിപ്പിക്കാൻ കഴിഞ്ഞതും അഭിമാനാർഹമായ നേട്ടമാണെന്നു ഹ്യുണ്ടേയ് മോട്ടോർ ഇന്ത്യ മാനേജിങ് ഡയറക്ടറും ചീഫ് എക്സിക്യൂട്ടീവ് ഓഫിസറുമായ എസ് എസ് കിം കരുതുന്നു. 

ഇതുവരെ 400 കോടി ഡോളർ(ഏകദേശം 29,057 കോടി രൂപ) നിക്ഷേപമാണു ഹ്യുണ്ടേയ് ഇന്ത്യയിൽ നടത്തിയത്. ഒപ്പം ഇന്ത്യയിൽ നിർമിച്ച വാഹനങ്ങൾ ഹ്യുണ്ടേയ് 88 രാജ്യങ്ങളിലേക്കു കയറ്റുമതി ചെയ്യുന്നുമുണ്ട്. 2008 വരെ അഞ്ചു ലക്ഷം യൂണിറ്റ് കയറ്റുമതി ചെയ്ത കമ്പനിയുടെ നിലവിലെ മൊത്തം കയറ്റുമതി 30 ലക്ഷത്തോളം യൂണിറ്റിലെത്തിയിട്ടുണ്ട്.

English Summary: Hyundai Completes 25 years in India

വാഹന സംബന്ധമായ സേവനങ്ങളെക്കുറിച്ച് അറിയാൻ, തിരയാംwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN AUTO NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA