ADVERTISEMENT

ന്യൂഡൽഹി ∙ ഇ–വാഹന നയം രാജ്യത്താദ്യമായി നടപ്പാക്കിയ സംസ്ഥാനമെന്ന പെരുമ ഡൽഹിക്കിപ്പോഴുണ്ട്. കഴിഞ്ഞ ഓഗസ്റ്റിൽ സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച ഇ–വാഹന നയത്തിന്റെ പ്രധാന ലക്ഷ്യം നഗരത്തിലെ വായുനിലവാരം മെച്ചപ്പെടുത്തുക എന്നതു തന്നെ. അടുത്ത 5 വർഷത്തിനുള്ളിൽ 5 ലക്ഷം ഇ–വാഹനങ്ങൾ ഡൽഹിയിലെ നിരത്തിലെത്തിക്കുകയാണു സംസ്ഥാന സർക്കാരിന്റെ ലക്ഷ്യം.

∙ നഗരത്തെ സംരക്ഷിക്കാൻ

അന്തരീക്ഷ വായുവിലെ പാർട്ടിക്കുലേറ്റ് മാറ്റർ 2.5(പിഎം 2.5) കാരണം കഴിഞ്ഞ വർഷം ഡൽഹിയിൽ 54,000 പേർ മരിച്ചുവെന്ന ഗ്രീൻ പീസ് സൗത്ത് ഈസ്റ്റ് ഏഷ്യയുടെ ‘ഐക്യു എയർ ഡേറ്റ’ റിപ്പോർട്ട് പുറത്തുവന്നതു ദിവസങ്ങൾ മുൻപാണ്. 10 ലക്ഷത്തിൽ 1800 മരണത്തിനു വായുമലിനീകരണം കാരണമാകുന്നുവെന്നാണു കണ്ടെത്തൽ. ലോകാരോഗ്യ സംഘടന നിർദേശിച്ചിരിക്കുന്ന പരിധിക്കും ആറിരട്ടി വരെ മുകളിലായിരുന്നു കഴി‍ഞ്ഞ വർഷം ഡൽഹിയിലെ വായു മലിനീകരണം. വായുമലിനീകരണം ഡൽഹിക്കു കടുത്ത സാമ്പത്തിക നഷ്ടവുമുണ്ടാക്കുന്നുണ്ടെന്നും പഠനം വ്യക്തമാക്കുന്നു. കഴിഞ്ഞ വർഷം 8.1 ബില്യൻ യുഎസ് ഡോളർ(58,895 കോടി രൂപ) നഷ്ടമുണ്ടായി. ഡൽഹിയുടെ വാർഷിക ജിഡിപിയുടെ 13 ശതമാനം. രണ്ടര മൈക്രോണിൽ താഴെ വലുപ്പമുള്ള പാർട്ടിക്കുലേറ്റ് മാറ്റർ ആണ് PM 2.5. ഈ സൂക്ഷ്മകണികകൾ വായുവിൽ തങ്ങിനിൽക്കും. നൈട്രേറ്റുകൾ, സൾഫേറ്റുകൾ, ബ്ലാക്ക് കാർബൺ, അമോണിയ, സോഡിയം ക്ലോറൈഡ്, ജലാംശം, വിവിധ ധാതുക്കളുടെ പൊടി, ലോഹാംശം എന്നിവയൊക്കെ ഇതിലടങ്ങിയിരിക്കും. ലോകാരോഗ്യ സംഘടനയുടെ മാനദണ്ഡമനുസരിച്ച് PM 2.5 ന്റെ സുരക്ഷിതമായ ശരാശരി തോത് ഒരു ദിവസം ക്യുബിക് മീറ്ററിൽ 25 മൈക്രോഗ്രാമും വാർഷിക ശരാശരി 10 മൈക്രോഗ്രാമും ആണ്. എന്നാൽ, ഡൽഹിയിൽ ഇതിന്റെ അളവ് 800ൽ ഉയർന്ന ദിവസങ്ങൾ ഉണ്ടായി. ഇത് 300 ആവുന്ന അവസ്ഥ തന്നെ അതിഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്കു കാരണമാകുമെന്നോർക്കണം.

ഈ സാഹചര്യത്തിലാണു ഇ–വാഹനങ്ങൾ ശക്തിപ്പെടുത്താനുള്ള പദ്ധതി സംസ്ഥാന സർക്കാർ ആരംഭിച്ചത്. പൊതുഗതാഗത സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതും കൂടുതൽ ഇ–വാഹനങ്ങൾ അനുവദിക്കാനുള്ള നയവുമെല്ലാം കരുത്തേകുമെന്നും കാർബൺ പുറന്തള്ളൽ 2024നുള്ളിൽ 48 ലക്ഷം ടണ്ണായി കുറയ്ക്കാൻ സാധിക്കുമെന്നുമാണു സംസ്ഥാന സർക്കാരിന്റെ പ്രതീക്ഷ.

∙ ആനുകൂല്യം 1.5 ലക്ഷം രൂപ വരെ

2024നുള്ളിൽ സംസ്ഥാനത്തെ ഇ–വാഹനങ്ങൾ 25 ശതമാനമാക്കി ഉയർത്തുകയാണു സംസ്ഥാന സർക്കാരിന്റെ ലക്ഷ്യം. നിലവിൽ 0.29% ഇ–വാഹനങ്ങളാണു ഡൽഹിയിലുള്ളത്. ഇരുചക്രവാഹനങ്ങൾ, ഓട്ടോ, ഇ–റിക്ഷ എന്നിവയ്ക്കു 30,000 രൂപ വരെയും കാറുകൾക്ക് 1.5 ലക്ഷം രൂപ വരെയും ആനുകൂല്യം നൽകിയാണു ഇ–വാഹനങ്ങളിലേക്കു സർക്കാർ ജനങ്ങളെ ആകർഷിക്കുന്നത്. ഇ–വാഹന നയത്തിലെ പ്രധാന നിർദേശങ്ങൾ ഇവയായിരന്നു

∙ 3 കിലോമീറ്ററിൽ ഒരു ചാർജിങ് കേന്ദ്രം

∙ ഒരു വർഷത്തിനുള്ളിൽ 200 ചാർജിങ് കേന്ദ്രങ്ങൾ

∙ ഇ–വാഹനങ്ങൾക്ക് ഒന്നരലക്ഷം വരെ ആനുകൂല്യം. 

∙ ഇ–വാഹനങ്ങൾക്ക് റജിസ്ട്രേഷൻ നിരക്കും റോഡ് നികുതിയും ഒഴിവാക്കും

∙ സംസ്ഥാന ഇലക്ട്രിക് വാഹന ബോർഡ് രൂപീകരിക്കും. 

∙ വ്യാവസായിക ആവശ്യങ്ങൾക്കുള്ള ഇ–വാഹനങ്ങൾക്ക് കുറഞ്ഞ നിരക്കിൽ വായ്പ.

∙ ഇ–വാഹന പോളിസിയുടെ ഭാഗമായി ‘സ്ക്രാപ്പിങ് ആനുകൂല്യവും (ആക്രി ഇളവ്)’ ഒരുക്കും. 

ഇതിൽ ഭൂരിഭാഗവും നടപ്പാക്കാൻ നടപടി ആരംഭിച്ചുവെന്നതു ഡൽഹിക്ക് ഏറെ കരുത്തേകുന്നുണ്ട്. ഇ–വാഹനനയത്തിന്റെ പ്രചാരണത്തിനു വേണ്ടി ഏതാനും ആഴ്ച മുൻപ് സ്വിച്ച് ഡൽഹി എന്ന ക്യാംപയിനും സംസ്ഥാന സർക്കാർ ആരംഭിച്ചു. പ്രചാരണങ്ങൾ ഫലം കാണുന്നുവെന്നാണു സംസ്ഥാന സർക്കാരിന്റെ കണക്കുകൾ.

∙ ആനുകൂല്യങ്ങൾ ഏറെ

ഇ–വെഹിക്കിൾ നയം പ്രഖ്യാപിച്ച ഓഗസ്റ്റിനു ശേഷം ഡൽഹിയിൽ 5543 പുതിയ ഇലക്ട്രിക് മുച്ചക്ര വാഹനങ്ങൾ റജിസ്റ്റർ ചെയ്തുവെന്നാണു സംസ്ഥാന സർക്കാരിന്റെ കണക്ക്. ഇ–റിക്ഷകൾക്കു 30,000 രൂപ വരെയാണു സംസ്ഥാന സർക്കാർ സബ്സിഡി നൽകുന്നത്. പഴയ റിക്ഷ ഉപേക്ഷിക്കുന്നവർക്കു 7500 രൂപ അധിക  ആനുകൂല്യവുമുണ്ട്. 630 പുതിയ കാറുകൾ നിരത്തിലെത്തി. സംസ്ഥാന സർക്കാർ സബ്സിഡി ഇനത്തിൽ ഇതുവരെ നൽകിയതു 13.5 കോടി രൂപ. 

സംസ്ഥാന സർക്കാർ സബ്സിഡി ലഭിക്കുന്ന ഇ–വാഹനങ്ങളുടെ പട്ടിക പ്രത്യേകം പ്രസിദ്ധീകരിച്ചിട്ടുണ്ട്. 257 വാഹനങ്ങൾ ഉൾപ്പെടുന്ന പട്ടികയിൽ നിന്ന് ഉപയോക്താക്കൾക്ക് താൽപര്യമുള്ള വാഹനം തിരഞ്ഞെടുക്കാം. ഇ–വാഹനങ്ങളുടെ റജിസ്ട്രേഷൻ ഇപ്പോൾ സൗജന്യമാണ്. റോഡ് നികുതിയുമില്ല. പെട്രോൾ, ഡീസൽ വാഹനങ്ങളെക്കാൾ ലാഭകരമാണു ഇ–വാഹനങ്ങളെന്നും സംസ്ഥാന സർക്കാർ പറയുന്നു. ‘പെട്രോൾ സ്‌കൂട്ടറിനേക്കാൾ 1850 രൂപയും ബൈക്കിനേക്കാൾ 1650 രൂപയും പ്രതിമാസം ലാഭിക്കാനാവും. ഇങ്ങനെ, ഇലക്ട്രിക് സ്‌കൂട്ടർ ഉപയോഗിക്കുന്ന ഒരാൾക്ക് വർഷത്തിൽ 20,000-22,000 രൂപ വരെ ലാഭിക്കാം.’ ഗതാഗത മന്ത്രി കൈലാഷ് ഗലോട്ട് വിശദീകരിച്ചു. 

English Summary: Delhi government announces key decision on electric vehicles

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com