ADVERTISEMENT

റഷ്യന്‍ വിമാന നിർമാണ കമ്പനിയായ എയ്‌റോസ്‌മെന നിർമിക്കുന്ന ആകാശക്കപ്പൽ ഡിസൈനിന്റെ സവിശേഷതകൊണ്ട് ലോക ശ്രദ്ധയാകര്‍ഷിക്കുകയാണ്. കൂറ്റന്‍ പറക്കുംതളികയുടെ രൂപത്തിലാണ് എയ്‌റോസ്‌മെന തങ്ങളുടെ 600 ടണ്‍ (ഏകദേശം ആറു ലക്ഷം കിലോഗ്രാം) വാഹകശേഷിയുള്ള ആകാശക്കപ്പല്‍ നിർമിക്കുന്നത്. 2024ല്‍ ഈ ആകാശക്കപ്പല്‍ ചരക്കുനീക്കം തുടങ്ങുമെന്നാണ് പ്രതീക്ഷ.

റഷ്യന്‍ വ്യോമയാന ഡിസൈനറായ ഓര്‍ഫി കാസ്‌ലോവാണ് ഈ പറക്കുംതളികയുടെ മാതൃകയിലുള്ള ആകാശക്കപ്പലിന്റെ രൂപം നിർമിച്ചത്. എവിടെയും ഇറക്കാനും പറന്നുയരാനും ശേഷിയുള്ള ചരക്കുവിമാനമെന്ന ആശയമായിരുന്നു ഈ പറക്കുംതളികയുടെ രൂപത്തിലേക്ക് മാറിയത്. വിമാനത്താവളങ്ങളോ റണ്‍വേകളോ ആവശ്യമില്ലാത്ത ചരക്കുവിമാനമാണിത്. കപ്പലുകളുടേയും മറ്റും നേരെ മുകളിലായി വായുവില്‍ നിന്നുകൊണ്ട് ചരക്കുകള്‍ ഉള്ളിലേക്ക് വലിച്ചെടുക്കാനുള്ള സൗകര്യം വരെ ഈ വ്യത്യസ്തമായ ആകാശക്കപ്പലിലുണ്ട്.

ആകാശമാര്‍ഗത്തിലേക്ക് കപ്പലുകളില്‍ നിന്ന് നേരിട്ട് ചരക്കുകള്‍ കയറ്റാനും ഇറക്കാനും കഴിയുന്നത് ചരക്കുനീക്കത്തിന്റെ ചിലവ് വലിയ തോതില്‍ കുറക്കുമെന്നാണ് എയ്‌റോസ്‌മെന സിഇഒ സെര്‍ജി വി. ബെന്‍ഡിന്‍ അവകാശപ്പെടുന്നത്. സാധാരണ ചരക്കു വിമാനങ്ങളേക്കാള്‍ കുറഞ്ഞ ചിലവില്‍ ചരക്കു നീക്കം സാധ്യമാക്കാന്‍ എയ്‌റോസ്‌മെനയുടെ ഈ ആകാശക്കപ്പലിന് സാധ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.

പറക്കുംതളികയുടെ രൂപമാണെന്നത് ഈ ആകാശക്കപ്പലിന് കാറ്റിന്റെ തടസങ്ങളെ വേഗത്തില്‍ അതിജീവിക്കാന്‍ സഹായിക്കും. സാമ്പ്രദായിക വിമാനത്താവളങ്ങളുടെ ആനുകൂല്യമില്ലാത്ത പ്രദേശങ്ങളിലേക്ക് അതിവേഗത്തില്‍ ചരക്കുനീക്കം സാധ്യമാക്കാന്‍ ഇതിനു കഴിയും. മലമുകളിലേക്ക് ചരക്കെത്തിക്കാനും കാട്ടുതീ അണക്കാനുളള ദൗത്യങ്ങളില്‍ ഫലപ്രദമായി ഏര്‍പെടാനും ഈ ആകാശക്കപ്പലിന് സാധിക്കും. എട്ടു ഹെലിക്കോപ്റ്റര്‍ എൻജിനുകളാണ് ഈ കൂറ്റന്‍ ആകാശക്കപ്പലിന് കുത്തനെ പറന്നുയരാനും പറന്നിറങ്ങാനുമുള്ള ശേഷി നല്‍കുന്നത്.

20 ടണ്‍ മുതല്‍ 600 ടണ്‍ വരെയുള്ള വ്യത്യസ്ത ശേഷിയിലുള്ള പറക്കുംതളിക ആകാശക്കപ്പലുകള്‍ നിർമിക്കാനാണ് എയ്‌റോസ്‌മെനയുടെ പദ്ധതി. പരമാവധി 8000 കിലോമീറ്റര്‍ വരെ ദൂരത്തിലേക്ക് ചരക്കെത്തിക്കാന്‍ ഇവക്കാകും. മണിക്കൂറില്‍ 250 കിലോമീറ്ററായിരിക്കും ഇവയുടെ കൂടിയ വേഗത. ഭാവിയില്‍ ഇതേ മാതൃകയില്‍ ഭൂമിയില്‍ എവിടെയും പറന്നു നടക്കുന്ന ആഢംബര ഹോട്ടലുകള്‍ നിര്‍മിക്കാനും ഈ റഷ്യന്‍ കമ്പനിക്ക് പദ്ധതിയുണ്ട്.

തടസങ്ങളില്ലാതെ പദ്ധതി പുരോഗമിച്ചാല്‍ 2024ല്‍ ഇത്തരം പറക്കുംതളികകള്‍ നമ്മുടെ ആകാശം കീഴടക്കും. പറക്കുംതളികയുടെ മാതൃകയില്‍ പറക്കുംവാഹനങ്ങള്‍ നിര്‍മ്മിക്കാന്‍ ശ്രമിക്കുന്ന ലോകത്തിലെ ഏക കമ്പനിയല്ല എയ്‌റോസ്‌മെന. ഗൂഗിള്‍ സഹസ്ഥാപകനായ സെര്‍ജി ബ്രെയിനിന്റെ വ്യോമയാന കമ്പനിയും സമാനമായ ആകാശക്കപ്പലൊരുക്കുന്നുണ്ട്.

English Summary: Not UFO It's Russian Cargo Ship

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com