ADVERTISEMENT

കാർ ‍ഡീറ്റൈലിങ് ഷോപ്പുകളിൽ മാത്രം ലഭിക്കുന്ന സെറാമിക് കോട്ടിങ്ങുമായി ടാറ്റ മോട്ടോഴ്സ് എത്തിയിരിക്കുന്നു. ടാറ്റയുടെ ഏറ്റവും പുതിയ വാഹനം സഫാരിയിലാണ് സെറാമിക് കോട്ടിങ് കമ്പനി ആദ്യം പരീക്ഷിക്കുന്നത്. വാഹനം പൂർണമായും സെറാമിക് കോട്ടിങ് ചെയ്യുന്നതിന് 28500 രൂപയാണ് ചെലവ് (ടാക്സ് കൂട്ടാതെ). തുടക്കത്തിൽ സഫാരിക്കും പിന്നീട് എല്ലാ ടാറ്റ കാറുകൾക്കും ഈ സൗകര്യം ഡീലർഷിപ്പുകളിൽ നിന്നു തന്നെ ലഭിക്കും. ഇതുകൂടാതെ സഫാരിക്ക് പെന്റാകേയർ എക്സ്റ്റെന്റഡ് വാറന്റിയും ടാറ്റ പ്രഖ്യാപിച്ചിട്ടുണ്ട്.

പുതുമ നിലനിർത്താൻ സെറാമിക് കോട്ടിങ് 

തിളക്കത്തിനെന്തു തിളക്കം! ചില കാറുകൾ കാണുമ്പോൾ നമുക്ക് ഇങ്ങനെ പറയാൻ തോന്നില്ലേ? പഴയ കാർ ആണെങ്കിലും പളപളാ മിന്നുകയാണ് അതിന്റെ ബോഡി. ഇതിനു പിന്നിലെ ഗുട്ടൻസ് എന്നാണെന്നു തിരഞ്ഞു വട്ടായിട്ടുണ്ടോ? സെറാമിക് കോട്ടിങ് ആണ് ഈ തിളക്കത്തിനു പിന്നിൽ. എന്താണീ സെറാമിക് കോട്ടിങ്? വാഹനത്തിന്റ െപയിന്റിങ് പുത്തൻ പോലെയിരിക്കാനും കൂടുതൽ തിളക്കത്തോടെയിരിക്കാനും പ്രയോഗിക്കുന്ന ഒരു പോളിഷിങ് അഥവാ കോട്ടിങ് വിദ്യയാണിത്. സിലിക്കയെ അടിസ്ഥാനമാക്കി നിർമിക്കുന്ന മിശ്രിതങ്ങളാണ് കോട്ടിങ്ങിന് ഉപയോഗിക്കുന്നത്. ഒന്നു മുതൽ  ഒൻപതു ലെയറുകൾ വരെ ഈ കോട്ടിങ്ങിൽ ഉണ്ട്. അതായത്, പണം ലാഭിക്കാനാണെങ്കിൽ ഒരു ലെയർ കോട്ടിങ് മാത്രം ചെയ്യാം. എന്നാൽ പ്രീമിയം വാഹനങ്ങളൊക്കെ ഒൻപതു ലെയറുകൾ വരെയുള്ള കോട്ടിങ് ആണു ചെയ്യുക. ഗുണമേൻമയിലെ പ്രകടമായ വ്യത്യാസം ലെയറുകൾ കൂടുമ്പോൾ അറിയാം. വിദേശത്തുനിന്ന് ഇറക്കുമതി ചെയ്യുന്നവയാണ് കോട്ടിങ്ങിനുള്ള  മിശ്രിതങ്ങൾ.

സിറാമിക് കോട്ടിങ് എന്തിനു ചെയ്യണം? 

നാം ഒരു പുത്തൻ കാർ ഇഷ്ടപ്പെടുന്നതെന്തുകൊണ്ടാണ്? അതിന്റെ ബോഡി നല്ല മിനുക്കത്തോടെയിരിക്കുന്നതുകൊണ്ട് എന്നാണാദ്യത്തെ ഉത്തരം. ഇതേ പുതുമ പിന്നീടു നിരത്തിലിറക്കിയാൽ കിട്ടാറുണ്ടോ? ഇല്ല. എന്നാൽ ലഭിക്കും. സിറാമിക് കോട്ടിങ് ചെയ്താൽ. അതായത്, എന്നും പുത്തൻ പോലെയിരിക്കണമെന്നുള്ളവർക്ക് സിറാമിക് കോട്ടിങ് ചെയ്യാം. പുതുമയല്ലാതെ മറ്റു ഗുണങ്ങളെന്തെങ്കിലുമുണ്ടോ? വാഹനം പുറത്തു പാർക്ക് ചെയ്യുന്നവരാണു നമ്മളിൽ ഭൂരിഭാഗവും. പക്ഷികളും മറ്റും ബോണറ്റിൽ 'ചിന്തിക്കും'. ഇതു മാത്രമോ? മുറ്റത്തുവീഴുന്ന മാമ്പൂവിന്റെ കറ പോലും നമ്മുടെ വാഹനത്തിന്റെ പെയിന്റിങ് ഫിനിഷ് കുറയ്ക്കും. പിന്നെ ചില ചെറുതട്ടലോ മുട്ടലോ വന്ന് വണ്ടിയുടെ മുഖശ്രീയിൽ വരവീഴും. ഇതെല്ലാം മറന്നേക്കൂ എന്നു പറയാനുള്ള  ഒറ്റമൂലിയാണ് സിറാമിക് കോട്ടിങ്. 

വെള്ളത്തോട് വലിയ അലർജിയാണ് സിറാമിക് കോട്ടിങ് ചെയ്ത വാഹനങ്ങൾക്ക്. നല്ല കോട്ടിങ് ആണെങ്കിൽ ചേമ്പിലയിൽ വെള്ളം വീണാലെങ്ങനെയോ അങ്ങനെ വാഹനബോഡി ജലത്തെ തള്ളിക്കളയും. പൊടിയടിച്ചതൊക്ക ഒറ്റ വാഷിൽ ഇല്ലാതാക്കിക്കളയാം. ഇങ്ങനെ ഏറെ ഗുണങ്ങളുള്ളതാണ് സിറാമിക് കോട്ടിങ്. കാറിന്റെ നിറം വെയിലേറ്റു വാടാതിരിക്കാൻ കോട്ടിങ് സഹായിക്കും. ചെറിയ സ്ക്രാച്ചുകൾ മായ്ക്കാൻ വീണ്ടും ചെറുപോളിഷിങ്ങിലൂടെ സാധിക്കും. സിറാമിക് കോട്ടിങ് ചെയ്താൽ സ്ക്രാച്ച് പ്രൂഫ് ആണെന്ന് അർഥമില്ല. 

ചെറുകാറുകൾ സിറാമിക് കോട്ടിങ് ചെയ്യണോ? 

നിങ്ങളുടെ ബജറ്റ് അനുസരിച്ചാണ് സിറാമിക് കോട്ടിങ് ചെയ്യേണ്ടത്. ചെറു ബജറ്റിൽ ഒന്നോ രണ്ടോ കോട്ടിങ് ചെയ്യാം. പിന്നീട് ആ പുതുമ നിലനിർത്താൻ  വേറെ ചില  ട്രീറ്റ്മെന്റ് ചെയ്താൽ മതി. സിറാമിക് കോട്ടിങ്ങിനുശേഷം നിശ്ചിത കാലയളവിൽ വേണമെങ്കിൽ  പിരീയോഡിക്കൽ മെയിന്റനൻസ് ചെയ്താൽ  എന്നും വണ്ടി പുത്തൻ പോലിരിക്കും. 

എത്ര ചെലവാകും? 

പലരും പല രീതിയിലാണ് തുക ഈടാക്കുന്നത്. ഒരു ലെയർ കോട്ടിങ്ങിനു ചുരുങ്ങിയത് പതിനയ്യായിരം രൂപയ്ക്കടുത്തു വരും. നല്ല കോട്ടിങ് എങ്ങനെ മനസ്സിലാക്കാം ഒറ്റനോട്ടത്തിൽ ഒരുപോലെ തോന്നുമെങ്കിലും നല്ല രീതിയിൽ ചെയ്ത സിറാമിക് കോട്ടിങ് കണ്ടു പിടിക്കാനൊരു മാർഗമുണ്ട്. നമ്മുടെ കാറുകളിലേക്ക് ടോർച്ച് ലൈറ്റ് അടിച്ചാൽ, പ്രതിഫലിക്കുന്ന ടോർച്ചിന്റെ വട്ടത്തിനുചുറ്റം എട്ടുകാലിവല പോലെ രേഖകൾ കാണും. നമ്മുടെ വാഹനപരിപാലനത്തിന്റെ ബാക്കിപത്രമാണത്. സാധാരണരീതിയിൽ തുടയ്ക്കുന്നതിന്റെ ദോഷം. സിറാമിക് കോട്ടിങ് ചെയ്തുകഴിഞ്ഞാൽ ഈ എട്ടുകാലി വല കാണില്ല. ടോർച്ച് ലൈറ്റിന്റെ വട്ടം അതേപോലെതന്നെ കാണപ്പെടും.

സിറാമിക് കോട്ടിങ്ങിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ? 

വിദഗ്ധരെ മാത്രം കോട്ടിങ്ങിനായി സമീപിക്കുക. ആദ്യ കോട്ടിങ് കഴിഞ്ഞ് നിശ്ചിത സമയത്തിനുള്ളിൽ വണ്ടി തുടച്ചെടുക്കണം. ഇതിനുള്ള സമയത്തിൽ പാളിച്ച പറ്റിയാൽ വീണ്ടും കോട്ടിങ് ചെയ്യേണ്ട അവസ്ഥയൊക്കെയുണ്ടാകും. പിന്നെ വാഹനത്തിന്റെ പ്ലാസ്റ്റിക് പാർട്സുകൾ മറച്ചുവേണം കോട്ടിങ് മിശ്രിതം പ്രയോഗിക്കാൻ. വെളുക്കാൻ തേച്ചതു പാണ്ടായി എന്ന അവസ്ഥ ഉണ്ടാകരുത്.

English Summary: Tata Motors now offers ceramic coating on new Safari

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com