ADVERTISEMENT

ദേശീയ പാത നിർമാണത്തിൽ ചരിത്രം സൃഷ്ടിച്ച് കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം. 2020 — 21ൽ ദിവസവും ശരാശരി 37 കിലോമീറ്റർ പുതിയ ദേശീപാതയാണ് രാജ്യത്തു നിർമിച്ചതെന്നു മന്ത്രാലയം വെളിപ്പെടുത്തി. കഴിഞ്ഞ ഏഴു വർഷത്തിനിടെ രാജ്യത്തെ ദേശീയപാതകളുടെ മൊത്തം ദൈർഘ്യത്തിൽ 50% വളർച്ചയും കൈവരിച്ചു; 2014 ഏപ്രിലിൽ 91,287 കിലോമീറ്റർ ദേശീയപാത ഉണ്ടായിരുന്ന സ്ഥാനത്ത് 2021 മാർച്ച് 31ന് 1,37,625 കിലോമീറ്റർ റോഡ് ദേശീയപാത നിലവാരത്തിലെത്തി. 

ഇതിനായി ബജറ്റ് വിഹിതത്തിൽ അഞ്ചര ഇരട്ടി വർധനയും അനുവദിച്ചെന്നാണു മന്ത്രാലയത്തിന്റെ കണക്ക്. 2014– 15ൽ ദേശീയപാത വികസനത്തിന് 33,414 കോടി രൂപ നീക്കിവച്ച സ്ഥാനത്ത് 2021–22ലെ വിഹിതം 1,83,101 കോടി രൂപയാണെന്നും മന്ത്രാലയം വ്യക്തമാക്കുന്നു. കൊറോണ വൈറസ് വ്യാപനവും ‘കോവിഡ് 19’ മഹാമാരിയുമൊക്കെ വെല്ലുവിളി സൃഷ്ടിച്ചെങ്കിലും 2020–21ലും ദേശീയപാത നിർമാണത്തിൽ മികവ് ആവർത്തിക്കാൻ സാധിച്ചെന്നാണു കണക്കുകൾ സൂചിപ്പിക്കുന്നത്. 2019–20നെ അപേക്ഷിച്ച് കഴിഞ്ഞ സാമ്പത്തിക വർഷം ദേശീയപാത നിർമാണത്തിനുള്ള വിഹിതത്തിൽ 126% വർധനയുണ്ട്. 2020–21ൽ അനുമതി ലഭിച്ച ദേശീയ പാത നിർമാണമാവട്ടെ 2019–20നെ അപേക്ഷിച്ച് ഒൻപതു ശതമാനത്തോളം അധികവുമാണ്.

ദേശീയപാത നിർമാണത്തിൽ മികച്ച നേട്ടം കൈവരിക്കാൻ സഹായിച്ച ഉദ്യോസ്ഥരെ അഭിനന്ദിച്ച കേന്ദ്ര റോഡ് ഗതാഗത, ഹൈവേ, എം എസ് എം ഇ മന്ത്രി നിതിൻ ഗഢ്കരി, അവർക്കു പ്രശംസാപത്രങ്ങളും വിതരണം ചെയ്തു. ഉദ്യോഗസ്ഥരുടെയും വിവിധ പങ്കാളികളുടെയും കൂട്ടായ പരിശ്രമത്തിന്റെ ഫലമായാണ് ദേശീയപാത നിർമാണത്തിൽ രാജ്യം ചരിത്രനേട്ടം കൈവരിച്ചതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സമാനതകളില്ലാത്ത നേട്ടമാണ് ദേശീയപാത നിർമാണത്തിൽ ഇന്ത്യ കൈവരിച്ചതെന്നും ഗഢ്കരി അവകാശപ്പെട്ടു.  

വിവിധ കാരണങ്ങളാലുള്ള കാലതാമസവും പദ്ധതി നടത്തിപ്പിലെ വെല്ലുവിളികളുമൊക്കെ അതിജീവിച്ചാണു പുതിയ ദേശീയപാതകളുടെ നിർമാണം പുരോഗമിക്കുന്നത്. ‘കോവിഡ് 19’ മഹാമാരിയടക്കമുള്ള പ്രതിസന്ധികളെ മറികടന്നാണു കഴിഞ്ഞ വർഷം ദേശീയപാതകളുടെ ദൈർഘ്യത്തിൽ വൻ മുന്നേറ്റം കൈവരിച്ചതെന്നും അദ്ദേഹം ഓർമിപ്പിച്ചു. ദറക്ക റെക്കോഡ് വേഗത്തിലാണു ദേശീയപാത അതോറിട്ടി(എൻ എച്ച് എ ഐ) പുതിയ പാതകൾ യാഥാർഥ്യമാക്കുന്നത്; 2,580 മീറ്റർ നീളമുള്ള നാലുവരിപ്പാത വെറും 24 മണിക്കൂറിൽ പൂർത്തിയാക്കി എൻ എച്ച് എ ഐ പുത്തൻ റെക്കോഡ് തന്നെ സൃഷ്ടിച്ചിരുന്നു. ഡൽഹി–വഡോദര–മുംബൈ എട്ടു വരി എക്സ്പ്രസ് വേ നിർമാണത്തിന്റെ കരാർ ഏറ്റെടുത്ത പട്ടേൽ ഇൻഫ്രാസ്ട്രക്ചറാവട്ടെ കോൺക്രീറ്റിങ്ങിൽ പുതിയ ചരിത്രം സൃഷ്ടിച്ച് ഇന്ത്യ ബുക്ക് ഓഫ് റെക്കോഡ്സിലും ഗോൾഡൻ ബുക്ക് ഓഫ് വേൾഡ് റെക്കോഡ്സിലും ഇടംപിടിച്ചു. 

നിർമാണം മുടങ്ങിക്കിടന്ന പല പദ്ധതികളും പുനരുജ്ജീവിപ്പിക്കാൻ മന്ത്രാലയത്തിനു സാധിച്ചതായും ഗഢ്കരി അവകാശപ്പെട്ടു. 40,000 കോടിയോളം രൂപയ്ക്കുള്ള പഴയ കരാറുകൾ റദ്ദാക്കിയതും റോഡ് നിർമാണത്തിന് ഉണർവേകി. 2014 താൻ അധികാരമേൽക്കുമ്പോൾ 3.85 ലക്ഷം കോടി രൂപയ്ക്കുള്ള 406 പദ്ധതികളാണു മുടങ്ങിക്കിടപ്പുണ്ടായിരുന്നതെന്നും ഗഢ്കരി വെളിപ്പെടുത്തി. ഭാരത്മാല പര്യോജനയുടെ ഭാഗമായി 5.35 ലക്ഷം കോടി രൂപ ചെലവിൽ 34,800 കിലോമീറ്റർ ദേശീയപാതയുടെ നിർമാണമാണു സർക്കാർ ലക്ഷ്യമിടുന്നത്. അടുത്ത അഞ്ചു വർഷത്തിനകം യു എസിനോടോ യൂറോപ്പിനോടോ കിടപിടിക്കുംവിധത്തിൽ ഇന്ത്യയിലെ അടിസ്ഥാന സൗകര്യങ്ങൾ മാറുമെന്നും അദ്ദേഹം അവകാശപ്പെട്ടു. 

English Summary: Construction of National Highways Touches 37 km per Day, Informs Ministry

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com