ADVERTISEMENT

കൊറോണ വൈറസിന്റെ രണ്ടാം തരംഗവും ‘കോവിഡ് 19’ രോഗവ്യാപനവും രൂക്ഷമായ സംസ്ഥാനങ്ങളിലെ ആശുപത്രികൾക്ക് ഓക്സിജൻ വാഗ്ദാനം ചെയ്ത് റിലയൻസ് ഇൻഡസ്ട്രീസിനു പിന്നാലെ പൊതുമേഖല സ്ഥാപനങ്ങളായ ഇന്ത്യൻ ഓയിൽ കോർപറേഷനും(ഐ ഒ സി) ഭാരത് പെട്രോളിയം കോർപറേഷനും(ബി പി സി എൽ) രംഗത്ത്. എണ്ണ ശുദ്ധീകരണശാലകളിൽ ഉൽപ്പാദിപ്പിക്കുന്ന വ്യാവസായിക ആവശ്യത്തിനുള്ള ഓക്സിജൻ ആണ് ഐ ഒ സിയും ബി പി സി എല്ലും മെഡിക്കൽ നിലവാരത്തിലേക്ക് ഉയർത്തി ആശുപത്രികൾക്കു ലഭ്യമാക്കുന്നത്.

ഹരിയാനയിലെ പാനിപ്പത്തിലുള്ള ശുദ്ധീകരണശാലയിൽ നിന്ന് 150 ടൺ ഓക്സിജനാണ് ഇന്ത്യൻ ഓയിൽ ഡൽഹി, ഹരിയാന, പഞ്ചാബ് സംസ്ഥാനങ്ങളിലെ ആശുപത്രികൾക്കു സൗജന്യമായി നൽകിയത്. ന്യൂഡൽഹിയിലെ മഹാദുർഗ ചാരിറ്റബിൾ ട്രസ്റ്റ് ആശുപത്രിക്കാണ് ഇന്ത്യൻ ഓയിലിൽ നിന്നുള്ള ആദ്യ ലോഡ് ഓക്സിജൻ ലഭിച്ചത്. പാനിപത്ത് ശുദ്ധീകരണ ശാലയിലെ മോണോ എതിലീൻ ഗ്ലൈകോൾ(എം ഇ ജി) യൂണിറ്റിലെ ഉപയോഗത്തിനുള്ള ശുദ്ധതയേറിയ ഓക്സിജനിൽ നിന്നാണ് ഇന്ത്യൻ ഓയിൽ, മെഡിക്കൽ നിലവാരമുള്ള ലിക്വിഡ് ഓക്സിജൻ ഉൽപ്പാദിപ്പിച്ച് ആശുപത്രികളിലെത്തിക്കുന്നത്. മേഖലയിൽ ‘കോവിഡ് 19’ വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ എം ഇ ജി പ്ലാന്റിൽ നിന്നുള്ള ഉൽപ്പാദനം ഇന്ത്യൻ ഓയിൽ വെട്ടിച്ചുരുക്കിയിട്ടുണ്ട്. 

അതേസമയം പ്രതിമാസം 100 ടൺ ഓക്സിജൻ സൗജന്യമായി നൽകുമെന്നാണു ബി പി സി എല്ലിന്റെ പ്രഖ്യാപനം. ആശുപത്രികളുടെ ഉപയോഗത്തിനായി പ്രതിദിനം ഒന്നര ടൺ ഓക്സിജനാണ് ബി പി സി എൽ കൊച്ചി റിഫൈനറി ലഭ്യമാക്കുന്നത്. കഴിഞ്ഞ ഒക്ടോബർ — നവംബർ കാലത്തു ‘കോവിഡ് 19’ രോഗികളുടെ എണ്ണം കുതിച്ചുയർന്നതോടെ ബി പി സി എൽ 25 ടണ്ണോളം മെഡിക്കൽ ഓക്സിജൻ ആശുപത്രികൾക്കു വിതരണം ചെയ്തിരുന്നു. 99.7% ശുദ്ധതയുള്ള ഓക്സിജൻ ഉൽപ്പാദിപ്പിക്കാനും സംഭരിക്കാനും അമ്പലമുകളിലെ കൊച്ചി റിഫൈനറിക്കു ശേഷിയുണ്ട്. 

നൈട്രജൻ ഉൽപ്പാദനത്തിനായി സജ്ജീകരിച്ചിരിക്കുന്ന എയർ സെപ്പറേഷൻ പ്ലാന്റുകൾ പ്രയോജനപ്പെടുത്തിയാണ് ശുദ്ധീകരണശാലകൾ വ്യാവസായിക ആവശ്യത്തിനുള്ള ഓക്സിജൻ നിർമിക്കുന്നത്. ഇത്തരത്തിൽ നിർമിക്കുന്ന ഓക്സിജനിൽ നിന്നു കാർബൺ ഡയോക്സൈഡ് പോലുള്ള മലിനവാതകങ്ങൾ പൂർണായും നീക്കിയാൽ ചികിത്സാ മേഖലയിൽ ആവശ്യമുള്ള, 99.9% പരിശുദ്ധിയുള്ള ഓക്സിജൻ തയാറാക്കാനാവും. 

കൊറോണ വൈറസിന്റെ രണ്ടാം വരവിൽ ‘കോവിഡ് 19’ ബാധിതരുടെ എണ്ണം പെരുകിയതാണു മെഡിക്കൽ ഓക്സിജന്റെ ആവശ്യം കുത്തനെ ഉയരാൻ ഇടയാക്കിയത്. വിവിധ സംസ്ഥാനങ്ങളിൽ രോഗബാധിതരുടെ എണ്ണം ക്രമാതീതമായി വർധിച്ചതോടെ മെഡിക്കൽ ഓക്സിജൻ ലഭ്യതയും ആവശ്യവുമായുള്ള അന്തരം പെരുകി. 

മഹാരാഷ്ട്രയിലെ  ദൗർലഭ്യം പരിഹരിക്കാനാണു ജാംനഗറിലെ റിഫൈനറി സമുച്ചയത്തിൽ നിന്ന് റിലയൻസ് ഇൻഡസ്ട്രീസ് ഓക്സിജൻ വിതരണം ആരംഭിച്ചത്. വ്യാവസായിക ആവശ്യത്തിനായി നിർമിക്കുന്ന ഓക്സിജൻ ശുദ്ധീകരിച്ചാണ് ‘കോവിഡ് 19’ രോഗബാധിതർക്കു വേണ്ടി റിലയൻസ് മെഡിക്കൽ ഓക്സിജൻ എത്തിച്ചത്. ആദ്യ ഘട്ടത്തിൽ 100 ടൺ മെഡിക്കൽ ഓക്സിജനാണു റിലയൻസ് ഇൻഡസ്ട്രീസ് സൗജന്യമായി മഹാരാഷ്ട്രയിലെത്തിച്ചത്. 

English Summary: IOC, BPCL supply oxygen to Hospitals

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com