കരുത്തിനു പുതു മാനം; ബെന്റ്ലി 2021 ജി ടി സ്പീഡ്

bentley-continental-gt-speed
Bentley Continental GT Speed
SHARE

ലക്ഷ്വറി ഗ്രാൻഡ് ടൂററായ കോണ്ടിനെന്റൽ ജി ടിയുടെ മൂന്നാം തലമുറ മോഡലിന്റെ പ്രകടനക്ഷമതയേറിയ പതിപ്പുമായി  ബെന്റ്ലി മോട്ടോഴ്സ്. പുത്തൻ സാങ്കേതികവിദ്യയുടെ പിൻബലത്തിൽ, നിരത്തിലെ ഉപയോഗത്തിനായി രൂപകൽപ്പന ചെയ്യപ്പെട്ട ഏറ്റവും ചലനാത്മക കാർ എന്നാണു 2021 ജി ടി സ്പീഡിനെ ഫോക്സ്‌വാഗൻ ഗ്രൂപ്പിൽപെട്ട ബെന്റ്ലി പരിചയപ്പെടുത്തുന്നത്. 

കോണ്ടിനെന്റൽ ജി ടികളിലെ പോലെ കാറിന്റെ ഹൃദയമായ ആറു ലീറ്റർ, ഇരട്ട ടർബോ, ഡബ്ല്യു 12 പെട്രോൾ എൻജിൻ തന്നെയാണു ജി ടി സ്പീഡിന്റെയും സവിശേഷത. 659 പി എസ് കരുത്താണ് ഈ എൻജിൻ സൃഷ്ടിക്കുക.  സാധാരണ ജി ടിയെ അപേക്ഷിച്ച് 24 പി എസ് അധികം. 900 എൻ എമ്മോളം ടോർക്കും ഈ എൻജിൻ സൃഷ്ടിക്കും.  കാറിലെ എട്ടു സ്പീഡ് ഗീയർബോക്സും ബെന്റ്ലി പരിഷ്കരിച്ചിട്ടുണ്ട്. സ്പോർട് മോഡിൽ സാധാരണ ജി ടിയെ അപേക്ഷിച്ച് ഇരട്ടി വേഗത്തിലാണു ജി ടി സ്പീഡിലെ ഗീയർ മാറ്റമെന്നതാണു പ്രത്യേകത. നിശ്ചലാവസ്ഥയിൽ നിന്നു വെറും 3.6 സെക്കൻഡിൽ മണിക്കൂറിൽ 100 കിലോമീറ്റർ വേഗത്തിലേക്കു കുതിക്കാൻ ജി ടി സ്പീഡിനാവും. മണിക്കൂറിൽ 335 കിലോമീറ്ററാണു കാറിന്റെ പരമാവധി വേഗം. 

കോണ്ടിനെന്റൽ ജി ടിയിൽ നിന്നു ജി ടി സ്പീഡിലേക്കുള്ള പരിവർത്തനത്തിൽ കാറിന്റെ ഷാസിയെ ബെന്റ്ലി ബലപ്പെടുത്തിയിട്ടുണ്ട്. കമ്പനിയുടെ ചരിത്രത്തിൽ ആദ്യമായി പിൻ ആക്സിലിൽ ഇലക്ട്രോണിക്കലി ലിമിറ്റഡ് സ്ലിപ് ഡിഫറൻഷ്യലും ഇടംപിടിക്കുന്നു. ഒപ്പം കാറിലെ റിയർ വീൽ സ്റ്റീയറിങ് സംവിധാനത്തത്തെയും കൂടുതൽ സജീവമാക്കിയിട്ടുണ്ട്. സാങ്കേതിക വിഭാഗത്തിലെ പരിഷ്കാരങ്ങൾക്കു പുറമെ കാഴ്ചയിലും ‘ജി ടി സ്പീഡും’ ‘കോണ്ടിനെന്റൽ ജി ടി’യുമായി കാര്യമായ മാറ്റമുണ്ട്. കറുപ്പിച്ച മുൻ ഗ്രില്ലും എയർ ഡാമും, കൂടുതൽ ഭംഗിയുള്ള സൈഡ് സിൽ, ‘സ്പീഡ്’ ബാഡ്ജ് എന്നിവയൊക്കെ കാറിലുണ്ട്. സിൽവർ, ഡാർക്ക് ടിന്റ്, ഗ്ലോസ് ബ്ലാക്ക് വർണ സാധ്യതകളോടെ 22 ഇഞ്ച് സ്പീഡ് വീലും ‘ജി ടി സ്പീഡി’ലുണ്ട്. 

പതിനെട്ടു വർഷം മുമ്പ് 2003ൽ അരങ്ങേറ്റം കുറിച്ച ‘കോണ്ടിനെന്റൽ ജി ടി’യുടെ  മൂന്നു തലമുറ മോഡലുകളാണ് യു കെയിലെ ക്രൂ ശാലയിൽ നിന്ന് ഇതുവരെ നിരത്തിലെത്തിയത്. രൂപകൽപ്പനയിലും സാങ്കേതികവിദ്യയിലും എൻജിനീയറിങ്ങിലുമൊക്കെ സമഗ്രമായ മാറ്റങ്ങളും പുതുമകളുമായിട്ടായിരുന്നു പുതുതലമുറ ‘കോണ്ടിനെന്റൽ ജി ടി’കളുടെ വരവ്. കടന്നുപോയ കാലത്തിനിടെ കാറിലെ എൻജിൻ കരുത്തിൽ 27% വർധനയാണു രേഖപ്പെടുത്തിയത്; കാർബൺ ഡയോക്സൈഡ് മലിനീകരണമാവട്ടെ 48 ശതമാനത്തോളം കുറയ്ക്കാനും ബെന്റ്ലിക്കായി. 

English Summary: 2021 Bentley Continental GT Speed Revealed

വാഹന സംബന്ധമായ സേവനങ്ങളെക്കുറിച്ച് അറിയാൻ, തിരയാംwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN AUTO NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

നിത്യജ്വാലയായ് ചെന്താരകം

MORE VIDEOS
FROM ONMANORAMA