കോവിഡ് മഹാമാരി; ചരിത്രത്തിൽ ആദ്യമായി ടോക്കിയോ മോട്ടോർ ഷോ റദ്ദാക്കി

tokyo-motorshow
Tokyo Motor Show
SHARE

ജപ്പാനിലെ  കൊറോണ വൈറസ് വ്യാപനം നിയന്ത്രണ വിധേയമാവാത്ത സാഹചര്യത്തിൽ ഇക്കൊല്ലത്തെ ടോക്കിയോ മോട്ടോർ ഷോ റദ്ദാക്കാൻ  സംഘാടകർ തീരുമാനിച്ചു. 1954ൽ തുടക്കമിട്ട, രണ്ടു വർഷത്തിലൊരിക്കൽ അരങ്ങേറുന്നതുമായ ടോക്കിയോ മോട്ടോർ ഷോ ഇതാദ്യമായാണു റദ്ദാക്കപ്പെടുന്നത്. 2019ൽ നടന്ന ടോക്കിയോ മോട്ടോർ ഷോയിൽ 13 ലക്ഷത്തോളം സന്ദർശകരാണു പങ്കാളികളായത്.  ജൂലൈ 23 മുതൽ ജപ്പാൻ ആതിഥ്യമരുളേണ്ട 2020 ഒളിംപിക്സ് മാറ്റിവച്ചതായി പ്രഖ്യാപിച്ചതിനു പിന്നാലെയാണ് ശൈത്യകാലത്ത് അരങ്ങേറുമെന്നു കരുതിയ ടോക്കിയോ മോട്ടോർ ഷോയും അരങ്ങൊഴിയുന്നത്. 

‘കോവിഡ് 19’ ബാധ നിയന്ത്രണവിധേയമാവാതെ പെരുകുന്ന സാഹചര്യത്തിൽ സന്ദർശകരുടെ സുരക്ഷ ഉറപ്പാക്കുക സാധ്യമല്ലെന്നു ടോക്കിയോ മോട്ടോർ ഷോ സംഘാടകരായ ജാപ്പനീസ് കാർ നിർമാതാക്കളുടെ അസോസിയേഷൻ(ജെ എം എ) മേധാവി അക്യോ ടൊയോഡ വ്യക്തമാക്കി. നിലവിലെ സാഹചര്യത്തിൽ വാഹന ലോകത്തെയും സഞ്ചാര സാധ്യതകളെയും കുറിച്ചുള്ള പുത്തൻ അനുഭവങ്ങൾ പ്രദാനം ചെയ്യുകയെന്ന പ്രധാന ലക്ഷ്യം തന്നെ കൈവരിക്കുക ബുദ്ധിമുട്ടാവുമെന്നും അസോസിയേഷൻ വിലയിരുത്തുന്നു. 

പോരെങ്കിൽ കൊറോണ വൈറസ് വ്യാപനം ചെറുക്കാൻ ലക്ഷ്യമിട്ടു ടോക്കിയോയിലും ഒസാക്കയിലുമൊക്കെ മൂന്നാമതും അടിയന്തിരാവസ്ഥ പ്രഖ്യാപിക്കാനും ജപ്പാൻ സർക്കാർ ഒരുങ്ങുന്നുണ്ട്. മോട്ടോർ സൈക്കിളുകൾക്കും മിനി കാറുകൾക്കും വലിയ വാഹനങ്ങൾക്കും കാറുകൾക്കും പുറമെ മറ്റു വ്യവസായ മേഖലകളിൽ നിന്നുള്ള വാഹനങ്ങളും ടോക്കിയോ മോട്ടോർ ഷോയിൽ പ്രദർശിപ്പിക്കാറുണ്ട്. പ്രദർശന വസ്തുക്കളെക്കുറിച്ച് സന്ദർശകർക്ക് യഥാർഥ അനുഭവം പ്രദാനം ചെയ്യാനാണു ലക്ഷ്യമിടുന്നത് എന്നതിനാലാണു വെർച്വൽ വ്യവസ്ഥയിൽ മോട്ടോർ ഷോ സംഘടിപ്പിക്കാത്തതെന്നും ടൊയോഡ വ്യക്തമാക്കി. സാഹചര്യം തീർത്തും പ്രതികൂലമായതിനാൽ പ്രദർശനം റദ്ദാക്കുകയല്ലാതെ മറ്റു മാർഗമില്ലെന്ന നിഗമനത്തിലാണു സംഘാടകരായ ജെ എം എ. 

മാത്രമല്ല, അടുത്ത പ്രാവശ്യം സംഘടിപ്പിക്കുമ്പോൾ പ്രദർശനത്തെ ടോക്കിയോ മൊബിലിറ്റി ഷോ എന്ന പേരിൽ പരിഷ്കരിക്കാനും ജെ എം എ തീരുമാനിച്ചിട്ടുണ്ടെന്നു ടൊയോഡ അറിയിച്ചു. കൂടുതൽ മെച്ചപ്പെട്ടതും പരിഷ്കരിച്ചതുമായ പ്രദർശനമാവും ടോക്കിയോ മൊബിലിറ്റി ഷോയായി അരങ്ങേറുകയെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു. കാർ നിർമാതാക്കളിൽ നിന്നുള്ള മികച്ച പങ്കാളിത്തമായിരുന്നു ടോക്കിയോ മോട്ടോർ ഷോയുടെ സവിശേഷത; പുത്തൻ സാങ്കേതികവിദ്യകളുടെയും പുതിയ കാർ മോഡലുകളുടെയും അരങ്ങേറ്റത്തിനുള്ള പ്രധാന വേദിയുമായിരുന്നു ജപ്പാനിലെ വാഹന പ്രദർശനം. എന്നാൽ സമീപ കാലത്തായി പല പ്രധാന യൂറോപ്യൻ ബ്രാൻഡുകളും ചില ഏഷ്യൻ നിർമാതാക്കളും ടോക്കിയോയിൽ നിന്നു വിട്ടു നിന്നിരുന്നു. ചൈനീസ് കാർ വിപണിയുടെ കുതിച്ചുചാട്ടമാണു ജപ്പാനിലെ കാർ നിർമാതാക്കൾക്കും അവരുടെ വാഹന പ്രദർശനത്തിനും തിരിച്ചടി സൃഷ്ടിച്ചതെന്നാണു വിലയിരുത്തൽ. 

English Summary: Tokyo Motor Show Cancelled

വാഹന സംബന്ധമായ സേവനങ്ങളെക്കുറിച്ച് അറിയാൻ, തിരയാംwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN AUTO NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

നിത്യജ്വാലയായ് ചെന്താരകം

MORE VIDEOS
FROM ONMANORAMA