2021 ഹയബൂസ എത്തി; വില 16.40 ലക്ഷം രൂപ

hayabusa-1
Suzuki Hayabusa
SHARE

ജാപ്പനീസ് ഇരുചക്രവാഹന നിർമാതാക്കളായ സുസുക്കി മോട്ടോർ സൈക്കിൾ ഇന്ത്യയുടെ ‘2021 ഹയബൂസ’ ഇന്ത്യയിൽ വിൽപ്പനയ്ക്കെത്തി; സ്പോർട്  ബൈക്കായ ‘ഹയബൂസ’യുടെ മൂന്നാം തലമുറ മോഡലിന് 16.40 ലക്ഷം രൂപയാണു ഷോറൂം വില. നിലവിലുള്ള മോഡലിനെ അപേക്ഷിച്ച് മൂന്നു ലക്ഷത്തോളം രൂപ അധിക വില നിശ്ചയിച്ചാണു സുസുക്കി ‘2021 ഹയബൂസ’ വിപണിയിലിറക്കിയത്.  ‘ഹയബൂസ’യുടെ രണ്ടാം തലമുറ മോഡൽ 13.70 ലക്ഷം രൂപയ്ക്കാണ് ഇന്ത്യയിൽ വിറ്റിരുന്നു. 

മൂന്നാം തലമുറ ‘ഹയബൂസ’യ്ക്കുള്ള ബുക്കിങ്ങുകൾ സുസുക്കി സ്വീകരിച്ചു തുടങ്ങി; ‘കോവിഡ് 19’ മഹാമാരി പരിഗണിച്ചുള്ള നിയന്ത്രണങ്ങൾ മൂലം ഓൺലൈൻ വ്യവസ്ഥയിൽ മാത്രമാണു ബൈക്ക് ബുക്ക് ചെയ്യാൻ അവസരം. ഒരു ലക്ഷം രൂപ അഡ്വാൻസ് നൽകി ‘2021 ഹയബൂസ’ ബുക്ക് ചെയ്യാം. അടുത്ത മാസത്തോടെ പുത്തൻ ‘ഹയബൂസ’ ഉടമസ്ഥർക്കു കൈമാറിത്തുടങ്ങുമെന്നും കമ്പനി വ്യക്തമാക്കി.

പുത്തൻ ‘ഹയബൂസ’യ്ക്കു കരുത്തേകുന്നത് യൂറോ അഞ്ച് (അതായത് ബി എസ് ആറ്) നിലവാരമുള്ള 1,340 സി സി, ഇൻലൈൻ ഫോർ സിലിണ്ടർ, ലിക്വിഡ് കൂൾഡ് എൻജിനാണ്. 190 ബി എച്ച് പിയോളം കരുത്തും 150 എൻ എം ടോർക്കുമാണ് ഈ എൻജിൻ സൃഷ്ടിക്കുക. ആറു സ്പീഡ് ട്രാൻസ്മിഷനോടെ എത്തുന്ന ബൈക്കിന് മണിക്കൂറിൽ 290 കിലോമീറ്ററാണു സുസുക്കി വാഗ്ദാനം ചെയ്യുന്ന പരമാവധി വേഗം; ഇന്ധനക്ഷമതയാവട്ടെ ലീറ്ററിന് 18.5 കിലോമീറ്ററും. 

മനേസാറിലെ എസ് എം ഐ പി എൽ ശാലയിൽ അസംബ്ൾ ചെയ്താവും ‘2021 ഹയബൂസ’ ഇന്ത്യയിൽ വിൽപ്പനയ്ക്കെത്തുക. പുതിയ ലോഗോ രൂപകൽപ്പനയും പരിഷ്കരിച്ച ടാങ്കും ക്രോമിയം പ്ലേറ്റിങ് സഹിതം, നീളമേറിയ എക്സോസ്റ്റും നവീകരിച്ച ഏഴ് സ്പോക്ക് അലോയ് വീലുമെല്ലാമായാണ് ‘2021 ഹയബൂസ’ എത്തുന്നത്. മൂന്ന് ഇരട്ട വർണ സാധ്യതകളിലാണ് ‘2021 ഹയബൂസ’ വിൽപ്പനയ്ക്കുള്ളത്: ഗ്ലാസ് സ്പാർക്ൾ ബ്ലൂ — കാൻഡി ബേൺഡ് ഗോൾഡ്, മെറ്റാലിക് മാറ്റ് സ്വോർഡ് സിൽവർ — കാൻഡി ഡെയറിങ് റെഡ്, പേൾ ബ്രില്യന്റ് വൈറ്റ് — മെറ്റാലിക് മാറ്റ് സ്റ്റെല്ലാർ ബ്ലൂ.

ആഗോളതലത്തിൽ തന്നെ സ്പോർട് ബൈക്ക് ആരാധകരുടെ ഇഷ്ടമോഡലാണ് ‘ഹയബൂസ’യെന്ന് സുസുക്കി മോട്ടോർ സൈക്കിൾ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് മാനേജിങ് ഡയറക്ടർ കൊയ്ചിരൊ ഹിരാവൊ അഭിപ്രായപ്പെട്ടു. രണ്ടു പതിറ്റാണ്ടു മുമ്പ് ‘ഹയബൂസ’ തന്നെയാണ് സ്പോർട് ബൈക്കുകളുടെ ഈ വിപണിക്കും തുടക്കമിട്ടത്. മലിനീകരണ നിയന്ത്രണത്തിൽ ഭാരത് സ്റ്റേജ് ആറ്(ബി എസ് ആറ്) നിലവാരം കൈവരിക്കുന്നതിനൊപ്പം കൂടുതൽ സന്തുലിതവും കിടയറ്റതുമായ പ്രകടനം കാഴ്ചവയ്ക്കാനും സാധിക്കുംവിധമാണു പുതിയ ‘ഹയബൂസ’യുടെ രൂപകൽപ്പനയെന്നും അദ്ദേഹം വിശദീകരിച്ചു. 

English Summary: 2021 Suzuki Hayabusa Launched at Rs 16.4 lakh

വാഹന സംബന്ധമായ സേവനങ്ങളെക്കുറിച്ച് അറിയാൻ, തിരയാംwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN AUTO NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

നിത്യജ്വാലയായ് ചെന്താരകം

MORE VIDEOS
FROM ONMANORAMA