3 മാസം, 25000 യൂണിറ്റ് വിൽപന; ചെറു എസ്‍യുവി വിപണിയിലെ താരമായി സൊണെറ്റ്

kia-sonet-4
SHARE

സ്പോർട് യൂട്ടിലിറ്റി വാഹന(എസ് യു വി)ങ്ങളോട് ഇന്ത്യയ്ക്കുള്ള ആഭിമുഖ്യം മുതലെടുത്ത് കൊറിയൻ നിർമാതാക്കളായ കിയ മോട്ടോഴ്സ് കുതിപ്പ് തുടരുന്നു. സെൽറ്റോസിനും സൊണെറ്റിനും മികച്ച വരവേൽപ്പാണ് ഇന്ത്യൻ വിപണി നൽകിയത്. കഴിഞ്ഞ ഓഗസ്റ്റിൽ നിരത്തിലെത്തിയ കോംപാക്ട് എസ് യു വിയായ സൊണെറ്റ് ഈ വർഷത്തിന്റെ ആദ്യ മൂന്നു മാസക്കാലത്തിനിടെ കാൽ ലക്ഷത്തിലേറെ യൂണിറ്റിന്റെ വിൽപനയാണു സ്വന്തമാക്കിയത്.

കഴിഞ്ഞ മാസം 8,498 സൊണെറ്റ് വിറ്റെന്നാണു കിയയുടെ കണക്ക്; ഫെബ്രുവരിയിൽ വിറ്റ 7,997 യൂണിറ്റിനെ അപേക്ഷിച്ച് ആറു ശതമാനത്തോളം അധികമാണിത്.  2021 ജനുവരിയിലാവട്ടെ 8,859 ‘സൊണെറ്റ്’ ആണു കിയ വിറ്റഴിച്ചത്. ഇതോടെ കഴിഞ്ഞ ജനുവരി — മാർച്ച് പാദത്തിലെ ‘സൊണെറ്റ്’ വിൽപ്പന തന്നെ 25,354 യൂണിറ്റായി. കടുത്ത മത്സരം അരങ്ങേറുന്ന സബ് കോംപാക്ട് എസ് യു വി വിപണിയിൽ പുതുതരംഗമായി മാറാൻ ‘സൊണെറ്റി’നു സാധിച്ചെന്നാണു കണക്കുകൾ നൽകുന്ന സൂചന. പോരെങ്കിൽ കിയ മോട്ടോഴ്സിന്റെ പ്രതിമാസ വിൽപ്പനയിൽ പകുതിയോളം ‘സൊണെറ്റി’ന്റെ സംഭാവനയുമാണ്. മുൻ വർഷത്തെ അപേക്ഷിച്ച് ഇക്കൊല്ലം മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ കിയയെ സഹായിക്കുന്നതും ‘സൊണെറ്റി’ന്റെ വരവ് തന്നെ.

മാരുതി സുസുക്കി ‘വിറ്റാര ബ്രേസ’യും ഹ്യുണ്ടേയ് ‘വെന്യു’വും നിസ്സൻ ‘മാഗ്നൈറ്റും’ റെനോ ‘കൈഗറും’ ടാറ്റ ‘നെക്സനും’ മഹീന്ദ്ര ‘എക്സ് യു വി 300’യുമൊക്കെ മാറ്റുരയ്ക്കുന്ന സബ് കോംപാക്ട് വിപണിയിൽ പടയ്ക്കിറങ്ങിയ ‘സൊണെറ്റി’ന്റെ അടിസ്ഥാന വകഭേദത്തിന് 6.79 ലക്ഷം രൂപയാണു ഷോറൂം വില. മുന്തിയ ‘സൊണെറ്റി’നാവട്ടെ 13.19 ലക്ഷം രൂപയാണു ഷോറൂം വില.

മൂന്ന് എൻജിൻ സാധ്യതകളോടെയാണു ‘സൊണെറ്റി’ന്റെ വരവ്: ഒരു ലീറ്റർ ടർബോ പെട്രോൾ, 1.2 ലീറ്റർ പെട്രോൾ, 1.5 ലീറ്റർ ഡീസൽ. ഒരു ലീറ്റർ ടർബോ പെട്രോൾ എൻജിന് 117 ബി എച്ച് പിയോളം കരുത്തും 172 എൻ എം ടോർക്കും സൃഷ്ടിക്കാനാവും; ഇരട്ട ക്ലച് ഓട്ടമാറ്റിക് ട്രാൻസ്മിഷനാണ് ഈ എൻജിനു കൂട്ട്. അതേസമയം 1.2 ലീറ്റർ പെട്രോൾ എൻജിൻ സൃഷ്ടിക്കുക 81 ബി എച്ച് പിയോളം കരുത്തും 115 എൻ എം ടോർക്കുമാണ്. അഞ്ച് സ്പീഡ് മാനുവൽ ഗീയർബോക്സാണു ട്രാൻസ്മിഷൻ സാധ്യത. 1.5 ലീറ്റർ ഡീസൽ എൻജിനാവട്ടെ 113 ബി എച്ച് പി വരെ കരുത്തും 250 എൻ എമ്മോളം ടോർക്കുമാണു സൃഷ്ടിക്കുക. ആറു സ്പീഡ് മാനുവൽ ഗീയർബോക്സാണ് ഈ എൻജിനൊപ്പമുള്ള ട്രാൻസ്മിഷൻ. ഓപ്ഷനൽ വ്യവസ്ഥയിൽ ഡീസൽ എൻജിനു കൂട്ടായി ആറു സ്പീഡ് ടോർക്ക് കൺവെർട്ടർ ഗീയർബോക്സും ലഭ്യമാണ്.

കാബിൻ സൗകര്യത്തിലും സംവിധാനത്തിലും ‘സൊണെറ്റ്’ ബഹുദൂരം മുന്നിലാണ്. 10.25 ഇഞ്ച് എച്ച് ഡി ഇൻഫൊടെയ്ൻമെന്റ് സംവിധാനം, യുവൊ കണക്ടിവിറ്റി, സബ് വൂഫർ സഹിതം ഏഴു ബോസ് സ്പീക്കർ, എൽ ഇ ഡി സൗണ്ട് മൂഡ് ലാംപ്, കൂളിങ് ഫംക്ഷൻ സഹിതം വയർലെസ് സ്മാർട്ഫോൺ ചാർജർ, വെന്റിലേറ്റഡ് മുൻ സീറ്റ്, എയർ പ്യൂരിഫയർ എന്നിവയൊക്കെ ‘സൊണെറ്റി’ലുണ്ട്. മികച്ച സുരക്ഷ ഉറപ്പാക്കാൻ ആറ് എയർബാഗ്, ഇ ബി ഡി സഹിതം എ ബി ഡി, വെഹിക്കിൾ സ്റ്റെബിലിറ്റി മാനേജ്മെന്റ്, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ, ഹിൽ സ്റ്റാർട് അസിസ്റ്റ് കൺട്രോൾ, ബ്രേക്ക് അസിസ്റ്റ് തുടങ്ങിയവയും ലഭ്യമാണ്. 

English Summary: Kia Sonet SUV clocks more than 25,000 units in the first three months of 2021

വാഹന സംബന്ധമായ സേവനങ്ങളെക്കുറിച്ച് അറിയാൻ, തിരയാംwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN AUTO NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

നിത്യജ്വാലയായ് ചെന്താരകം

MORE VIDEOS
FROM ONMANORAMA