ADVERTISEMENT

ജാപ്പനീസ് നിർമാതാക്കളായ സുസുക്കി മോട്ടോർ സൈക്കിൾ ഇന്ത്യ അവതരിപ്പിച്ച ഹെവിവെയ്റ്റ് അഡ്വഞ്ചർ ടൂററായ 2021 ഹയബൂസയ്ക്ക് തകർപ്പൻ വരവേൽപ്പ്. ഇന്ത്യയ്ക്കായി അനുവദിച്ച ആദ്യ ബാച്ചിലെ 101 മോട്ടോർ സൈക്കിളുകളും രണ്ടു ദിവസം കൊണ്ടു വിറ്റഴിഞ്ഞതോടെ 2021 ഹയബൂസയ്ക്കുള്ള ബുക്കിങ് താൽക്കാലികമായി നിർത്തിവയ്ക്കേണ്ട അവസ്ഥയിലാണു സുസുക്കി.

പ്രാരംഭ ആനുകൂല്യമെന്ന നിലയിൽ ആദ്യ ബാച്ച് ‘ഹയബൂസ’യുടെ ഉടമസ്ഥർക്ക് ബൈക്കിന്റെ പിൻസീറ്റ് കൗൾ സൗജന്യമായി നൽകുമെന്നും സുസുക്കി മോട്ടോർ സൈക്കിൾ ഇന്ത്യ അറിയിച്ചിട്ടുണ്ട്. ഭാവിയിൽ ‘ഹയബൂസ’ വാങ്ങുന്നവർ പിൻ സീറ്റ് കൗളിനു വില നൽകേണ്ടി വരും. ഇക്കൊല്ലം മധ്യത്തോടെ ‘ഹയബൂസ’യുടെ മൂന്നാംതലമുറ മോഡൽ  വീണ്ടും വിൽപ്പനയ്ക്കെത്തിക്കാനാവുമെന്ന പ്രതീക്ഷയിലാണു സുസുക്കി. 16.40 ലക്ഷം രൂപയാണു പുത്തൻ ഹയബൂസയുടെ ഇന്ത്യയിലെ ഷോറൂം വില. ദശാബ്ദത്തോളം നീണ്ട ഇടവേളയ്ക്കൊടുവിൽ സമഗ്രമായ പരിഷ്കാരങ്ങളോടെയായിരുന്നു ‘2021 ഹയബൂസ’യുടെ വരവ്. പുത്തൻ രൂപകൽപ്പനയ്ക്കും മെച്ചപ്പെടുത്തിയ ഏറോഡൈനമിക്സിനുമൊപ്പം  സമഗ്രമായും പരിഷ്കരിച്ച ഇലക്ട്രോണിക്സ് സ്യൂട്ടും ബൈക്കിലുണ്ട്.

യൂറോ അഞ്ച്(അഥവാ ബി എസ് ആറ്) നിലവാരം പുലർത്തുന്ന 1,340 സി സി, ഫ്യുവൽ ഇഞ്ചക്റ്റഡ്, ലിക്വിഡ് കൂൾഡ്, ഡി ഒ എച്ച് സി, ഇൻലൈൻ ഫോർ എൻജിനാണു ബൈക്കിനു കരുത്തേകുന്നത്; 9,700 ആർ പി എമ്മിൽ 187 ബി എച്ച് പിയോളം കരുത്തും 7,000 ആർ പി എമ്മിൽ 150 എൻ എം വരെ ടോർക്കുമാണ് ഈ എൻജിൻ സൃഷ്ടിക്കുക. മലിനീകരണ നിയന്ത്രണ നിലവാരം ഉയർന്നതോടെ മുൻമോഡലിനെ അപേക്ഷിച്ച് കരുത്തിൽ 10 ബി എച്ച് പിയുടെയും ടോർക്കിൽ അഞ്ച് എൻ എമ്മിന്റെയും ഇടിവു നേരിട്ടിട്ടുണ്ട്.  ബൈക്കിന്റെ ഭാരം രണ്ടു കിലോഗ്രാം കുറഞ്ഞ് 264 കിലോഗ്രാമായെങ്കിലും പരമാവധി വേഗം മാറ്റമില്ലാതെ തുടരുന്നു: മണിക്കൂറിൽ 299 കിലോമീറ്റർ.

മുൻ മോഡലിെന അപേക്ഷിച്ചു കാഴ്ചയിൽ കൂടുതൽ ആധുനികമെന്നു തോന്നിക്കും വിധമാണ് 2021 ഹയബൂസ‌യുടെ രൂപകൽപ്പന. പുത്തൻ ഹെഡ്ലാംപും ഇൻഡിക്കേറ്ററും എയർ സ്കൂപ്പുമൊക്കെയായി ബൈക്കിന്റെ മുൻഭാഗം സുസുക്കി പൂർണമായും പൊളിച്ചു പണിതു. എൽ ഇ ഡി ലൈറ്റിങ്ങിന്റെ സാന്നിധ്യവും മൂന്നാം തലമുറ ‘ഹയബൂസ’യെ കൂടുതൽ ആകർഷകമാക്കുന്നുണ്ട്. മൂന്ന് ഇരട്ട വർണ സാധ്യതകളിലാണ് 2021 ഹയബൂസ വിൽപനയ്ക്കുള്ളത്. ഗ്ലാസ് സ്പാർക്ൾ ബ്ലൂ – കാൻഡി ബേൺഡ് ഗോൾഡ്, മെറ്റാലിക് മാറ്റ് സ്വോർഡ് സിൽവർ – കാൻഡി ഡെയറിങ് റെഡ്, പേൾ ബ്രില്യന്റ് വൈറ്റ് – മെറ്റാലിക് മാറ്റ് സ്റ്റെല്ലാർ ബ്ലൂ.

English Summary: 2021 Suzuki Hayabusa Sold Out in India in Just 2 Days

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com