ADVERTISEMENT

അടുത്ത വർഷത്തോടെ വൈദ്യുത വാഹന വിഭാഗത്തിലേക്കു പ്രവർത്തനം വ്യാപിപ്പിക്കുമെന്ന് മഹീന്ദ്ര ആൻഡ് മഹീന്ദ്ര(എം ആൻഡ് എം). കഴിഞ്ഞ ഓട്ടോ എക്സ്പോയിൽ പ്രദർശിപ്പിച്ച വൈദ്യുത വാഹനങ്ങളായ ‘ഇ എക്സ് യു വി 300’, ‘ഇ കെ യു വി 100’ എന്നിവ അടുത്ത വർഷം വിൽപ്പനയ്ക്കെത്തിക്കാനാണു മഹീന്ദ്ര തയാറെടുക്കുന്നതെന്നു കമ്പനി എക്സിക്യൂട്ടീവ് ഡയറക്ടർ രാജേഷ് ജെജുരികർ വെളിപ്പെടുത്തി. 

വൈദ്യുത വാഹന വിഭാഗത്തിൽ സാന്നിധ്യം ശക്തമാക്കാൻ ദ്വിമുഖ പദ്ധതിയാണ് മഹീന്ദ്ര ആവിഷ്കരിച്ചിരിക്കുന്നത്. 2025 വരെ വൈദ്യുത വാഹന വ്യവസായത്തിൽ 3,000 കോടി രൂപയുടെ നിക്ഷേപത്തിനും കമ്പനി തയാറെടുക്കുന്നുണ്ട്. ഇതിൽ 1,700 കോടി രൂപയുടെ നിക്ഷേപം പൂർത്തിയാക്കിയ മഹീന്ദ്ര, 500 കോടി രൂപ ചെലവിൽ പുതിയ ഗവേഷണ, വികസന കേന്ദ്രം സ്ഥാപിക്കാനും തീരുമാനിച്ചിട്ടുണ്ട്. കൂടാതെ ഉപസ്ഥാപനമായ മഹീന്ദ്ര ഇലക്ട്രിക്കിനെ മാതൃസ്ഥാപനമായ മഹീന്ദ്ര ഓട്ടമോട്ടീവ് ഗ്രൂപ്പിൽ ലയിപ്പിക്കാനുള്ള നടപടികളും പൂർത്തിയായി.

വരുന്ന നാലു വർഷത്തിനിടെ രാജ്യത്ത് വ്യക്തിഗത ഉപയോഗത്തിനുള്ള വൈദ്യുത വാഹനങ്ങളുടെ വിപണന സാധ്യത ഗണ്യമായി ഉയരുമെന്നാണു മഹീന്ദ്രയുടെ പ്രതീക്ഷ; ബാറ്ററി ചാർജിങ്ങിനും മറ്റുമുള്ള അടിസ്ഥാന സൗകര്യം കാര്യമായി വികസിക്കുമെന്നും വൈദ്യുത വാഹനങ്ങളുടെ വില ന്യായമായ തലത്തിലെത്തുമെന്നും കമ്പനി കരുതുന്നു.വ്യക്തിഗത ഉപയോഗത്തിനുള്ള വൈദ്യുത വാഹനങ്ങൾക്കായി മഹീന്ദ്ര ഇലക്ട്രിക് സ്കേലബ്ൾ മൊഡ്യുലർ ആർക്കിടെക്ചർ(എം ഇ എസ് എം എ) 350 എന്ന പേരിൽ പുതിയ പ്ലാറ്റ്ഫോം തന്നെ മഹീന്ദ്ര വികസിപ്പിക്കുന്നുണ്ട്. 

ഉയർന്ന വോൾട്ടേജും ദീർഘദൂര സഞ്ചാര ശേഷി(റേഞ്ച്)യുമുള്ള ഈ പ്ലാറ്റ്ഫോമിലാണ് ‘ഇ എക്സ് യു വി 300’ സാക്ഷാത്കരിച്ചിരിക്കുന്നത്. വാഹനത്തിലെ 40 കിലോവാട്ട് അവർ ബാറ്ററിക്ക് 132 പി എസ് കരുത്ത് സൃഷ്ടിക്കാനാവുമെന്നാണു പ്രതീക്ഷ; ഒറ്റത്തവണ ചാർജ് ചെയ്താൽ 300 കിലോമീറ്ററാണ് ‘ഇ എക്സ് യു വി 300’ പിന്നിടുക. ടാറ്റയുടെ ‘നെക്സൻ ഇ വി’യെ നേരിടാൻ എത്തുന്ന ‘ഇ എക്സ് യു വി 300’, സാധാരണ മോഡലിനെ അപേക്ഷിച്ച് രണ്ടു മുതൽ മൂന്നു ലക്ഷം രൂപ വരെ പ്രീമിയം വിലനിലവാരത്തിലാവും വിൽപ്പനയ്ക്കെത്തുക.താരതമ്യേന കുറഞ്ഞ വിലയ്ക്കു ലഭ്യമാവുമെന്നു കരുതുന്ന ‘ഇ കെ യു വി 100’ ആവട്ടെ ഒറ്റ ചാർജിൽ 150 കിലോമീറ്ററാവും പിന്നിടുക. 

അതേസമയം നിലവിൽ അവസാനഘട്ട മൊബിലിറ്റി വിഭാഗത്തിലാണു മഹീന്ദ്ര വൈദ്യുതവാഹന വിൽപനയ്ക്കുള്ള സാധ്യത തേടുന്നത്. ബാറ്ററിയിൽ ഓടുന്ന ത്രിചക്ര വാഹനങ്ങളുടെ സമ്പൂർണ ശ്രേണിതന്നെ മഹീന്ദ്രയ്ക്കുണ്ട്. കൂടാതെ കഴിഞ്ഞ ഓട്ടോ എക്സ്പോയിൽ പ്രദർശിപ്പിച്ച, വൈദ്യുത നാലു ചക്ര യാത്രാവാഹനമായ ‘ആറ്റം’ ഇക്കൊല്ലം തന്നെ വിൽപനയ്ക്കെത്തിക്കാനും മഹീന്ദ്രയ്ക്കു പദ്ധതിയുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com