ADVERTISEMENT

കോവിഡ് 19 മഹാമാരിയുടെ രണ്ടാം തരംഗത്തിൽ ഗുരുതര ഭീഷണി നേരിടുന്ന ഇന്ത്യയ്ക്കു പ്രാണവായു പകരാൻ ഓക്സിജൻ ഓൺ വീൽസ് പദ്ധതിയുമായി മഹീന്ദ്ര ആൻഡ് മഹീന്ദ്ര(എം ആൻഡ് എം).  കോവിഡ് 19’രോഗികൾ ചികിത്സയിൽ കഴിയുന്ന ആശുപത്രികളിലെ ഓക്സിജൻ ലഭ്യത ഉറപ്പാക്കാൻ ലക്ഷ്യമിട്ടാണു മഹീന്ദ്ര ലോജിസ്റ്റിക്സിന്റെ നേതൃത്വത്തിൽ ‘ഓക്സിജൻ ഓൺ വീൽസ്’ എന്നു പേരിട്ട സിലിണ്ടർ വിതരണ പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്.

‘ബൊലേറൊ’ പിക് അപ് ട്രക്കുകൾ വിന്യസിച്ചു മഹാരാഷ്ട്രയിലെ മുംബൈ, താനെ, പുണെ, ചക്കൻ, പിംപ്രി — ചിഞ്ച്വാഡ്, നാസിക്, നാഗ്പൂർ നഗരങ്ങളിലായിരുന്നു മഹീന്ദ്രയുടെ ‘ഓക്സിജൻ ഓൺ വീൽസ്’ പദ്ധതിയുടെ തുടക്കം. എന്നാൽ രാജ്യതലസ്ഥാനത്തെ ഗുരുതരാവസ്ഥ മുൻനിർത്തി ഡൽഹിയിലേക്കും പദ്ധതി വ്യാപിപ്പിച്ചതായി മഹീന്ദ്ര ഗ്രൂപ് ചെയർമാൻ ആനന്ദ് മഹീന്ദ്ര അറിയിച്ചു. അടിയന്തിര സാഹചര്യം നേരിടുന്ന ആശുപത്രികളിലേക്ക് രാജ്ഘട്ടിലെയും മായാപുരിയിലെയും ഓക്സിജൻ ഡിപ്പോകളിൽ നിന്ന് സിലിണ്ടറുകൾ എത്തിച്ചു തുടങ്ങിയെന്നും അദ്ദേഹം വെളിപ്പെടുത്തി. പദ്ധതിയുമായി ഡൽഹി സർക്കാർ സഹകരിക്കുന്നുണ്ടെന്നും വരും ദിനങ്ങളിൽ ഡൽഹിയിൽ ‘ഓക്സിജൻ ഓൺ വീൽസ്’ പ്രവർത്തനം വിപുലീകരിക്കുമെന്നും മഹീന്ദ്ര വ്യക്തമാക്കി.

കൊറോണ വൈറസ് വ്യാപനം രണ്ടാം തരംഗം സൃഷ്ടിക്കുകയും ‘കോവിഡ് 19’ മഹാമാരി മഹാരാഷ്ട്രയിൽ ഗുരുതര വെല്ലുവിളി ഉയർത്തുകയും ചെയ്തതോടെയാണ് മഹീന്ദ്ര ഓക്സിഡൻ സിലിണ്ടർ വിതരണത്തിനായി  പുതിയ പദ്ധതി ആവിഷ്കരിച്ചത്.  അത്യാസന്ന നിലയിലുള്ള രോഗികൾക്ക് ഓക്സിജൻ എത്തിക്കാൻ സാധിക്കുംവിധത്തിൽ പരിഷ്കരിച്ച, നൂറിലേറെ ‘ബൊലേറൊ’ പിക് അപ് ട്രക്കുകളാണു കമ്പനി ഈ ദൗത്യത്തിനായി വിന്യസിച്ചത്. 

ഓക്സിജൻ ഉൽപ്പാദന കേന്ദ്രങ്ങളിൽ നിന്നു സിലിണ്ടറുകൾ ആശുപത്രികളിലും രോഗികളുടെ വീടുകളിലുമെത്തിക്കുന്നതിലെ അപര്യാപ്തതകൾ പരിഹരിക്കാനാണ് ഈ പദ്ധതിയിലൂടെ മഹീന്ദ്ര ലക്ഷ്യമിടുന്നത്.മഹാരാഷ്ട്രയ്ക്കും ഡൽഹിക്കും പുറമെ ‘കോവിഡ് 19’ മഹാമാരി താണ്ഡവമാടുന്ന മറ്റു സംസ്ഥാനങ്ങളിലേക്കും നഗരങ്ങളിലേക്കും ‘ഓക്സിജൻ ഓൺ വീൽസി’ന്റെ പ്രവർത്തനം വ്യാപിപ്പിക്കാൻ മഹീന്ദ്ര തയാറെടുക്കുന്നുണ്ട്. ഓക്സിജൻ സിലിണ്ടർ വിതരണത്തിന് ആവശ്യമായ അനുമതികൾക്കായി വിവിധ സംസ്ഥാന സർക്കാരുകളുമായി മഹീന്ദ്ര ലോജിസ്റ്റിക്സ് ചർച്ചകളും നടത്തുന്നുണ്ട്.

‘കോവിഡ് 19’ ബാധിതരുടെ എണ്ണം കുതിച്ചുയർന്നതോടെ ശ്വാസതടസ്സം നേരിടുന്ന രോഗികൾക്ക് ആവശ്യമായ ഓക്സിജൻ യഥേഷ്ടം ലഭ്യമാവാത്തത് ആശുപത്രികളെ ഗുരുതര പ്രതിസന്ധിയിലേക്കു നയിച്ചിട്ടുണ്ട്. ഏതാനും ദിവസമായി ഇന്ത്യയിൽ നിത്യവും ശരാശരി മൂന്നര ലക്ഷത്തോളം പേർ പുതുതായി ‘കോവിഡ് 19’ ബാധിതരാവുന്നുണ്ടെന്നാണു കണക്ക്. ‘കോവിഡ് 19’ മൂലം നിത്യവും ജീവൻ നഷ്ടപ്പെടുന്നവരുടെ എണ്ണവും 3,500 കവിഞ്ഞിട്ടുണ്ട്.

English Summary: Mahindra's Oxygen on Wheels rolls out in Maharashtra, over 100 vehicles Deployed

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com