ADVERTISEMENT

നടപ്പു സാമ്പത്തിക വർഷം പുത്തൻ മോഡൽ അവതരണങ്ങളുടെ കാര്യത്തിൽ ചരിത്രം സൃഷ്ടിക്കുമെന്ന് റോയൽ എൻഫീൽഡ്. ആഭ്യന്തര വിപണിക്കൊപ്പം വിദേശ രാജ്യങ്ങളിലും പുതിയ മോഡലുകൾ അവതരിപ്പിക്കാൻ റോയൽ എൻഫീൽഡ് ഒരുങ്ങുന്നുണ്ട്. റോയൽ എൻഫീൽഡ് ഏറ്റവുമധികം പുതിയ മോഡലുകൾ അവതരിപ്പിക്കുന്ന വർഷമാവുമിതെന്നും കമ്പനി ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ വിനോദ് കെ ദാസരി അഭിപ്രായപ്പെട്ടു. ഒട്ടേറെ പുതുമോഡലുകൾ അവതരണ സജ്ജമായിട്ടുണ്ടെന്നും ഇവയെല്ലാം നടപ്പു സാമ്പത്തിക വർഷം തന്നെ പുറത്തിറക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കൊറോണ വൈറസ് വ്യാപനവും ‘കോവിഡ് 19’ മഹാമാരിയുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങൾ മൂലം നിലവിൽ മൂന്നു മാസത്തിനിടെ ഓരോ പുതിയ മോഡൽ ആണു കമ്പനി പുറത്തിറക്കുന്നത്. 

കോവിഡ് 19 മൂലമുള്ള കാലതാമസം നീങ്ങുന്നതോടെ പുതിയ മോഡലുകളുടെ അവതരണം ഗതിവേഗം കൈവരിക്കുമെന്നു ദാസരി  പ്രതീക്ഷ പ്രകടിപ്പിച്ചു. ഇതിനായി വിപണിയെ സജ്ജമാക്കാനും വിപണനം ഊർജിതമാക്കാനും നടപടി സ്വീകരിച്ചതായും അദ്ദേഹം വെളിപ്പെടുത്തി. ആഗോളതലത്തിൽ മത്സരക്ഷമതയുള്ള മോഡലുകൾ വികസിപ്പിക്കാൻ റോയൽ എൻഫീൽഡ് സവിശേഷ ശ്രദ്ധ പുലർത്തുന്നുണ്ടെന്ന് ഐഷർ മോട്ടോഴ്സ് മാനേജിങ് ഡയറക്ടറും ചീഫ് എക്സിക്യൂട്ടീവ് ഓഫിസറുമായ സിദ്ധാർഥ ലാൽ അറിയിച്ചു. തിരക്കിട്ടുള്ള അവതരങ്ങളല്ല റോയൽ എൻഫീൽഡ് നടത്തുന്നതെന്നും കർശനവും കഠിനവുമായ നടപടിക്രമങ്ങളാണു കമ്പനി പിന്തുടരുന്നതെന്നും ലാൽ അവകാശപ്പെട്ടു. കുറുക്കുവഴികൾ സ്വീകരിക്കാതെ, ലോകോത്തര നിലവാരമുള്ള മോഡലുകളാണ് റോയൽ എൻഫീൽഡ് അവതരിപ്പിക്കുകയെന്നും അദ്ദേഹം ഉറപ്പു നൽകി. ഗുണമേന്മയിൽ ജാപ്പനീസ്, ജർമൻ മോഡലുകളോടു കിട പിടിക്കുന്ന ഉൽപന്നങ്ങളാണു കമ്പനി ലഭ്യമാക്കുന്നതെന്നും അദ്ദേഹം വിശദീകരിച്ചു. 

നിലവിൽ ‘മീറ്റിയൊർ’, ‘ഇന്റർസെപ്റ്റർ’, ‘കോണ്ടിനെന്റൽ ജി ടി’, ‘ഹിമാലയൻ’, ‘ക്ലാസിക്’, ‘ബുള്ളറ്റ്’ എന്നീ മോട്ടോർ സൈക്കിളുകളാണു റോയൽ എൻഫീൽഡിന്റെ മോഡൽ ശ്രേണിയിലുള്ളത്.  രാജ്യത്തെ പ്രധാന നഗരങ്ങളിലും പട്ടണങ്ങളിലുമെല്ലാം റോയൽ എൻഫീൽഡ് സാന്നിധ്യം ഉറപ്പാക്കിയതായി ദാസരി അറിയിച്ചു. യു എസ്, യു കെ, വിവിധ യൂറോപ്യൻ രാജ്യങ്ങൾ, ലാറ്റിൻ അമേരിക്ക, മിഡിൽ ഈസ്റ്റ്, ദക്ഷിണ പൂർവ ഏഷ്യ തുടങ്ങി അൻപതോളം രാജ്യങ്ങളിൽ റോയൽ എൻഫീൽഡ് മോട്ടോർ സൈക്കിളുകൾ വിൽപ്പനയ്ക്കെത്തുന്നുമുണ്ട്. 

വിവിധ മേഖലകളിലെ വിൽപ്പന സാധ്യത വിലയിരുത്തി ചെറുതും വലുതുമായ പുതിയ ഷോറൂമുകൾ തുറക്കാനാണു കമ്പനി ലക്ഷ്യമിടുന്നതെന്നും ദാസരി വെളിപ്പെടുത്തി. മെച്ചപ്പെട്ട വിൽപ്പന — വിപണന സാധ്യത മുൻനിർത്തി വിദേശത്തു കൂടുതൽ ഷോറൂമുകൾ സ്ഥാപിക്കാനാണു റോയൽ എൻഫീൽഡിന്റെ പദ്ധതിയെന്നും അദ്ദേഹം വ്യക്തമാക്കി. 

English Summary: Royal Enfield says Current fiscal may see highest number of Model Launches

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com