ADVERTISEMENT

ഔഡിയുമായുള്ള സഹകരണം തുടരുകയാണെന്ന് ഇന്ത്യൻ ക്രിക്കറ്റ് ടീം നായകൻ വിരാട് കോലി. 2015 മുതൽ ഔഡി ഇന്ത്യയുടെ ബ്രാൻഡ് അംബാസഡറാണ് കോലി. ഒൻപതു വർഷം മുമ്പ് 2012ലാണു കോലി തന്റെ ആദ്യ ഔഡി കാർ സ്വന്തമാക്കുന്നത്; അതിനു മുമ്പുതന്നെ ഈ ബ്രാൻഡിന്റെ കടുത്ത ആരാധകനാണു താനെന്നു  കോലി തന്നെ വെളിപ്പെടുത്തുന്നു. ബാറ്റുമായി ക്രീസിൽ നിൽക്കുമ്പോഴും കാറിന്റെ സ്റ്റീയറിങ് വീലിനു പിന്നിൽ ഇരിക്കുമ്പോഴും സ്ഥിരതയുള്ള പ്രകടനവും സാങ്കേതികത്തികവുമാണു പൂർണതയെ നിർവചിക്കുന്നതെന്നു കോലി വ്യക്തമാക്കുന്നു. ബ്രാൻഡുമായി ഔപചാരികമായി ബന്ധപ്പെടുംമുമ്പു തന്നെ താനൊരു ഔഡി ആരാധകനാണെന്നും അദ്ദേഹം സ്ഥിരീകരിക്കുന്നു.

തന്റെ വ്യക്തിത്വവുമായി ചേർന്നു പോകുന്ന ചാരുതയും സ്പോർട്ടി ശൈലിയുമാണ് ഔഡി കാറുകൾക്കെന്നും കോലി കരുതുന്നു. ഔഡി ഇന്ത്യയുമായുള്ള ബന്ധം തുടരാൻ സാധിക്കുന്നതിൽ ആഹ്ലാദം പ്രകടിപ്പിച്ച കോലി, ബ്രാൻഡുമായുള്ള പങ്കാളിത്തം ട്വന്റി 20 മത്സരം പോലെയല്ല, ടെസ്റ്റ് മാച്ചിനു സമാനമാണെന്നും അഭിപ്രായപ്പെട്ടു. 

ഔഡി ഇന്ത്യയും ക്രിക്കറ്റ് താരങ്ങളുമായുള്ള ബന്ധം ആരംഭിച്ചിട്ടു വർഷങ്ങളായെന്ന് കമ്പനി മേധാവി ബൽബീർ സിങ് ധില്ലൻ ഓർമിപ്പിച്ചു. ഔഡിയുടെ പുരോഗമനാത്മകമായ പ്രീമിയം പ്രതിച്ഛായ പരിഗണിക്കുമ്പോൾ വിരാട് കോലിയുമായുള്ള ബന്ധം തുടരാൻ സാധിക്കുന്നത് ഏറെ ആഹ്ലാദകരമാണെന്നും അദ്ദേഹം വെളിപ്പെടുത്തി. 

ആദ്യമായി ലോകകപ്പ് കിരീടം നേടിയ ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ അംഗവും നിലവിൽ ദേശീയ ടീമിന്റെ പരിശീലകനുമായ രവി ശാസ്ത്രി വഴിയാണ് ഔഡി ഇന്ത്യയിൽ പ്രശസ്തമാവുന്നത്. ഓസ്ട്രേലിയയിൽ 1985ൽ നടന്ന ക്രിക്കറ്റ് വേൾഡ് ചാംപ്യൻഷിപ്പിലെ അഞ്ചു മത്സരങ്ങളിൽ നിന്നായി 182 റൺസും എട്ടു വിക്കറ്റും നേടിയ രവി ശാസ്ത്രി ‘ചാംപ്യൻ ഓഫ് ചാംപ്യൻസ്’ പട്ടവും സ്വന്തമാക്കി. ട്രോഫിക്കു പുറമെ ‘ഔഡി 100 സെഡാൻ’ ആയിരുന്നു ശാസ്ത്രിക്കുള്ള ഉപഹാരം; സമ്മാനമായി ലഭിച്ച കാറിൽ ഇന്ത്യൻ ടീമംഗങ്ങൾ സ്റ്റേഡിയം വലംവയ്ക്കുന്ന ദൃശ്യം ഇന്നും ക്രിക്കറ്റ് പ്രേമികൾ മറന്നുകാണില്ല. ഇന്ത്യയിലെത്തിച്ച കാറിന് എം എഫ് എ 100 എന്ന റജിസ്ട്രേഷൻ നമ്പറും ശാസ്ത്രിക്കു ലഭിച്ചു. തുടർന്നിങ്ങോട്ടും ഔഡി കാറുകളുടെ തികഞ്ഞ ആരാധകനാണു ശാസ്ത്രി.

English Summary: Cricketer Virat Kohli To Continue Association With Audi India

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com