ADVERTISEMENT

പറക്കും കാർ വികസന നടപടികൾ ത്വരിതപ്പെടുത്താൻ ഹ്യുണ്ടേയ് മോട്ടോർ കമ്പനി. പറക്കും കാർ വിൽപനയ്ക്കൊപ്പം ഈ മേഖലയിലെ മറ്റു സേവന സാധ്യതകൾ പ്രയോജനപ്പെടുത്താനും ഹ്യുണ്ടേയിക്കു പദ്ധതിയുണ്ട്. നഗരമേഖലകളിൽ പറക്കും കാർ അവതരിപ്പിക്കാനുള്ള പദ്ധതി നിശ്ചയിച്ച സമയക്രമത്തിലും മുമ്പേയാണു പുരോഗമിക്കുന്നതെന്നു ഹ്യുണ്ടേയ് നോർത്ത് അമേരിക്ക ചീഫ് എക്സിക്യൂട്ടീവ് ഓഫിറും ഹ്യുണ്ടേയ് ഗ്ലോബൽ ചീഫ് ഓപ്പറേറ്റിങ് ഓഫിസറുമായ ജോസ് മുനൊസ് വെളിപ്പെടുത്തി. യു എസിലെ പ്രധാന വിമാനത്താവളങ്ങളിൽ 2028ൽ തന്നെ പറക്കും ടാക്സികൾ യാഥാർഥ്യമായേക്കാമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ചിലപ്പോൾ 2025ൽ തന്നെ ഇത്തരം ടാക്സികൾ സേവനം ആരംഭിക്കാൻ സാധ്യതയുണ്ടെന്നും മുനൊസ് പ്രതീക്ഷ പ്രകടിപ്പിച്ചു. ഈ വിപണിയിൽ നിർണായക വളർച്ചാ സാധ്യതയാണു കമ്പനി കാണുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

അഞ്ചോ ആറോ പേർക്കു യാത്രാസൗകര്യമുള്ളതും ബാറ്ററിയിൽ നിന്നു കരുത്തു കണ്ടെത്തുന്നതുമായ എയർ ടാക്സികളാണു ഹ്യുണ്ടേയ് വികസിപ്പിക്കുന്നത്. ഗതാഗതക്കുരുക്കേറെയുള്ള നഗരങ്ങളിൽ നിന്നു വിമാനത്താവളത്തിലേക്കു സുഗമയാത്ര ഉറപ്പാക്കുകയാണ് ഈ എയർ ടാക്സികളുടെ ദൗത്യം. 

വ്യത്യസ്ത ആകൃതികളിലും വലിപ്പത്തിലുമുള്ള എയർ ടാക്സികൾ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ വികസന ഘട്ടത്തിലുണ്ട്. ജെറ്റ് എൻജിനു പകരം വൈദ്യുത മോട്ടോർ ഉപയോഗിക്കുന്നവയും കറങ്ങുന്ന ചിറകുള്ള വിമാനങ്ങളും പ്രൊപ്പല്ലറിനു പകരം റോട്ടർ ബ്ലേഡ് ഘടിപ്പിച്ചവയുമൊക്കെ അണിയറയിൽ ഒരുങ്ങുന്നുണ്ട്. ഹ്യുണ്ടേയിക്കു പുറമെ ടൊയോട്ട, ജനറൽ മോട്ടോഴ്സ്, ഡെയ്മ്‌ലർ, ഗീലി തുടങ്ങി വാഹന നിർമാതാക്കളൊക്കെ സ്വന്തം നിലയിലോ സ്റ്റാർട് അപ് കമ്പനികളുമായി സഹകരിച്ചോ ‘പറക്കും കാർ’ വികസിപ്പിക്കുന്നുണ്ട്. 

വാഷിങ്ടൺ ആസ്ഥാനമായിട്ടാണു ഹ്യുണ്ടേയിയുടെ പറക്കുംകാർ യൂണിറ്റിന്റെ പ്രവർത്തനം; നഗരമേഖലയിലെ വ്യോമഗതാഗത സൗകര്യ വികസനത്തിനായി 2025നുള്ളിൽ 150 കോടി ഡോളർ(ഏകദേശം 10,978 കോടി രൂപ)മുതൽമുടക്കുമെന്നും 2019ൽ തന്നെ കമ്പനി പ്രഖ്യാപിച്ചിരുന്നു. യു എസിലെ നിക്ഷേപം ഇതിന്റെ അഞ്ചിരട്ടിയായി ഉയർത്തുമെന്നായിരുന്നു കഴിഞ്ഞ മാസം ഹ്യുണ്ടേയ് വ്യക്തമാക്കിയത്; ‘പറക്കും കാർ’ അടക്കമുള്ള സ്മാർട് മൊബിലിറ്റി സൊല്യൂഷൻസിനും വൈദ്യുത വാഹന നിർമാണത്തിനും പ്ലാന്റുകളുടെ നവീകരണത്തിനുമൊക്കെയായി 2025നുള്ളിൽ 740 കോടി ഡോളർ(54,159 കോടിയോളം രൂപ) മുടക്കാനാണു ഹ്യുണ്ടേയിയുടെ പദ്ധതി. 

യാത്രക്കാർക്കു പുറമെ ചരക്കു നീക്കത്തിലും പങ്കാളിയാവാൻ ‘പറക്കും കാറി’നു കഴിയുമെന്നാണു ഹ്യുണ്ടേയിയുടെ വിലയിരുത്തൽ. അതുപോലെ, ‘പറക്കും കാർ’ വിൽപ്പനയിൽ മാത്രമായി പ്രവർത്തനം ഒതുക്കാതെ ഈ മേഖലയിൽ ലഭ്യമായ മറ്റു സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്താനും ഹ്യുണ്ടേയിക്ക് ആഗ്രഹമുണ്ട്. 

English Summary: Hyundai Accelerates Flying Car Efforts

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com