ADVERTISEMENT

ഉൽപന്ന ശ്രേണിയിലെ ഏറ്റവും വില കുറഞ്ഞ മോഡലായ ‘എക്സ് എൽ 100’ മോപ്പഡ് സ്വന്തമാക്കാൻ ആകർഷക വായ്പാപദ്ധതിയുമായി ടി  വി എസ് മോട്ടോർ കമ്പനി. ഏവർക്കും യാത്രാസൗകര്യം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ പ്രതിമാസത്തവണ(ഇ എം ഐ)യായി 1,470 രൂപ അടച്ച് ‘എക്സ് എൽ 100’ ഐ - ടച് സ്റ്റാർട് വകഭേദങ്ങൾ സ്വന്തമാക്കാനുള്ള അവസരമാണു ടി വി എസ് വാഗ്ദാനം ചെയ്യുന്നത്. പുതിയ മോപ്പഡ് വാങ്ങാനുള്ള പ്രതിമാസ ചെലവ് ഇതു മാത്രമാവുമെന്നും മറ്റു ഫീസൊന്നും ഈടാക്കില്ലെന്നുമാണു ടി വി എസ് വിശദീകരിക്കുന്നത്. 

അഞ്ചു വകഭേദങ്ങളിലാണ് ടി വി എസ് എക്സ് എൽ 100 വിൽപനയ്ക്കുള്ളത്: എക്സ് എൽ 100 ഹെവി ഡ്യൂട്ടി കിക്ക്സ്റ്റാർട്, എക്സ് എൽ 100 ഹെവി ഡ്യൂട്ടി  ഐ - ടച് സ്റ്റാർട്, എക്സ് എൽ 100 ഹെവി ഡ്യൂട്ടി  ഐ — ടച് സ്റ്റാർട് വിൻ എഡീഷൻ, ‘എക്സ് എൽ 100’ കംഫർട് കിക് സ്റ്റാർട്, എക്സ് എൽ 100 കംഫർട് ഐ — ടച് സ്റ്റാർട്. ഡൽഹി ഷോറൂമിൽ 41,015 രൂപ മുതലാണ് ‘എക്സ് എൽ 100’ ശ്രേണിയുടെ വില. 

നിത്യവും യാത്ര ചെയ്യുന്നവരും താഴ്ന്ന വരുമാനക്കാരുമായ ഉപയോക്താക്കൾക്ക് അനുയോജ്യമായ സഞ്ചാര സാധ്യത ഉറപ്പാക്കാനാണു പുതിയ വായ്പാ പദ്ധതി ആവിഷ്കരിച്ചതെന്നും ടി വി എസ് വ്യക്തമാക്കുന്നു. ടി വി എസ് ക്രെഡിറ്റ് സർവീസസ്, ശ്രീറാം ഫിനാൻസ്, എൽ ആൻഡ് ടി, ഐ ഡി എഫ് സി ഫസ്റ്റ് ബാങ്ക് തുടങ്ങിയ ധനകാര്യ സ്ഥാപനങ്ങളുമായി സഹകരിച്ചാണു ടി വി എസ് പുതിയ വായ്പാ പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്. നാലു വ്യത്യസ്ത കാലാവധിയുള്ള വാഹന വായ്പകളാണ് ഒരേ പ്രതിമാസത്തവണ(1,470 രൂപ) വ്യവസ്ഥയിൽ അവതരിപ്പിക്കുന്നതെന്നും ടി വി എസ് അവകാശപ്പെടുന്നു. 

വിലയുടെ ആദ്യ ഗഡുവായി 7,999 രൂപ അടച്ച് ‘എക്സ് എൽ 100’ മോപ്പഡ് സ്വന്തമാക്കിയ ശേഷം അവശേഷിക്കുന്ന തുകയ്ക്ക് 7.99% പലിശ നിരക്കിൽ വായ്പ ലഭ്യമാക്കുന്ന പദ്ധതിയും ടി വി എസിനുണ്ട്.ദൃഢതയേറിയ നിർമിതിയുടെയും വൈവിധ്യമാർന്ന ഉപയോഗക്ഷമതയുടെയും പണത്തിനൊത്ത മൂല്യത്തിന്റെയുമൊക്കെ പിൻബലത്തിൽ ചെറുകിട സംരംഭകർക്കും വ്യാപാരികൾക്കും കർഷകർക്കുമൊക്കെ അനുയോജ്യമായ ഇരുചക്രവാഹനമായി ‘എക്സ് എൽ 100’ മോപ്പഡിനെ ടി വി എസ് വളർത്തിയെടുത്തിട്ടുണ്ട്. 

ഇകോത്രസ്റ്റ് ഫ്യുവൽ ഇഞ്ചക്ഷൻ(ഇ ടി - എഫ് ഐ) സാങ്കേതിക വിദ്യയുടെ പിൻബലത്തിൽ 15% അധിക ഇന്ധനക്ഷമതയും ഇന്റഗ്രേറ്റഡ് സ്റ്റാർടർ ജനറേറ്റർ(ഐ എസ് ജി) സംവിധാനത്തിന്റെ സാന്നിധ്യത്താൽ മോപ്പഡിനു ശബ്ദരഹിതവും സുഗമവുമായി സ്റ്റാർടും ടി വി എസ് വാഗ്ദാനം ചെയ്യുന്നുണ്ട്. മോപ്പഡിലെ 99.7 സി സി, ഫോർ സ്ട്രോക്ക് എൻജിന് 6,000 ആർ പി എമ്മിൽ 4.3 ബി എച്ച് പിയോളം കരുത്തും 3,500 ആർ പി എമ്മിൽ 6.5 എൻ എം വരെ ടോർക്കും സൃഷ്ടിക്കാനാവും.

English Summary: New TVS XL 100 EMI Offer Launched – At Just Rs 49 Per Day

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com