ADVERTISEMENT

നിലവിൽ വിൽപനയിലുള്ള കാറുകളിൽ മുന്നിൽ ഇരട്ട എയർബാഗുകൾ ഘടിപ്പിക്കാനായി നിർമാതാക്കൾക്ക് നൽകിയ സമയപരിധി ഡിസംബർ 31 വരെ ദീർഘിപ്പിക്കാൻ കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം തീരുമാനിച്ചു. കൊറോണ വൈറസ് വ്യാപനം സൃഷ്ടിച്ച പ്രതിസന്ധി കണക്കിലെടുത്താണ് കാറുകളിൽ എയർബാഗ് ലഭ്യമാക്കാനുള്ള കാലാവധി നാലു മാസം കൂടി ദീർഘിപ്പിച്ചു നൽകിയത്. പുതുതായി നിരത്തിലിറങ്ങേണ്ട വാഹനങ്ങളിലാണ് മുൻനിര എയർബാഗ് നിർബന്ധം.

യാത്രക്കാരുടെ സുരക്ഷ മെച്ചപ്പെടുത്താനുള്ള നടപടികളുടെ ഭാഗമായാണ് ഇന്ത്യയിൽ വിൽക്കുന്ന കാറുകളിലെല്ലാം മുന്നിൽ ഇരട്ട എയർബാഗ് ഘടിപ്പിക്കണമെന്നു കേന്ദ്ര സർക്കാർ നിർദേശിച്ചത്. കഴിഞ്ഞ മാർച്ചിൽ വന്ന നിർദേശം പുതിയ മോഡലുകളിൽ ഏപ്രിൽ ഒന്നിനു തന്നെ നടപ്പാക്കിയിരുന്നു. എന്നാൽ നിലവിൽ വിൽപനയിലുള്ള പല കാറുകളിലും മുന്നിൽ ഡ്രൈവർക്കു മാത്രമാണ് എയർബാഗ് ലഭ്യമാവുന്നത്. റോഡ് സുരക്ഷയ്ക്കായി സുപ്രീംകോടതി നിയോഗിച്ച സമിതിയുടെ ശുപാർശ കൂടി പരിഗണിച്ചാണ് ഇന്ത്യൻ നിരത്തിലുള്ള വാഹനങ്ങളിൽ മുൻസീറ്റ് യാത്രികർക്ക് ഇരട്ട എയർബാഗ് നിർബന്ധമാക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചത്.

അതേസമയം, നിലവിലെ പ്രതികൂല സാഹചര്യം മുൻനിർത്തി കാറുകളിൽ ഇരട്ട എയർബാഗ് ഘടിപ്പിക്കാൻ സാവകാശം അനുവദിക്കണമെന്നു വാഹന നിർമാതാക്കളുടെ സൊസൈറ്റിയായ ‘സയാം’ ആവശ്യപ്പെട്ടിരുന്നു. ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേഡ്സ്(ബിസ്) നിഷ്കർഷിക്കുന്ന എ ഐ എസ് 145 നിലവാരം പാലിക്കുന്ന എയർബാഗുകൾ തന്നെ കാറുകളിൽ ഘടിപ്പിക്കണമെന്നും കേന്ദ്ര സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്.

ഇന്ത്യയിൽ വിൽപനയ്ക്കുള്ള പല എൻട്രി ലവൽ കാറുകളിലും മുൻസീറ്റ് യാത്രികരുടെ സുരക്ഷയ്ക്കായി എയർബാഗ് ലഭ്യമായിരുന്നില്ല. അധികമായി എയർബാഗ് ഘടിപ്പിക്കുന്നതോടെ വാഹന വില ഉയരുമെന്നതും കാർ നിർമാതാക്കൾ നേരിടുന്ന വെല്ലുവിളിയാണ്. മുൻസീറ്റ് യാത്രികർക്ക് എയർബാഗ് നിർബന്ധമാക്കിയതോടെ വാഹന സുരക്ഷാ സംവിധാന മേഖലയിൽ ആഗോളതലത്തിൽ തന്നെ മുൻനിരക്കായ ഓട്ടോലിവ് ഇന്ത്യയിലേക്കു പ്രവർത്തനം വ്യാപിപ്പിച്ചിരുന്നു. അപകടവേളയിൽ എയർബാഗ് വിന്യസിക്കാനുള്ള ചെറു സ്ഫോടനത്തിനു വഴിയൊരുക്കുന്ന ഇൻഫ്ളേറ്ററിന്റെ നിർമാതാക്കളാണ് ഓട്ടോലിവ്.

(അവലംബം: പി ടി ഐ)

English Summary: Govt extends deadline for mandatory dual airbags in existing cars till Dec 31

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com